കല്‍പ്പറ്റ: പാകിസ്ഥാന്‍ ഭ്രാന്ത് പിടിച്ച രാഷ്‌ട്രമാണെന്നും അവര്‍ക്കാവശ്യമായ നല്ല ചികിത്സയാണ് നമ്മുടെ സൈന്യം ഇപ്പോള്‍ ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി വയനാട് ജില്ലാ ‘വികസിത കേരളം’ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഒറ്റക്കെട്ടായി ഭീകരവാദത്തെ തോല്‍പ്പിക്കും. എല്ലാ മലയാളികളും എല്ലാ ഭാരതീയരും ഇക്കാര്യത്തില്‍ ഒരുമിച്ചു നില്‍ക്കണം. സൈനികര്‍ക്ക് നമ്മുടെ മുഴുവന്‍ പിന്തുണ ഉണ്ടാവണം.
കഴിഞ്ഞ പത്തു വര്‍ഷര്‍ത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ സൈനിക ആധുനികവല്‍ക്കരണവും ഏറെ ശ്രദ്ധേയമാണ്. ഇന്ന് അതിര്‍ത്തിയില്‍ അതിന്റെ നേട്ടം നമുക്ക് കാണാന്‍ ആവുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥയാക്കി ഭാരതത്തെ ഉയര്‍ത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വികസന കാഴ്ചപ്പാടാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് പോലുള്ള വികസനം കേരളത്തില്‍ ഉണ്ടാവാന്‍ ബിജെപിയെ ഇവിടെ അധികാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കണം. മൂന്നരക്കോടി മലയാളികള്‍ക്ക് വികസനം ലഭിക്കേണ്ടതുണ്ട്. യുവാക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യണം. അതിന് കേരളത്തില്‍ മാറ്റം അനിവാര്യമാണ്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ പള്ളിയുടെ രാമന്‍, ടി.എ. മാനു, ഇരിമാട്ടൂര്‍ കുഞ്ഞിരാമന്‍, രാമചന്ദ്രന്‍ അഞ്ചുകുന്ന്, കൂട്ടര ദാമോദരന്‍ എന്നിവരെ ആദരിച്ചു. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, അഡ്വ. എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീകാന്ത്, ജില്ലാ ജനറല്‍സെക്രട്ടറിമാരായ ടി.എം. സുബീഷ്, എം.പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: