തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയില്‍ പ്രതി കേദൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തം തടവും പതിനഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതി. പിഴത്തുക അമ്മാവനായ ജോസിന് നല്‍കണമെന്ന വിധിച്ച കോടതി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും നിരീക്ഷിച്ചു. 2017 ഏപ്രില്‍ ഒമ്പതിന് പുറംലോകമറിഞ്ഞ കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാനസിക പ്രശ്നമുണ്ടെങ്കിൽ ഉറ്റവരെ കൊല്ലാൻ പ്രതിക്ക് എങ്ങനെ സാധിച്ചു എന്നും പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പ്രതിയുടെ പ്രായം കൂടി പരിഗണിക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.
കോടതി ഇന്ന് ശിക്ഷ വിധിക്കുമ്പോൾ കേരളം ഞെട്ടലോടെയാണ് സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നത്. 2017 ഏപ്രില്‍ എട്ടിനാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. അതിസുരക്ഷാ കേന്ദ്രമായ നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപത്തെ ‘ബെയിന്‍സ്’ കോമ്പൗണ്ട് 117-ാം നമ്പര്‍ വീട്ടിലെ റിട്ട. പ്രൊഫ രാജ തങ്കം(60), ഭാര്യ ഡോ. ജീന്‍ പദ്മ(58), മകള്‍ കരോലിന്‍ (25), ബന്ധു ലളിത(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ലളിതയുടെ മൃതദേഹം ഒഴികെ ബാക്കി മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ആസൂത്രിത കൊലപാതകം
ബെയിന്‍സ് കോമ്പൗണ്ടിലെ വലിയ വീട്ടില്‍ തീപ്പിടിത്തമുണ്ടായതായാണ് കൂട്ടക്കൊല പുറത്തറിയാന്‍ കാരണമായത്. വീടിന്റെ മുകള്‍ നിലയിലെ തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധേയില്‍പ്പെട്ടതോടെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയതോടെയാണ് മുകള്‍ നിലയിലെ കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന കേഡല്‍ ജീന്‍സണ്‍ രാജയെ കാണാതായതും സംശയം ഉയര്‍ത്തി. പാതി കത്തിക്കരിഞ്ഞ നിലയില്‍ ഇരുമ്പ്, തുണി, പ്ലാസ്റ്റിക് എന്നിവ കൊണ്ടുണ്ടാക്കിയ മനുഷ്യന്റെ ഡമ്മിയും കുളിമുറിയിലുണ്ടായിരുന്നു. രണ്ട് വെട്ടുകത്തി, ചോരപുരണ്ട മഴു എന്നിവയും കണ്ടെടുത്തു. കേഡല്‍ നടത്തിയത് ആസൂത്രിതമായ കൊലപാതകമാണെന്നായിരുന്നു പരിശോധനയ്‌ക്ക് ശേഷം പോലീസിന്റെ കണ്ടെത്തല്‍. മാതാപിതാക്കളും സഹോദരിയുമാണ് ആദ്യം കേഡലിന്റെ കൊലക്കത്തിക്കിരയായത്. ഏറ്റവുമൊടുവില്‍ ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവായ ലളിതയെയും കേഡല്‍ കൊലപ്പെടുത്തി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് താന്‍ പുതുതായി നിര്‍മിച്ച സോഫ്റ്റ് വെയര്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് അമ്മയെയാണ് കേഡല്‍ വീടിന്റെ മുകള്‍നിലയിലേക്ക് ആദ്യം കൊണ്ടുപോയത്. പിന്നാലെ മുകള്‍ നിലയിലെത്തിയ അച്ഛനെയും മുറിയിലിട്ട് കൊന്നു. ഓസ്‌ട്രേലിയയിലെ സുഹൃത്തിനോട് സംസാരിക്കാനെന്ന് പറഞ്ഞ് സഹോദരിയെയും മുറിയിലെത്തിച്ച പ്രതി ഇവരെയും മഴുകൊണ്ട് വെട്ടിക്കൊന്നു.
വിഷം നല്‍കി കൊല്ലാനുള്ള നീക്കം പൊളിഞ്ഞു
കൊലപാതകം നടത്തുന്നതിനായി ഏപ്രില്‍ മൂന്നാം തീയതി മുതല്‍ കേഡല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ആദ്യം പിതാവിനെ മാത്രം കൊലപ്പെടുത്താനായിരുന്നു പദ്ധതി. പിന്നീട് എല്ലാവരെയും വകവരുത്താന്‍ തീരുമാനിച്ചു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കുടുംബാംഗങ്ങളെ ഇല്ലാതാക്കാനായിരുന്നു പ്രതി ആദ്യം ശ്രമിച്ചത്. ഇതിനായി ബ്രെഡ്ഡില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും കുറച്ചുമാത്രം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ രാജ തങ്കവും ജീന്‍ പദ്മയും ചികിത്സ തേടി. ഇതിനുപിന്നാലെയാണ് എല്ലാവരെയും വെട്ടിക്കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്. മാതാപിതാക്കളെയും സഹോദരിയെയും മുകള്‍ നിലയിലെ മുറിയില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. തീ ഉയര്‍ന്നതോടെ കേഡല്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി. നേരേ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി ഇവിടെ നിന്ന് ചെന്നൈയിലെത്തി. ചെന്നൈയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ പോലീസ് തന്നെ തിരയുന്നതായി മനസിലാക്കി തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ന്ന് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതിന് പിന്നാലെ കേഡല്‍ പിടിയിലാകുകയായിരുന്നു.
അച്ഛന്റെ ശകാരം മനസില്‍ പകയായി ഉറഞ്ഞു
കൊല്ലപ്പെട്ട രാജ തങ്കം മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളജിലെ പ്രൊഫസറായിരുന്നു. ഡോ. ജീന്‍ പദ്മ തിരുവനനന്തപുരം ജനറല്‍ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയംവിരമിച്ച് സൗദി അറേബ്യയിലും ബ്രൂണെയിലും ജോലിചെയ്തു. മകള്‍ കരോലിന്‍ ചൈനയില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. കേഡലും വിദേശത്താണ് പഠിച്ചത്. ഓസ്‌ട്രേലിയയില്‍ ആദ്യം മെഡിക്കല്‍ പഠനത്തിനാണ് കേഡലിനെ ചേര്‍ത്തത്. എന്നാല്‍, ഇത് പൂര്‍ത്തിയാക്കതെ കമ്പ്യൂട്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിന് ചേര്‍ന്നു. വിദേശത്ത് മെഡിക്കല്‍ പഠനത്തിന് അയച്ചിട്ടും അത് പൂര്‍ത്തിയാക്കാതെ വന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമായില്ല. അച്ഛന്‍ ഇതുപറഞ്ഞ് ഇടയ്‌ക്ക് ശകാരിക്കുമായിരുന്നു. ഇതെല്ലാം കേഡലിന് കൊലപാതകത്തിന് പ്രേരണയായെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: