ദേശീയ സാങ്കേതിക ദിനമായിരുന്നു ഇന്നലെ. 1998 മെയ് 11 ന് രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന ആണവ പരീക്ഷണ വിജയത്തിന്റെ സൂചനാര്‍ത്ഥമാണ് ഭാരതം ദേശീയ സാങ്കേതിക ദിനം ആചരിച്ചു പോരുന്നത്. 1945 ല്‍ ഹോമിജഹാംഗീര്‍ ഭാഭ, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച് (TIFR)സ്ഥാപിക്കുന്നതോടെയാണ് ഭാരതത്തില്‍ ആണവോര്‍ജ്ജ പരീക്ഷണ സാധ്യതകള്‍ക്ക് തുടക്കം കുറിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 1948 ഏപ്രില്‍ 15 ന് ആണവോര്‍ജ്ജ നിയമം പ്രാബല്യത്തില്‍ വന്നതോടെ, ഇന്ത്യന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ സ്ഥാപിതമായി. ശേഷം, ആണവോര്‍ജ വകുപ്പിന്കീഴിലുള്ള ഭാഭാ അറ്റോമിക് റിസേര്‍ച് സെന്ററില്‍ 1956-ല്‍ ഏഷ്യയിലെ തന്നെ ആദ്യ ആണവ റിയാക്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. അവിടെ നിന്ന് നാല് പതിറ്റാണ്ടുകള്‍ക്കപ്പുറം; ഓപ്പറേഷന്‍ ശക്തിയിലൂടെ ഭാരതം ഔദ്യോഗികമായി ഒരു ആണവോര്‍ജ്ജ രാഷ്‌ട്രമായി മാറി എന്ന് പ്രഖ്യാപിക്കപ്പെട്ടു.
സ്വയംപര്യാപ്തതയില്‍ ഊന്നി വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ സുപ്രധാനമായ പങ്കാണ് സാങ്കേതിക മേഖല വഹിക്കുന്നത്.
എന്താണ് ആണവോര്‍ജ്ജം ?
ആണവോര്‍ജ്ജം അഥവാ ന്യൂക്ലിയര്‍ എനര്‍ജി എന്നത് അണുവികിരണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജമാണ്. ഒരു അണുവിന്റെ പ്രധാന ഘടകം അതിന്റെ ന്യൂക്ലിയസ് എന്ന മധ്യഭാഗമാണ്. പ്രോട്ടോണുകളും ന്യൂട്ട്രോണുകളും അടങ്ങിയതാണ് ഈ ന്യൂക്ലിയസ്. ഇവയ്‌ക്ക് ചുറ്റുമുള്ളഭ്രമണപഥത്തില്‍ ഇലക്ട്രോണുകള്‍ സഞ്ചരിക്കുന്നു. ന്യൂക്ലിയസിനെ ഒന്നിച്ചു നിര്‍ത്തുന്ന അതിഭയങ്കര ശക്തികളില്‍ വ്യതിചലനങ്ങള്‍ സംഭവിക്കുമ്പോള്‍,വലിയ അളവിലുള്ള ഊര്‍ജം ഉത്പാദിപ്പിക്കപ്പെടും. നമ്മുടെ ആണവ നിലയങ്ങളില്‍ ഊര്‍ജ്ജോത്പാദനം അണുവികിരണമെന്ന ന്യൂക്ലിയര്‍ ഫിഷന്‍ പ്രക്രിയയിലൂടെയാണ് നടക്കുന്നത്.
ന്യൂക്ലിയര്‍ ഫിഷന്‍ പ്രക്രിയയില്‍ യുറേനിയം-235 , അല്ലെങ്കില്‍ പ്ലൂട്ടോണിയം-239 പോലെയുള്ളൊരു അണുവില്‍ ന്യുട്രോണ്‍ ഉപയോഗിച്ച് വികിരണം നടത്തുകയും, അതിനെ തുടര്‍ന്ന് ന്യൂക്ലിയസ് രണ്ടായി പിളരുകയും , വലിയ അളവിലുള്ള ഊര്‍ജ്ജവുംഅതേപോലെ പുതിയ ന്യൂട്ട്രോണുകളും ഉത്പാദിപ്പിക്കപ്പെടും. ഈ ന്യൂട്ട്രോണുകള്‍ മറ്റ് അണുക്കളുമായി വികിരണം നടത്തി, അത് ഒരു ശൃംഖലാ പ്രതിഭാസമായി മാറുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉത്പാദിക്കപ്പെടുന്ന ഊര്‍ജം ഉപയോഗിച്ച് ജലം തിളപ്പിക്കുകയും, അതില്‍ നിന്നുണ്ടാവുന്ന ആവി ഉപയോഗിച്ച് ഒരു ടര്‍ബൈന്‍ പ്രവര്‍ത്തിക്കുന്നതിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയാണ്. ഏകദേശം 1 കിലോഗ്രാം യുറേനിയം ഉപയോഗിച്ച് 15 ലക്ഷം കിലോഗ്രാം കല്‍ക്കരിയിലൂടെ ലഭ്യമാകാന്‍ സാധിക്കുന്ന അളവിലുള്ള ഊര്‍ജ്ജം ഉത്പാദിക്കാന്‍ കഴിയും. ഇന്ന് ഭാരതത്തില്‍ 8 ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളിലായി 25 റിയാക്ടറുകള്‍ പ്രവര്‍ത്തനത്തിലുണ്ട്. 8880 മെഗാ വാട്ട് കപ്പാസിറ്റിയാണ് ഇവയ്‌ക്കുള്ളത്. തമിഴ്‌നാട്ടിലെ കല്‍പാക്കം, കൂടംകുളം , കര്‍ണാടകയിലെ കൈഗ, മഹാരാഷ്‌ട്രയിലെ താരാപൂര്‍ മുതലായവ സുപ്രധാനമായ ആണവനിലയങ്ങളാണ്. ഊര്‍ജ സ്വാതന്ത്ര്യമാണ് ഭാരതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിഗണനാ വിഷയം എന്ന് മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ . അബ്ദുള്‍ കലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാരതത്തില്‍ ഏറ്റവുമധികം അളവില്‍ ലഭ്യമായിട്ടുള്ള തോറിയം ഉപയോഗിച്ച്, ആണവോര്‍ജ്ജം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഭാരതത്തില്‍ മൂന്നു ഘട്ടങ്ങളായുള്ള ആണവോര്‍ജ്ജ പദ്ധതികളാണ് ഉള്ളത്. പ്രകൃതിദത്തമായ യുറേനിയം അതീവ സമ്മര്‍ദ്ദമുള്ള ജലറിയാക്ടറുകളില്‍ ഉപയോഗിക്കുന്ന പ്രക്രിയയാണ് ഒന്നാമത്തേത്, ഈ പ്രക്രിയയുടെ ഉപവസ്തുവായി പ്ലൂട്ടോണിയം-239 ലഭ്യമാകുന്നു. രണ്ടാം ഘട്ടത്തില്‍ , ഈ പ്ലൂട്ടോണിയം വേഗതയുള്ള ബ്രീഡര്‍ റിയാക്ടറുകളില്‍ ഉപയോഗിച്ച്, കൂടുതല്‍ പ്ലൂട്ടോണിയം ഉത്പാദിക്കപ്പെടുന്നു. ഈ പ്രക്രിയയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നതിലും കൂടുതല്‍ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കുന്നതിനാലാണ് ഇവയ്‌ക്ക് ‘ബ്രീഡര്‍’ റിയാക്ടറുകള്‍ എന്ന പേര് നല്‍കിയത്. ഭാരതത്തിലെ ആദ്യത്തെ ഇത്തരത്തിലുള്ള ബ്രീഡര്‍ റിയാക്ടര്‍ കല്‍പ്പാക്കത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. മൂന്നാമത്തെ ഘട്ടം, തോറിയം അധിഷ്ഠിത റിയാക്ടറുകളാണ്. ആഗോളത്തലത്തിലെ 30 ശതമാനത്തോളം തോറിയം പ്രകൃതിദത്തമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി ലഭ്യമാണ്. തോറിയം ഉപയോഗിച്ച് നേരിട്ട് അണുവികിരണം നടത്താന്‍ സാധ്യമല്ല. അവ ഒരു നൂട്രോണുമായി വികിരണം നടത്തുമ്പോള്‍ യുറേനിയം-233 ആയി പരിണമിക്കുകയും, ഫിഷന്‍ പ്രക്രിയയിലൂടെ ഊര്‍ജോത്പാദനം സാധ്യമാകുകയും ചെയ്യുന്നു.
വികസിത ഭാരതത്തിന് കരുത്ത് പകരുന്ന ആണവോര്‍ജ്ജം
ആണവോര്‍ജ്ജ മേഖലയിലുള്ള വമ്പന്‍ നിക്ഷേപവുമായാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ന്യൂക്ലിയര്‍ മിഷന്‍ പ്രഖ്യാപിക്കപ്പെട്ടത്. 20000 കോടി രൂപ ഇതിനായി അനുവദിക്കപ്പെട്ടു. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ‘സ്‌മോള്‍ മോഡുലാര്‍ റിയാക്ടറുകള്‍’ എന്ന പേരില്‍ ചെറുതും, സുസ്ഥിരവുമായ ആണാവോര്‍ജ നിര്‍മാണ സംവിധാനങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം. 2033 – ഓടെ തദ്ദേശീയമായി ഇത്തരത്തില്‍ 5 റിയാക്ടറുകളെങ്കിലും നിര്‍മിക്കണം എന്നതാണ് തീരുമാനം. 2047 -ഓടെ ആണവോര്‍ജ്ജ ഉത്പാദനത്തിലൂടെ 100 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കണം എന്നതാണ് ഭാരത സര്‍ക്കാര്‍ വികസിത ഭാരതത്തിലേക്കായി മുന്‍പോട്ട് വെയ്‌ക്കുന്ന കാഴ്ചപ്പാട്. ആഗോള കാര്‍ബന്‍ എമിഷനുകള്‍ കുറയ്‌ക്കുന്നതിലേക്കുള്ള ചുവടുവെപ്പാണ് ഇവയെല്ലാം തന്നെ.
( എബിവിപി കേന്ദ്ര പ്രവര്‍ത്തകസമിതിയംഗവും, ന്‍.സി.ഇ.ആര്‍.ടി ഗവേഷക ഫെല്ലോയുമാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: