Kerala

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്

Published by

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയില്‍ വാദം നാളെ. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും മഴു കൊണ്ട് വെട്ടിക്കൊന്ന് കത്തിച്ച കേസിലെ ഏകപ്രതിയാണ് കേദല്‍ ജിന്‍സണ്‍ രാജ.

2017 ഏപ്രില്‍ അഞ്ചിനാണ് അച്ഛന്‍ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കേദല്‍ കൊല ചെയ്തത്.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കുടുംബാംഗങ്ങളോടുള്ള പകയാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. രണ്ട് തവണ കേദലിനെ വിദേശത്ത് പഠിക്കാനയച്ചു. എന്നാല്‍ ഇയാള്‍ തിരിച്ചുവന്നു. ഇതില്‍ അച്ഛന്‍ വഴക്കു പറഞ്ഞു.തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിന് കാരണമായത്.

താന്‍ കംപ്യൂട്ടര്‍ പ്രോഗ്രാം തയാറാക്കിയിട്ടുണ്ടെന്നും അത് കാണിക്കാമെന്നും പറഞ്ഞാണ് അമ്മയെ കേദല്‍ മുകള്‍ നിലയിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. കസേരയില്‍ ഇരുത്തി, ഓണ്‍ലൈനായി വാങ്ങിയ മഴു ഉപയോഗിച്ച് കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തി. അചഛനെയും സഹോദരിയെയും ഇതുപോലെ തന്നെ കൊല ചെയ്തു.ഇവരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന അന്ധയും വയോധികയുമായ ലളിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, കേദലിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം സാക്ഷ്യപ്പെടുത്തിയിരുന്നു.മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രതി അഭിനയിക്കുകയായിരുന്നു. 2017 ഏപ്രില്‍ 5 നാണ് ആദ്യത്തെ 3 കൊലപാതകങ്ങളും നടത്തുന്നത്. രണ്ട് ദിവസം കഴിഞ്ഞ് ലളിതയെ കൊലപ്പെടുത്തി. എട്ടാം തീയതി ഈ മൃതദേഹങ്ങളെല്ലാം കൂട്ടിയിട്ട് കത്തിച്ചു. പുകയും ദുര്‍ഗന്ധവും ഉണ്ടായപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് കേദല്‍ ഓടി രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് പോയ പ്രതി പത്താം തീയതി തിരികെയെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by