ഓപ്പറേഷന്‍ സിന്ദൂരില്‍ ഭാരതം നേടിയ വമ്പന്‍ വിജയത്തിനുശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ദിരയെ ഉയര്‍ത്തിക്കാട്ടി മോദിയുടെ യശസ്സ് ചോദ്യം ചെയ്യാന്‍ ശ്രമം നടത്തുകയാണല്ലോ പ്രതിപക്ഷങ്ങളും മാധ്യമങ്ങളും. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്‌ക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണിത്. ഇന്ദിരാഗാന്ധി പാക്കിസ്ഥാനോട് നടത്തിയ തുറന്ന യുദ്ധത്തെ നരേന്ദ്രമോദി പാകിസ്ഥാനിലെ ഭീകരവാദികള്‍ക്ക് നല്‍കിയ കനത്ത തിരിച്ചടിയോട് താരതമ്യം ചെയ്യേണ്ട കാര്യമില്ല. സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന് പോലും പറയാനില്ലാത്ത ദ്രുതവും താല്‍ക്കാലികവുമായ എന്നാല്‍ അതിശക്തമായ തിരിച്ചടി ലോകശ്രദ്ധ ആകര്‍ഷിച്ചപ്പോഴാണ് മോദിജിയും ഭാരതവും ഇന്ന് ലോകത്തിന്റെ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ബംഗ്ലാദേശ് 1971വരെ പാക്കിസ്ഥാന്റെ ഭാഗമായ കിഴക്കന്‍ പാക്കിസ്ഥാന്‍ ആയിരുന്നു. പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്ന് കിഴക്കന്‍ പാക്കിസ്ഥാന് മോചനം വേണം എന്ന് ആഗ്രഹിച്ചിരുന്ന മുക്തിബാഹിനി സേന അവിടെ സ്വാതന്ത്ര്യ സമരത്തിന് ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. ചേരിചേരാനയം പുറമേക്ക് പറയുമായിരുന്നെങ്കിലും സോവിയറ്റ് യൂണിയനോട് അകമേ ഉണ്ടായിരുന്ന അടുപ്പം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒട്ടും മറച്ചു പിടിച്ചിരുന്നില്ല. സോവിയറ്റ് യൂണിയനിലെ പഞ്ചവത്സര പദ്ധതികളും ഖനവ്യവസായവും മറ്റും അതേപടി ഭാരതത്തില്‍ കോപ്പി ചെയ്യാനാണ് നെഹ്റു ശ്രമിച്ചത്. സോവിയറ്റ് യൂണിയനിലേതു പോലെ ചരിത്രം, വിദ്യാഭ്യാസം, സംസ്‌കാരം, പാരമ്പര്യം എന്നിവയ്‌ക്ക് തീരെ പ്രാധാന്യം കല്‍പ്പിക്കാതെ സാമ്പത്തിക വ്യാവസായിക രംഗങ്ങളില്‍ മാത്രമാണ് നെഹ്റു ശ്രദ്ധ പതിപ്പിച്ചത്. ഇക്കാര്യത്തില്‍ അച്ഛന്റെ അതേ നടപടികളാണ് ഇന്ദിര പിന്തുടര്‍ന്നത്.
ഇന്ത്യ സോവിയറ്റ് ചേരിയിലേക്ക് മാറിയപ്പോള്‍ അമേരിക്ക പാക്കിസ്ഥാനെ സ്വന്തം ചേരിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ വിജയിച്ചു. ഇതില്‍ കുപിതനായ സോവിയറ്റ് പ്രസിഡന്റ് ബ്രഷ്നേവ് പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനായി ആ രാജ്യത്തെ രണ്ടായി പിളര്‍ക്കാന്‍ നിശ്ചയിച്ചു. ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സോവിയറ്റ് ചേരിയില്‍ കൊണ്ടുവരണമെന്ന് ആയിരുന്നു സോവിയറ്റ് യൂണിയന്റെ ആഗ്രഹം. പക്ഷേ പാക്കിസ്ഥാന്‍ അതിന് അനുവദിക്കാതെ അമേരിക്കന്‍ ചേരിയിലേക്ക് മാറിയപ്പോള്‍ സോവിയറ്റ് യൂണിയന്റെ ശത്രുപക്ഷത്ത് കണ്ണിലെ കരടായി പാക്കിസ്ഥാന്‍ മാറി. അതുകൊണ്ടുതന്നെ പാക്കിസ്ഥാനില്‍ നിന്ന് മോചനം ആഗ്രഹിച്ച ബംഗ്ലാദേശിന്റെ മുക്തിബാഹിനിയെ പരോക്ഷമായി പിന്തുണയ്‌ക്കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിക്കുകയും അതിനായി ഇന്ത്യയെയും ഇന്ദിരയെയും ഉപയോഗപ്പെടുത്തിക്കൊണ്ട് യുദ്ധത്തിന് പിന്തുണ നല്‍കുകയും ആണ് ചെയ്തത്. സോവിയറ്റ് യൂണിയന്റെ കാര്യസാധ്യത്തിന് വേണ്ടി അവരുടെ ഉറച്ച പിന്തുണയോടെയും ആയുധബലത്തിലും ആണ് ഇന്ദിരാഗാന്ധി മുക്തിബാഹിനിയെ കൂട്ടുപിടിച്ച് പാക്കിസ്ഥാനെ പിളര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയത്. ബ്രഷ് നേവ് ഇന്ദിരയ്‌ക്ക് കൊട്ടേഷന്‍ കൊടുത്തു എന്ന് പറയാം. ഇന്ദിരാഗാന്ധിയും ബ്രഷ്നേവും കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇത്തരം കരാറിന്റെയോ ഏതെങ്കിലും രാഷ്‌ട്രത്തിന്റെയോ പിന്തുണ ഉറപ്പാക്കിയിട്ടല്ല മോദിജി 2025ല്‍ പാക്കിസ്ഥാനെയും ഭീകര പ്രസ്ഥാനങ്ങളെയും നേരിട്ടത്. ഏറ്റുമുട്ടല്‍ ആരംഭിച്ചപ്പോള്‍ത്തന്നെ സാമ്പത്തിക ഞെരുക്കം കൊണ്ട് വലഞ്ഞ പാക്കിസ്ഥാന് ഐഎംഎഫ് വായ്പ നല്‍കി സഹായിക്കുകയും ചെയ്തു. എന്നാല്‍ ഈ അവസരത്തില്‍ ആയുധം വാങ്ങാന്‍ പാക്കിസ്ഥാനെ സാമ്പത്തികമായി സഹായിക്കരുത് എന്ന് ഐഎംഎഫിനോട് പറയാന്‍ ഒരൊറ്റ രാജ്യം പോലും ഇന്ത്യയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല.
ഈ ഏറ്റുമുട്ടലിന് യഥാര്‍ത്ഥ വഴിമരുന്നിട്ട പഹല്‍ഗാം ആക്രമണത്തിന് കാരണമായത് ഇന്ത്യന്‍ സുപ്രീംകോടതിയുടെ തിടുക്കപ്പെട്ടുഉള്ള ഒരു തീരുമാനമാണ് എന്ന് കാണാം. 370-ാം വകുപ്പ് എടുത്തു കളഞ്ഞതിനെതിരെയും കാശ്മീരില്‍ സംസ്ഥാനം കേന്ദ്രഭരണപ്രദേശം എന്നിങ്ങനെ പുനര്‍നിര്‍ണയം നടത്തിയതിനെതിരെയും പ്രതിപക്ഷ കക്ഷികളും നേതാക്കളും സുപ്രീംകോടതിയില്‍ കൊടുത്ത കേസില്‍ വളരെ വേഗം സുപ്രീംകോടതി തീരുമാനമെടുക്കുകയും ഇലക്ഷന്‍ കമ്മീഷന്റെ അധികാരത്തെ കവര്‍ന്നെടുത്തുകൊണ്ട് 2024 മേയ് 30ന് തിരഞ്ഞെടുപ്പ് നടത്തിയേ പറ്റൂ എന്ന് ഉത്തരവിടുകയും ചെയ്തു. ജമ്മു കാശ്മീരിന്റെ പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പാകുന്നത് വരെ അവിടത്തെ അധികാരം ജനാധിപത്യ ഗവണ്‍മെന്റുകള്‍ക്ക് നല്‍കിയാല്‍ ക്രമസമാധാന നില കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല എന്ന ബിജെപി നിര്‍ദേശത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാര്‍ സുരക്ഷാകാര്യത്തില്‍ വരുത്തിയ ഗുരുതര അശ്രദ്ധയും വിട്ടുവീഴ്ചയുമാണ് പഹല്‍ഗാം ആക്രമണത്തിന് കാരണമായത്. (മണിപ്പൂര്‍ വിഷയവും തുടങ്ങിവച്ചത് അവിടുത്തെ ചീഫ് ജസ്റ്റിസ് ന്റെ ഒരു ഉത്തരവാണ് എന്ന് ഓര്‍ക്കണം ).
1971ല്‍ രാജ്യത്തെ മാധ്യമങ്ങളെല്ലാം ഇന്ദിരാഗാന്ധിക്ക് ഒപ്പം നിന്ന അവസ്ഥയോട് 2025നെ താരതമപ്പെടുത്താനാവില്ല. മാധ്യമലോകം മോദിയെ വേട്ടയാടുന്ന സമയത്താണ് ഭീകരാക്രമണം സംഭവിക്കുന്നത്. അതിനു തിരിച്ചടി നല്‍കിയ നാലോ അഞ്ചോ ദിവസം മാത്രമാണ് ഭാരതത്തിലെ മാധ്യമങ്ങള്‍ മോദിയോട് ഒപ്പം നിന്നത്. 1971ല്‍ ആറുമാസത്തെ മുന്നൊരുക്കത്തിന് ശേഷം മാത്രമാണ് തുറന്ന യുദ്ധപ്രഖ്യാപനത്തോടെ ഇന്ദിരാഗാന്ധി പാക്കിസ്ഥാനോട് റഷ്യന്‍ പിന്തുണയോടെ ഏറ്റുമുട്ടുന്നത്. നരേന്ദ്രമോദിക്ക് യാതൊരുവിധത്തിലുള്ള മുന്നൊരുക്കത്തിനും സമയം കിട്ടിയിരുന്നില്ല.
മേക്കിങ് ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിക്കപ്പെട്ട 80 ശതമാനം ആയുധങ്ങളോടുകൂടിയാണ് നരേന്ദ്രമോദി ഈ പോരാട്ടം നടത്തിയത്. ഭീകരരെ മാത്രം ലക്ഷ്യം വെച്ചുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ് മോദിജി ചെയ്തതെങ്കില്‍ ഇന്ദിര നടത്തിയത് തുറന്ന യുദ്ധമാണ്. അന്ന് ഇന്ദിരയോട് ആരും തെളിവു ചോദിച്ചിരുന്നില്ല. മോദിജിക്ക് ഓരോ ആക്രമണത്തിന്റെയും വീഡിയോയും ഫോട്ടോയും സഹിതം എല്ലാ തെളിവുകളും ഹാജരാക്കേണ്ടി വന്നു.
1971ല്‍ സോവിയറ്റ് യൂണിയന്റെ തോളില്‍ ഇരുന്നാണ് ഇന്ദിര യുദ്ധം ജയിച്ചത്. മോദിജി ലോകത്തെ മുഴുവന്‍ തോളില്‍ എടുത്തുകൊണ്ടാണ് യുദ്ധ രംഗത്തേക്ക് പോയത്. എല്ലാ അന്താരാഷ്‌ട്ര മര്യാദകളും പാലിച്ചുകൊണ്ടാണ് നരേന്ദ്രമോദി പാക്കിസ്ഥാനോട് ഏറ്റുമുട്ടിയത്. ഇന്ദിരാഗാന്ധിക്ക് അത്തരം തടസ്സങ്ങള്‍ ഒന്നും അന്ന് നേരിടേണ്ടിവന്നില്ല. 2025ലെ ഏറ്റുമുട്ടലില്‍ ഭാരതത്തിന് കിട്ടിയത് എണ്ണി എണ്ണി പറയാന്‍ കഴിയുന്ന നിരവധി നേട്ടങ്ങളാണെങ്കില്‍ 1971ല്‍ ബംഗ്ലാദേശ് എന്നൊരു രാഷ്‌ട്രം സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. അത് നമുക്ക് അതിലേറെ നഷ്ടങ്ങളാണ് സമ്മാനിച്ചത്. 93000 പാക്ക് പട്ടാളക്കാരെ തടവുകാരായി നാം പിടിച്ചുവെങ്കിലും അവരെയെല്ലാം വിട്ടു നല്‍കേണ്ടി വന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു നാം പിടിച്ചടക്കിയ 13,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയും തിരികെ നല്‍കേണ്ടി വന്നു. പാക്ക് അധീന കാശ്മീര്‍ ഇന്ത്യയ്‌ക്ക് പിടിച്ചു നല്‍കാമെന്ന് അന്നത്തെ സോവിയറ്റ് യൂണിയന്‍ പറഞ്ഞിട്ടും ഇന്ദിരാഗാന്ധി അതിനു തയ്യാറായതുമില്ല.
1971ല്‍ ഭാരതത്തിന്റെ ജി ഡി പി 5.5 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നു എങ്കില്‍ യുദ്ധത്തിനുശേഷം അത് മൈനസ് പോയിന്റ് 5 8% ആയി തകര്‍ന്നു. 25% പണപ്പെരുപ്പം വര്‍ദ്ധിച്ചു. എന്നാല്‍, ഇക്കഴിഞ്ഞ ഏറ്റുമുട്ടലിനു ശേഷം 2025ല്‍ ഭാരതത്തിന്റെ സാമ്പത്തിക രംഗം കുതിച്ചു മുന്നേറുകയാണ്.
1971 ഇന്ദിരാഗാന്ധിക്ക് രാജ്യത്തിന് അകത്തുനിന്നുള്ള ഭീകരവാദികളെയും പുറത്തുനിന്നുള്ള പാക്കിസ്ഥാനെയും ഒരുപോലെ നേരിടേണ്ടി വന്നില്ല. മോദിജിക്ക് ഇത് രണ്ടും ഒരേ സമയം നേരിടേണ്ടി വന്നു. നിരന്തരമായ വിദേശ സന്ദര്‍ശനങ്ങളും പല രാജ്യങ്ങളുമായി നാമുണ്ടാക്കിയ കരാറുകളും വിദേശത്തുനിന്ന് വന്‍തോതില്‍ വലിയ വില കൊടുത്തു വാങ്ങിയ ആയുധങ്ങളും സാങ്കേതികവിദ്യകളും അവയെല്ലാം സ്വദേശത്ത് തന്നെ പുനര്‍നിര്‍മ്മിക്കാന്‍ നാം നേടിയെടുത്ത കരാറുകളും അതീവ വേഗത്തില്‍ ഭാരതം കൈവരിച്ച ആയുധ നിര്‍മ്മാണ പുരോഗതിയും ആണ് 2025ല്‍ നമ്മുടെ വിജയം അനായാസമാക്കിയത്. എന്നാല്‍ മേല്‍പ്പറഞ്ഞ നടപടികള്‍ക്കെല്ലാം എതിരെ കോടതിയില്‍ പോയ ഒരു പ്രതിപക്ഷവും അതിനെ ഉയര്‍ത്തിപ്പിടിച്ച മാധ്യമ പക്ഷവും ആണ് ഭാരതത്തില്‍ ഉണ്ടായിരുന്നത്. അവരോട് കൂടിയാണ് മോദിജി ഏറ്റുമുട്ടി വിജയിച്ചത്.
1971 ഇന്ദിര ഏറ്റുമുട്ടുമ്പോള്‍ പാക്കിസ്ഥാന്‍ ആണവരാജ്യം ആയിരുന്നില്ല. ചൈന അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെ സായുധ സാമ്പത്തിക സഹായം അന്ന് പാക്കിസ്ഥാന് ഉണ്ടായിരുന്നുമില്ല. യുദ്ധത്തിനുശേഷം ശക്തമാകുന്ന സമ്പദ് വ്യവസ്ഥയാണ് മോദിജി ഭാരതത്തിന് നല്‍കിയത്. നമ്മുടെ സ്വയം നിര്‍മ്മിത ആയുധങ്ങള്‍ ഇന്ന് 100ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. സ്വകാര്യമേഖലയിലെ നിരവധി ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ എല്ലാം കൃത്യമായ ശക്തിയും പ്രഹര ശേഷിയും ഉള്ളതാണ് എന്ന് ഈ പോരാട്ടത്തില്‍ തെളിയിക്കാനും കഴിഞ്ഞു. അമേരിക്കയെക്കാളും ഇസ്രയേലിനെക്കാളും കൃത്യതയോടെ യുദ്ധം ചെയ്യാനുള്ള സാങ്കേതിക മികവ് ഇന്ന് ഭാരതത്തിനുണ്ട് എന്ന് ലോകം കണ്ടറിഞ്ഞു.
1971 യുദ്ധത്തിനുശേഷം ഭാരതത്തിന് പാക്കിസ്ഥാന്റെ മേല്‍ യാതൊരു പ്രത്യേക അധികാരങ്ങളും ചെലുത്താന്‍ സാധിച്ചില്ല. അതിനാല്‍ പാക് അധീന കാശ്മീരും കാശ്മീരിലെ പണ്ഡിറ്റുകളും എല്ലാം കൊടിയ യാതന അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, സിന്ധു നദീജല കരാര്‍ റദ്ദാക്കിയിടത്ത് തന്നെ നാം ഉറച്ചുനില്‍ക്കുന്നു. പാക്കിസ്ഥാന് നല്‍കിവരുന്ന മരുന്നും ഭക്ഷണവും പോലെയുള്ള സഹായങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു. പാകിസ്ഥാനികളായിട്ടുള്ള എല്ലാ പൗരന്മാരും ഇന്ത്യ വിട്ടു പോകണം എന്ന നിര്‍ദ്ദേശം നടപ്പിലാക്കിയിരിക്കുന്നു. പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാര കരാറുകളും ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. പാക്കിസ്ഥാന്റെ വിമാനങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തിക്ക് മുകളില്‍ പറക്കാന്‍ പാടില്ല എന്ന് ഉത്തരവിട്ടിരിക്കുന്നു. സര്‍വ്വോപരി പാക്കിസ്ഥാനെ ഭീകരതയുടെ യൂണിവേഴ്സിറ്റി എന്ന് മുദ്ര കുത്തുന്നതില്‍ അന്താരാഷ്‌ട്ര രംഗത്ത് വിജയിക്കുകയും ചെയ്തിരിക്കുന്നു. ഇനിമേലില്‍ ഏതൊരു ഭീകര പ്രവര്‍ത്തനവും ഇന്ത്യയ്‌ക്കു നേരെ ഉണ്ടായാല്‍ അത് പാക്കിസ്ഥാന്റെ യുദ്ധപ്രഖ്യാപനം ആയി പരിഗണിച്ചു തിരിച്ചടിക്കും എന്ന് ലോകത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇത്തരം നേട്ടങ്ങളോട് താരതമ്യപ്പെടുത്താന്‍ 1971ലെ ഇന്ദിരാഗാന്ധിയുടെ യുദ്ധവിജയത്തിന് സാധിക്കുമോ എന്ന് സ്വയം ചിന്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: