തിരുവനന്തപുരം: കുട്ടികളെയും യുവജനങ്ങളെയും ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് വനിതാകൂട്ടായ്മ.
ജന്മഭൂമി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് അനന്തപുരിയില്‍ നടന്ന കൂട്ടായ്മയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. ഇന്നലെ വൈകിട്ട് നടന്ന പരിപാടിയില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു. ലഹരിയോട് അനുഭാവം കാട്ടുന്ന വിദ്യാര്‍ത്ഥി, യുവജന വിഭാഗത്തെ ബോധവത്കരിക്കാന്‍ പരമ്പരാഗതരീതികള്‍ വെടിഞ്ഞ്, പുതിയ ഭാഷയും ശൈലിയും പ്രയോഗിക്കണമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.
യുവതലമുറയാണ് രാജ്യത്തെ നയിക്കേണ്ടതെന്നും അവര്‍ ലഹരിക്ക് അടിമപ്പെട്ടാല്‍ രാജ്യം തന്നെ തകരുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സിസാ തോമസ് പറഞ്ഞു.
ലഹരി ഉപയോഗം വര്‍ധിക്കുകയാണ്. 13 ശതമാനം കുട്ടികളും ലഹരിക്ക് അടിമകളായി. കേരളത്തില്‍ വലിയൊരു ശതമാനവും സിന്തറ്റിക് മാരക മയക്കു മരുന്നുകളുടെ അടിമയായി മാറിയെന്നുമുള്ള കണക്കുകള്‍ ഞെട്ടല്‍ ഉളവാക്കിയെന്നും സിസാ തോമസ് പറഞ്ഞു. സംസ്ഥാനത്തെ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍വരെ ലഹരിമരുന്നുകളുടെ ഉപയോക്താക്കളും വില്പനക്കാരുമുണ്ടെന്നതാണു യാഥാര്‍ത്ഥ്യം. വലിയ നഗരങ്ങള്‍ വലിയ ലഹരിവലയിലാണു മയങ്ങിക്കിടക്കുന്നത്. നാടന്‍ കഞ്ചാവു മുതല്‍ കൊക്കെയ്ന്‍ വരെ ഒഴുകിയെത്തുന്ന കേന്ദ്രമായി കേരളം മാറി. ഓണ്‍ലൈന്‍ ലഹരിവ്യാപാരികളും സജീവമാണ്. മാരകമായ ന്യൂജെന്‍ ലഹരികളും കേരളത്തെ കീഴടക്കുകയാണെന്നും സിസാ തോമസ് പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
മഹിളാ സമന്വയവേദി പ്രാന്ത സംയോജക അഡ്വ. അഞ്ജനാദേവി, സിമി ജ്യോതിഷ്, ആത്മ, അനിതകുമാരി, അപര്‍ണാഷാജി, അനിത നായര്‍, അഡ്വ. ഗീതകുമാരി, സൂര്യപ്രേം, ആര്‍.സി. ബീന, മിനി വേണുഗോപാല്‍, ഇന്ദുഗോപന്‍, മായാമോഹന്‍, ശുഭകുമാരി, മഞ്ജു.പി.വി, മായ.എന്‍.എസ്, സുജ സുനില്‍, സംഗീത, ജയലക്ഷ്മി, നീലിമ കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: