Editorial

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

Published by

ത്രയ്‌ക്ക് അനിവാര്യമല്ലെങ്കില്‍ യുദ്ധം അനാവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല; സമാധാനമാണ് മികച്ചത് എന്നതിലും തര്‍ക്കമില്ല. പ്രതിരോധവും യുദ്ധവും തമ്മില്‍ ചെറിയ അതിര്‍വരമ്പേ ഉള്ളു. പ്രതിരോധം കനക്കുമ്പോഴാണ് യുദ്ധമാകുന്നത്. പ്രതിരോധിക്കാന്‍ ഇടയുണ്ടാക്കുന്നിടത്താണ് യുദ്ധത്തിന്റെ തുടക്കംതന്നെ. അങ്ങനെ നോക്കുമ്പോള്‍, അയല്‍ രാജ്യമായ പാകിസ്ഥാന്‍ തന്നെയാണ് ഏറെക്കുറേ ‘യുദ്ധസമാനമായ’ പ്രതിരോധത്തിന് ഭാരതത്തെ നിര്‍ബന്ധിതമാക്കുന്നത് എന്നകാര്യത്തിലും തര്‍ക്കമില്ല. അതിന്റെ തെളിവാണ് മൂന്നു മണിക്കൂര്‍ മാത്രം നീണ്ട 2025 മെയ് 10 ലെ വെടിനിര്‍ത്തലിന്റെ ചരിത്രവും.

ഭീകരപ്രവര്‍ത്തനത്തെ അപ്പപ്പോള്‍ പ്രതിരോധിച്ചുകൊണ്ടിരുന്ന ഭാരതത്തിന് പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത അതിനീചമായ ഭീകരാക്രണത്തോട് കനത്ത തോതില്‍ പ്രതികരിക്കാതെ പറ്റില്ലായിരുന്നു. അതിനോടുള്ള പാക് പ്രതികരണത്തിന് കൊടുത്ത മറുപടിയില്‍ തകരുകയും തളരുകയും ചെയ്ത പാകിസ്ഥാന്‍ ‘യുദ്ധത്തിലെ നീതിയുടെ പേരിലാണ്’ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. ആര്‍ഷഭാരതകാലം മുതലേ ഭാരതത്തിന്റെ യുദ്ധങ്ങളും ധര്‍മ്മാധിഷ്ഠിതമാണ്. അത് തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ഭാരതം പ്രഖ്യാപിച്ചത്. സൈന്യം ആയുധങ്ങള്‍ക്ക് ഇടവേള കൊടുത്തെങ്കിലും സൈനികര്‍ ജാഗ്രത തുടര്‍ന്നു. എന്നാല്‍, മൂന്നു മണിക്കൂറിനുള്ളില്‍, വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ച പാകിസ്ഥാന്റെ മണ്ണില്‍നിന്നുതന്നെ വെടിയുതിര്‍ക്കല്‍ തുടങ്ങി. പാകിസ്ഥാന്‍ വെറും ആള്‍ക്കൂട്ടം അല്ല, അക്രമികളുടെ ആള്‍ക്കൂട്ടമാണെന്ന്, ഒരിക്കല്‍ക്കൂടി തെളിയുകയായിരുന്നു. ഭാരതത്തിന് അവരില്‍നിന്ന് ഇത് ആദ്യ ദുരനുഭവമല്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷിതവുമല്ല. എന്നാല്‍, ലോകംകുറച്ചുകൂടി വ്യക്തമായി പാകിസ്ഥാനെ തിരിച്ചറിഞ്ഞുവെന്നതാണ് ഗുണം.

അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഈ അയല്‍ രാജ്യവുമായി നടത്തിയ സൗഹാര്‍ദ്ദ പരിശ്രമങ്ങളുടെ ഭാഗമായി 1999 ഫെബ്രുവരിയില്‍ ലഹോറിലേക്ക് നയതന്ത്ര ബസ് യാത്ര നടത്തി. പക്ഷേ, നാലു മാസം തികയും മുമ്പ് പാകിസ്ഥാന്‍ കാര്‍ഗിലില്‍ ഭാരതത്തിനെതിരേ യുദ്ധം നടത്തി. ഭീകര സംഘടനകളും സൈനിക മേധാവി പര്‍വേശ് മുഷാറഫുമായിരുന്നു ആ ചതിക്ക് പിന്നില്‍. മൂന്നു മാസം തികയുംമുമ്പ് മുഷാറഫ് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ അട്ടിമറിച്ച് ആ പദവിയിലെത്തി. കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ മുട്ടുകുത്തി കീഴടങ്ങി. ഭാരത സൈന്യം പിടിച്ച പാക് ഭൂമിയും വിട്ടുകൊടുത്ത് ഭാരതം സഹിഷ്ണുത തുടര്‍ന്നു.

പിന്നെയും സൗഹാര്‍ദ്ദ ചര്‍ച്ചകള്‍ക്ക് തയാറായി. 2000 നവംബറില്‍ റംസാന്‍ കാലത്ത് ആരും ആവശ്യപ്പെടാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 2001 ജൂലൈയില്‍ ആഗ്രയില്‍വെച്ച് പാക് പ്രധാനമന്ത്രി ജനറല്‍ മുഷാറഫുമായി ഉച്ചകോടി നടത്തി ചര്‍ച്ച ചെയ്തു. പക്ഷേ, ഭീകര പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ണ്ണായക ഘട്ടത്തില്‍ പാകിസ്ഥാന്‍ ചതിച്ചു, ചര്‍ച്ച അലസി.

കാലം മാറി. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നു. ഭീകരപ്രവര്‍ത്തനത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. എന്നിട്ടും 2017 ലും 2018 ലും വെടിനിര്‍ത്തല്‍ സ്വയം പ്രഖ്യാപിച്ച് സഹിഷ്ണുത കാണിച്ചു. എന്നാല്‍, പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകരതയ്‌ക്ക് കുറവൊന്നും ഉണ്ടായില്ല. ഇപ്പോള്‍ പഹല്‍ ഗാമില്‍ സംഭവിച്ചത് പുതിയ പ്രകോപനമായിരുന്നു. അതിനുള്ള മറുപടിയോട് പ്രതികരിച്ച് കെഞ്ചിയെന്നതുപോലെ പാക് സൈന്യം ഔദ്യോഗികമായി ചോദിച്ച് വാങ്ങിച്ച വെടിനിര്‍ത്തല്‍ കരാറാണ് നീചമായി ലംഘിച്ചത്. ആ രാജ്യം അനുഭവിക്കാന്‍ പോകുന്നതേയുള്ളുവെന്ന് ലോക രാജ്യങ്ങളിലും പറച്ചില്‍ തുടങ്ങിക്കഴിഞ്ഞു.

എന്തുകൊണ്ട് പാകിസ്ഥാനില്‍ ഇങ്ങനെയൊക്കെ എന്ന ചോദ്യത്തിന് ഉത്തരമിതാണ്- രാജ്യം അക്രമികളുടെ ആള്‍ക്കൂട്ടമാണ്. അവിടെ ആര് ഭരിച്ചാലും ഭരണകൂടവും സൈന്യവും അവരവരുടെ വഴിക്കാണ്. സൈന്യത്തില്‍ ഒരു വിഭാഗം ഭീകര സംഘടനകളുമായി സൗഹാര്‍ദ്ദത്തിലാണ്; പ്രവര്‍ത്തിക്കുന്നത് അവരവരുടെ താല്‍പര്യങ്ങള്‍ക്കാണ്. ഭരിക്കുന്നവരുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലും സര്‍ക്കാരുകളുമായോ നിയമ നിര്‍മ്മാണ സംവിധാനവുമായിപ്പോലുമോ ഒരിക്കലും ചങ്ങാത്തത്തിലല്ല. നീതി ന്യായ സംവിധാനത്തിനും കോടതികള്‍ക്കും അവരവരുടെ വഴിയാണ്. ഈ സാഹചര്യത്തില്‍ ആ രാജ്യവുമായുണ്ടാക്കുന്ന കരാറും ധാരണയുമൊക്കെ ഏത് നിമിഷവും ആരാലെങ്കിലും ലംഘിക്കപ്പെടാം, ചതിക്കപ്പെടാം, അതാണ് ചരിത്രം.

അപ്പോള്‍പ്പിന്നെ എന്തിനായിരുന്നു 2025 മെയ് 10 ലെ ഭാരതത്തിന്റെ വെടി നിര്‍ത്തല്‍ എന്ന ചോദ്യത്തിന് മറുപടിയുണ്ട്. ഒരിക്കല്‍ക്കൂടി ലോകത്തെ കാട്ടിക്കൊടുത്തു, ആ രാജ്യം അക്രമിക്കൂട്ടങ്ങളുടേതാണെന്ന്, ആരാലും നയിക്കപ്പെടാത്തതാണെന്ന്. യുദ്ധത്തിലെയും വിദേശകാര്യ നയത്തിലെയും ചില തന്ത്രങ്ങള്‍ക്കും നീക്കങ്ങള്‍ക്കും വിദൂരമായ ലക്ഷ്യങ്ങളുണ്ട്. ഭാരതം അത് സാധിക്കുകയായിരുന്നു. ആത്യന്തിക ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by