കോട്ടയം: കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയത് തരംതാണ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്‌റണി കുറ്റപ്പെടുത്തി.
‘വെള്ളാപ്പളളി നടേശന്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തനം ശക്തമായി തുടരട്ടെ. കോണ്‍ഗ്രസിന് ഉപദേശം നല്‍കാന്‍ സമയം എടുക്കേണ്ട. കോണ്‍ഗ്രസിന്റെ കാര്യം നോക്കാന്‍ കോണ്‍ഗ്രസിന് പ്രാപ്തിയുണ്ട്. സണ്ണി ജോസഫ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതാവാണ് അദ്ദേഹത്തിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യം ഇല്ല.’ സണ്ണി ജോസഫിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ വ്യക്തമാക്കി. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡണ്ടായി നിയമിച്ചത് ക്രൈസ്തവസഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നും മറ്റും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഫേസ്ബുക്കിലൂടെ ആന്റോ പ്രതികരിച്ചത്.
‘ഏതാനും ദിവസം മുന്‍പ് എനിക്കെതിരെയും ഇത്തരം പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ഉപജാപക സംഘമാണ്. എന്നെ ആക്രമിച്ചതിലൂടെ അവരുടെ ലക്ഷ്യം സാധൂകരിച്ചു എന്നാണ് കരുതിയത്. പക്ഷേ അവര്‍ അടങ്ങിയിട്ടില്ല.’ സണ്ണി ജോസഫിനെയും അവര്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്നാണ് വ്യക്തമാവുന്നതെന്ന് ആന്റോ പറഞ്ഞു.
കെ.സുധാകരനു പകരം ആന്റോ ആന്‌റണിയെ കെ.പി സിസി പ്രസിഡന്‌റാക്കുമെന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും അതിനെതിരെ വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: