പാകിസ്ഥാന് ഡിജിഎംഒ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) ഭാരതത്തിന്റെ ഡിജിഎംഒയെ വിളിച്ച് സംഘര്‍ഷത്തിന് വിരാമം വേണമെന്ന അഭ്യര്‍ത്ഥന മുന്നോട്ടുവച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഇ്ന്നലെ വൈകിട്ട് അഞ്ച് മണിമുതല്‍ വെടിനിര്‍ത്തലിന് ധാരണയായി. ഭാരതം പാകിസ്ഥാന് മേല്‍ കനത്ത പ്രഹരമാണ് ഇന്നലെയും ഏല്‍പ്പിച്ചത്. ഏഴ് സൈനിക കേന്ദ്രങ്ങളില്‍ വന്‍ നാശനഷ്ടം വരുത്തിയിരുന്നു. അതിനാല്‍ തന്നെ പാക് സൈന്യത്തിന് മുന്നോട്ടുപോകുന്നതിന് തിരിച്ചടിയാകുമെന്ന് ഉറപ്പായിരുന്നു. പാക് ഭീകരകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഭാരതം പ്രധാനമായും ലക്ഷ്യമിട്ടത്. കൂടാതെ ആഭ്യന്തര പ്രശ്‌നങ്ങളും രൂക്ഷമാകുന്ന പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും പാക് സൈന്യത്തിന് തിരിച്ചടി നല്‍കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
സിന്ധുനദീജല കരാര്‍ ഭാരതം റദ്ദാക്കിയതിലൂടെ കൃഷി നാശമുള്‍പ്പടെയുള്ള നഷ്ടങ്ങളാണ് പാകിസ്ഥാന് ഉണ്ടായിട്ടുള്ളത്. ഇത് പാക് കര്‍ഷകരില്‍ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കി. ഭാരതത്തില്‍ നിന്നുള്ള രൂക്ഷമായ ആക്രമണങ്ങള്‍ക്ക് വഴിവച്ചത് യുക്തിചിന്തയില്ലാത്ത പാക് സൈന്യമാണെന്നുള്ള തരത്തില്‍ ജനവികാരവും അവര്‍ക്ക് എതിരായി.
കഴിഞ്ഞ ദിവസമാണ് അന്താരാഷ്‌ട്ര നാണ്യ നിധി പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനമെടുത്തത്. ചില വ്യവസ്ഥകള്‍ അവര്‍ മുന്നോട്ടുവച്ചിട്ടുണ്ടാകാം. ഭീകരവാദത്തിന്റെ കൂടെ നില്‍ക്കരുത് എന്നതാവാം അതില്‍ പ്രധാനം. ഇക്കാര്യത്തില്‍ അമേരിക്കയുടെ ഇടപെടലും ഉണ്ടായിട്ടുണ്ടാകാം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറണമെന്ന സമ്മര്‍ദ്ദം പാകിസ്ഥാന് മേല്‍ ചെലുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയതിന്റെ പരിണാമമായിട്ടാണ് ഈ വെടിനിര്‍ത്തലിന് അവര്‍ വഴങ്ങിയത്.
ഭാരതത്തെ സംബന്ധിച്ച് ഭീകരവാദത്തിന് എതിരായ നിര്‍ണായക പോരാട്ടമാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഈ രാജ്യത്തിനുള്ളില്‍ ഭീകരാക്രമണം നടത്തിയാല്‍ ഏത് സൈനിക നടപടിക്കും ഭാരതം തയ്യാറാകും എന്ന കൃത്യമായ സന്ദേശമാണ് അതിലൂടെ നല്‍കിയത്. ഈ ഓപ്പറേഷന്‍ സിന്ദൂര്‍ ഇവിടെ അവസാനിക്കുന്നില്ല. വരും ദിവസങ്ങളില്‍ പല ഭാവങ്ങളിലും രൂപങ്ങളിലും തുടരുകതന്നെ ചെയ്യും.
അതേസമയം ദല്‍ഹി കേന്ദ്രമാക്കിയുള്ള പാക് മിസൈല്‍ ആക്രമണം ഭാരതത്തിന് എതിരായുള്ള യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു. യാത്രാവിമാമനത്തിന്റെ മറവില്‍ വരെ, സാധാരണ പൗരന്മാരെ ബലിയാടാക്കാനും തയ്യാറായിട്ടായിരുന്നു അവരുടെ ഡ്രോണ്‍ ആക്രമണം. അതിര്‍ത്തി അശാന്തമാകണം, യുദ്ധത്തിലേക്ക് നീങ്ങണം എന്നതായിരുന്നു അവരുടെ ആഗ്രഹം. ഭാരത സൈന്യത്തിന് മുന്നില്‍ പാകിസ്ഥാന് നാണക്കേടുണ്ടായില്ല എന്ന് അവര്‍ക്ക് വരുത്തിത്തീര്‍ക്കണമായിരുന്നു.
എന്നാല്‍, പൂര്‍ണയുദ്ധത്തിലേക്ക് പോകാന്‍ ഭാരതം താല്‍പര്യപ്പെട്ടിരുന്നില്ല. അതിലേക്ക് തള്ളിവിടാനുള്ള ശ്രമമായിരുന്നു പാകിസ്ഥാന്‍ നടത്തിയത്. പാക് പിടിവാശിയാണ് കാര്യങ്ങള്‍ വഷളാക്കിയിത്. യുദ്ധം ഉണ്ടായാല്‍ നാശം ഉണ്ടാകും. ഭാരതം സാമ്പത്തികമായി ശക്തമായി വളരുമ്പോള്‍ പാകിസ്ഥാന്‍ ഇന്നും കടമെടുത്താണ് ജീവിക്കുന്നത്. ഭാരതത്തിന്റെ ലക്ഷ്യം സാമ്പത്തിക വളര്‍ച്ചയും സമഗ്ര വികാസവും പൗരന്മാരുടെ ക്ഷേമവുമാണ്. ഇതിലൂന്നിയാണ് പ്രവര്‍ത്തനം. അതോടൊപ്പം അഖണ്ഡതയും പൗരന്മാരുടെ സുരക്ഷയും പ്രധാനമാണ്. ഇത് രണ്ടും ബാലന്‍സ് ചെയ്തുള്ള നടപടിയാകും ഭാരതം സ്വീകരിക്കുക.
ഐഎംഎഫിന്റെ സാമ്പത്തിക സഹായം വിനയാകും
ഐഎംഎഫിന്റെ ഭാഗത്തുനിന്ന് ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം പാകിസ്ഥാന് നല്‍കുകയെന്ന യുക്തിരഹിതമായ തീരുമാനമാണ് ഉണ്ടായത്. ഐഎംഎഫിനും ലോകരാഷ്‌ട്രങ്ങള്‍ക്കും അറിയാം പാകിസ്ഥാന്‍ ഈ സാമ്പത്തിക സഹായം ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നതിനും ഭാരതത്തിന് എതിരായി സൈനിക ആവശ്യത്തിനും ഉപയോഗിക്കുമെന്ന്. 35 വര്‍ഷത്തിനിടയില്‍ 28 പ്രാവശ്യമാണ് പാകിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നാല് പ്രാവശ്യവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് പകരം അനുദിനം ആ രാജ്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ ആ തുകയെടുത്ത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് അറിഞ്ഞുകൊണ്ടും കണ്ണടച്ചിരിക്കുന്ന ഐഎംഎഫിന്റെ കൈകളിലും ചോരയുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിന് ഉദാഹരണമായിട്ടുവേണം ഈ നടപടിയെ കാണാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: