ന്യൂദൽഹി : ഇന്ത്യയ്‌ക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെല്ലാം ആകാശത്തുവച്ചുതന്നെ തകർക്കാൻ ഇന്ത്യയ്‌ക്കു സാധിച്ചു. ആ രാത്രിയിൽ ഒരു കാര്യം കൂടി ഇന്ത്യയ്‌ക്കു മനസ്സിലായി. ഇന്ത്യൻ അതിർത്തിയിലേക്ക് പാക്കിസ്ഥാൻ അയച്ച 300–400 ഡ്രോണുകളെങ്കിലും തുർക്കിയിൽ നിർമിച്ചതാണ്. പലയിടങ്ങളിലായി പതിച്ച ഡ്രോൺ ഭാഗങ്ങൾ പരിശോധിച്ചതിൽനിന്ന് ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ലേ മുതൽ സർ ക്രീക്ക് വരെ സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത് തുർക്കി നിർമിത സോംഗർ അസിസ്ഗാർഡ് (SONGAR ASISGUARD) ഡ്രോണുകൾ ഉപയോഗിച്ചാണെന്നായിരുന്നു കണ്ടെത്തല്‍. തുർക്കി സായുധ സേന ഉപയോഗിച്ച ആദ്യത്തെ തദ്ദേശ നിർമിത ഡ്രോണാണിത്. അതാണ് പാക്കിസ്ഥാന് കൈമാറിയതും.
ഇതിന്മേല്‍ കൂടുതൽ പരിശോധന നടത്തി വരികയാണെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും മേയ് എട്ടിനു നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതിനാൽ ഇപ്പോൾ ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കി ബഹിഷ്‌കരിക്കാൻ ആരംഭിച്ചു.
ഇന്ത്യക്കാർക്ക് രാജ്യത്തേക്കുള്ള യാത്രകൾ മാറ്റിവയ്‌ക്കാനോ റദ്ദാക്കാനോ ഒരു കാരണവുമില്ലെന്നും ഇന്ത്യക്കാരെ ബാധിക്കുന്ന നിയന്ത്രണങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ലെന്നും തുർക്കി ടൂറിസം വകുപ്പ് കത്തിൽ പറയുന്നു.ഇന്ത്യക്കാർ തിരിച്ചുവരാനും അവർ അപേക്ഷിക്കുന്നു. ഇന്ത്യൻ വിനോദസഞ്ചാരികൾ രാജ്യത്തേക്കുള്ള യാത്രകൾ റദ്ദാക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്യരുതെന്നാണ് തുർക്കിയുടെ അപേക്ഷ .
എന്നാൽ ഇതിന് മറുപടിയായി തുർക്കിയെ വിമർശിച്ച് പലരും രംഗത്തെത്തി . പാകിസ്ഥാനെ ആയുധമാക്കാൻ അതേ പണം ഉപയോഗിക്കുന്ന ഒരു രാജ്യത്ത് ടൂറിസത്തിനായി ഇന്ത്യക്കാർ പണം ചെലവഴിക്കില്ല. മറ്റെവിടെയെങ്കിലും നിങ്ങളുടെ വിനോദസഞ്ചാരികളെ അന്വേഷിക്കുക, ഞങ്ങളുടെ പണം രക്തപ്പണമല്ല,” ശിവസേന എംപി പ്രിയങ്ക ചതുർവേദി കുറിച്ചു.‘ ഇപ്പോൾ വിനോദസഞ്ചാരികൾ പാകിസ്ഥാനിൽ നിന്ന് ഭിക്ഷാപാത്രവുമായി വരും‘ എന്നും ചിലർ കമന്റ് ചെയ്തു.
പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതിന്റെ പേരിൽ ഈസ് മൈ ട്രിപ്പ്, കോക്സ് & കിംഗ്സ് എന്നീ ഇന്ത്യൻ ട്രാവൽ ഏജൻസികൾ തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ യാത്രാ പാക്കേജുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: