ന്യൂഡൽഹി: പാക് അധീന കശ്മീര്‍ ഇന്ത്യയ്‌ക്ക് തിരികെ നല്‍കണമെന്ന സുപ്രധാന നിലപാട് പ്രഖ്യാപനവുമായി ഇന്ത്യ. കശ്മീരില്‍ നിലനില്‍ക്കുന്ന ഏക വിഷയം പാക് അധീന കശ്മീര്‍ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ദീര്‍ഘകാലമായി ഇന്ത്യയ്‌ക്കുള്ളത്. ആ നയത്തില്‍ മാറ്റമുണ്ടായിട്ടില്ല. പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടുതരിക എന്നതാണ് ഇപ്പോഴുള്ള പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുണ്ടായ വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനുള്ള ആവശ്യമുന്നയിച്ചത് പാകിസ്താനാണ്. ചർച്ച നടന്നത് ഡിജിഎംഒ തലത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേനയുടെ കരുത്താണ് പാകിസ്താനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. വെടിനിർത്തൽ ധാരണയിൽ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകും. എന്നാൽ, ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: