കണ്ണൂർ: രണ്ടാം ലോകമഹായുദ്ധ കാലത്ത് ലോകമെമ്പാടുമുള്ള സായുധ സേനകള്‍ക്കിടയില്‍ പ്രചാരം നേടിയ ബര്‍മ പാലത്തിന്റെ മിനിയേച്ചര്‍ പതിപ്പ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മേളയില്‍ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് പാലം ഒരുക്കിയിരിക്കുന്നത്.
പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ റോഡുകളും നടപ്പാതകളും തകരുമ്പോള്‍ ഒറ്റപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ വടം, പ്ലാസ്റ്റിക് കയര്‍, ഇരുമ്പ് കയര്‍ എന്നിവ ഉപയോഗിച്ചു താല്‍ക്കാലികമായി നിര്‍മിക്കുന്നതാണു ബര്‍മ പാലം.
ആവശ്യമനുസരിച്ചു പലരീതിയില്‍ പാലം കെട്ടിയുണ്ടാക്കാം. താഴെയായി നടക്കാന്‍ ഒരു കയറും കൈപിടിക്കാന്‍ മുകളില്‍ ഇരുവശങ്ങളിലും രണ്ട് കയറുകളും എന്ന രീതിയില്‍ വളരെ ലളിതമായി ഇവ നിര്‍മിക്കാം. ഒട്ടേറെ ആളുകള്‍ക്ക് ഒരേ സമയം കടന്നുപോകാന്‍ ഒന്നിലധികം കയറുകള്‍ താഴ്ഭാഗത്തും മുകളിലായി കൈപിടിക്കാന്‍ രണ്ട് കയര്‍ എന്ന രീതിയിലും നിര്‍മിക്കാം. അടിയന്തര ഘട്ടങ്ങളില്‍ നിമിഷനേരം കൊണ്ട് ഇവ കെട്ടിയെടുക്കാം എന്നതാണ് മേന്മ. ഒരു മരത്തില്‍നിന്ന് മറ്റൊന്നിലേക്കും അല്ലെങ്കില്‍ കൃത്രിമമായി നിര്‍മിക്കുന്ന രണ്ട് തൂണുകള്‍ക്കിടയിലും ഇവ നിര്‍മിക്കാം. ഇത്തരത്തില്‍ ഒരു തൂണില്‍ നിന്ന് മറ്റൊരു കൃത്രിമ തൂണിലേക്കു കെട്ടിയുണ്ടാക്കിയ പാലമാണ് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നിര്‍മിച്ചിട്ടുള്ളത്.
എന്റെ കേരളം പ്രദര്‍ശന വിപണന മേള സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ പാലത്തിലൂടെ നടക്കാനുള്ള അവസരവും സേനാംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിലെ തകര്‍ന്നുപോയ പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലം നിര്‍മ്മിക്കുന്നത് വരെ താല്‍ക്കാലിക പാലമായി ബര്‍മ പാലം ഉപയോഗിക്കാം. നാഗ്പൂര്‍ ഫയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നാണ് കണ്ണൂരിലെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് പാലം നിര്‍മിക്കാന്‍ പരിശീലനം ലഭിച്ചത്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്കും പാലം നിര്‍മാണത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: