ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫോണ്‍വിളി വന്നത് ഇന്ത്യയുടെ വിജയമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സാമ്പിള്‍ ബോംബാക്രമണങ്ങളില്‍ തകര്‍ന്നുപോയ പാകിസ്ഥാന് ഈ വെടിനിര്‍ത്തല്‍ അത്യാവശ്യമായിരുന്നു. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദവും കൂടിയായപ്പോള്‍ ഇന്ത്യ അത് സമ്മതിക്കുകയും ചെയ്തു.
പാകിസ്താനെ ഒരു കാരണവശാലും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അങ്ങോട്ട് വിളിക്കില്ല എന്ന് ഇന്ത്യൻ സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. ഈ നിലപാട് അമേരിക്കയ്‌ക്കും അംഗീകരിക്കേണ്ടി വന്നു. അമേരിക്കൻ നിർദേശ പ്രകാരം പാകിസ്ഥാൻ ഇന്ത്യയോട് വെടി നിർത്തലിനു സമ്മതം ആണെന് ഡിജിഎംഒ വഴി അറിയിക്കുകയായിരുന്നു. ഇത് ഇന്ത്യയുടെ കരുത്തുറ്റ നിലപാടിന്റെ വിജയം തന്നെയാണ്.
ഒരു മൂന്നാം കക്ഷിയും ഇന്ത്യയുമായി വെടിനിർത്തലിനായി ഇടപെട്ടിട്ടില്ലെന്ന നിലപാടാണ് ഇന്ത്യയുടേത്. രാവിലെ തന്നെ തങ്ങൾ വെടിനിർത്താൻ തയ്യാറാണെന്നു അറിയിച്ച് പാകിസ്ഥാന്റെ ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒ യുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കര-നാവിക- വായു സേനാ തലവന്മാരുമായി ഡി ജി എം ഒ ചർച്ച നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിഡിഎസും
എൻ എസ് എ യും പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയും ചേർന്നു നടത്തിയ ചർച്ചക്കൊടുവിലാണ് മെയ് 10 വെള്ളിയാഴ്ച വൈകിട്ടു 5 മണി മുതൽ വെടിനിർത്തുവാൻ ഇന്ത്യ തീരുമാനിച്ചതും ഡിജിഎംഒ വഴി സന്ദേശം കൈമാറിയതുമെന്നും ഉള്ള കാര്യം വെടിനിർത്താനുള്ള തീരുമാനത്തെ വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇന്ത്യയുടെ വിജയമാണെന്ന് സൂചിപ്പിക്കാനാണ്.
ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ഐഎംഎഫ് പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പ അനുവദിച്ചിരുന്നു. കടംകൊണ്ട് കാട്ടില്‍ കയറാറായ പാകിസ്ഥാന് ഈ ഐഎംഎഫ് വായ്പ അത്യാവശ്യമായിരുന്നു. ഏഷ്യയില്‍ ഒരു യുദ്ധസാഹചര്യം ഇപ്പോഴത്തെ നിലയില്‍ അമേരിക്കയുടെ ഭാവിയ്‌ക്ക് അപകടമാണെന്ന് കണക്കുകൂട്ടിയ ട്രംപ് തന്നെ ഈ വായ്പ അനുവദിക്കുന്നതോടൊപ്പം പാകിസ്ഥാനില്‍ നിന്നും വെടിനിര്‍ത്താമെന്ന ഉറപ്പ് വാങ്ങുകയായിരുന്നുവെന്ന് പറയപ്പെടുന്നു. 100 കോടി ഡോളര്‍ അനുവദിക്കാം, പകരം ഇന്ത്യയുമായി വെടിനിര്‍ത്താമെന്ന അമേരിക്കയുടെ നിര്‍ദേശം സ്വീകരിക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ സമ്മതിക്കുകയായിരുന്നു. ഇത് പാകിസ്ഥാന്റെ പാപ്പരത്വവും നിസ്സഹായതയും ആണ് പുറത്തുകൊണ്ടുവരുന്നത്.
പ്രതിരോധത്തിലും ആക്രമണത്തിലും ഇന്ത്യ കരുത്തര്‍
യുദ്ധത്തിന്റെ കാര്യത്തില്‍ പ്രതിരോധവും ആക്രമണവും ഒരുപോലെ ശക്തമായാലാണ് ശത്രു പതറുക. അതാണ് പാകിസ്ഥാന്റെ കാര്യത്തില്‍ ഉണ്ടായത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വെള്ളിയാഴ്ച രാത്രി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്റെ ആറ് എയര്‍ബേസുകള്‍ തകര്‍ന്നത് പാകിസ്ഥാനെ ശരിക്കും ഞെട്ടിച്ചിരുന്നു. മാത്രമല്ല, തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ ഇന്ത്യയെ കാര്യമായി പരിക്കേല്‍പിക്കാന്‍ പാകിസ്ഥാന് സാധിച്ചതുമില്ല. റഷ്യയുടെ എസ് 400, ഇന്ത്യയുടെ ആകാശ് മിസൈല്‍, ഡിആര്‍ഡിഒയുടെ ഡ്രോണ്‍ വിരുദ്ധ സംവിധാനം എന്നിവ ഫലപ്രദമായി പ്രവര്‍ത്തിച്ചതോടെ പാകിസ്ഥാന്‍ മൂന്നരമണിക്കൂറിനുള്ളില്‍ അയച്ച 500 ഡ്രോണുകളും നിലംപൊത്തി. ഇത് ശരിക്കും പാകിസ്ഥാനെ ഞെട്ടിച്ചു. ഇക്കൂട്ടത്തില്‍ ചൈനയുടെയും തുര്‍ക്കിയുടെയും ഡ്രോണുകള്‍ ഉണ്ടായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനുള്ളിലേക്ക് കടന്നു ചെന്ന് ഒമ്പത് തീവ്രവാദപരിശീലന കേന്ദ്രങ്ങളില്‍ ബോംബിട്ടതിന് പിന്നാലെ ഓരോ ഘട്ടത്തിലും പാകിസ്ഥാന് തിരിച്ചടി തന്നെയായിരുന്നു കിട്ടിയത്. പാകിസ്ഥാന്റെ ആയുധക്കലവറയിലെ ആഗ്നേയാസ്ത്രങ്ങളായി കരുതിയിരുന്ന എഫ് 16 എന്ന അമേരിക്കന്‍ നിര്‍മ്മിത ആധുനിക യുദ്ധവിമാനവും (വില 4270 കോടി രൂപ) ചൈന നല്‍കിയ നാലാം തലമുറയില്‍ പെട്ട ആധുനിക യുദ്ധവിമാനമായ ജെഎഫ് 17 രണ്ടെണ്ണവും ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്ഥാന് താങ്ങാനാവുന്നതായിരുന്നില്ല.
ജെയ്ഷ് എ മുഹമ്മദിന്റെ നേതാവ് മസൂദ് അസ്ഹറിന്റെ സ്വന്തം സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് ഭീകരര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടു എന്നത് ഇന്ത്യയ്‌ക്ക് ഏതറ്റം വരെ പാകിസ്ഥാന് അടികൊടുക്കാനാകും എന്നതിന്റെ ഉദാഹരണമായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും മറ്റുമുള്ള ഭീകരപരിശീലന കേന്ദ്രങ്ങളില്‍ ബോംബിട്ടു എന്നത് ഇന്ത്യയുടെ ആക്രമണശേഷിയുടെ ഉദാഹരണമാണ്.
വെടനിര്‍ത്തലിന് പാകിസ്ഥാനെ പ്രേരിപ്പിച്ചതിന് പിന്നില്‍ ചൈനയുടെ പേടിയും?
ഈ യുദ്ധത്തെ ഏറ്റവുമധികം ഉറ്റുനോക്കിയിരുന്നത് പാശ്ചാത്യ രാജ്യങ്ങളായിരുന്നു. കാരണം പാകിസ്ഥാന് ഏറ്റവുമധികം ആയുധങ്ങള്‍ നല്‍കുന്ന രാജ്യം ചൈനയാണ് ഇപ്പോള്‍. ചൈനയുടെ ഈ ആധുനിക ആയുധങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നായിരുന്നു അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉറ്റുനോക്കിയത്. ചൈനയുടെ ജെഎഫ് 17 എന്ന യുദ്ധവിമാനവും ചൈനീസ് നിര്‍മ്മിത ആധുനിക ഡ്രോണുകളും ഇന്ത്യ വെടിവെച്ചിട്ടതോടെ ചൈനയുടെ മുഖം നഷ്ടമായി.ചൈനയുടെ ആധുനിക യുദ്ധവിമാനമായ ജെ10എ നടത്തിയ ആകാശത്ത് നിന്നും ആകാശത്തേക്ക് തൊടുക്കുന്ന മിസൈല്‍ ഇന്ത്യയുടെ അഭിമാനമായ ഫ്രാന്‍സ് നല്‍കിയ റഫേല്‍ വിമാനത്തെ വീഴ്‌ത്തി എന്ന ചൈനയുടെ അവകാശവാദം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റഫേല്‍ യുദ്ധവിമാനം യുദ്ധത്തില്‍ തകര്‍ന്നുവീണതായി ഇന്ത്യ ഇതുവരേയും സമ്മതിച്ചിട്ടില്ല.
അതായത് ചൈനയുടെ ‘യുദ്ധക്കളിപ്പാട്ടങ്ങള്‍’ (ചൈനീസ് ആയുധങ്ങളെ സമൂഹമാധ്യമങ്ങള്‍ വിളിക്കുന്ന ഓമനപ്പേര്) മുഴുവന്‍ ഇന്ത്യയ്‌ക്ക് മുമ്പില്‍ അമ്പേ പരാജയമായി. ഇതോടെ ചൈനയ്‌ക്കും ഇന്ത്യാ-പാക് യുദ്ധം നിര്‍ത്തിവെയ്‌ക്കേണ്ടത് അത്യാവശ്യമായി. മാത്രമല്ല 2025ല്‍ തന്നെ തായ് വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് പ്രഖ്യാപിച്ചിരുന്നതാണ്. ഇനി ചൈനയുടെ ആയുധത്തെ ആരാണ് പേടിക്കുക? അതുവരെ ഇന്ത്യ പാക് യുദ്ധത്തില്‍ മൗനം പാലിച്ച ചൈന അവരുടെ ആയുധങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഫലപ്രദമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പൊടുന്നനെ ഇന്ത്യപാക് യുദ്ധത്തില്‍ യുടേണ്‍ എടുക്കുകയായിരുന്നു. തീവ്രവാദത്തെ തങ്ങള്‍ എതിര്‍ക്കുമെന്നും എത്രയും വേഗം വെടനിര്‍ത്തല്‍ വേണമെന്നും ഉള്ള പ്രസ്താവനയുമായി ചൈനയുടെ വിദേശകാര്യവക്താവ് രംഗത്തെത്തുകയായിരുന്നു.
ചാമ്പ്യനായി ട്രംപ്
— Donald J. Trump (@realDonaldTrump) May 10, 2025
എന്തായാലും ഇന്ത്യ പാക് യുദ്ധം നിര്‍ത്തിവെയ്‌ക്കാന്‍ കഴിഞ്ഞത് ട്രംപിന്റെ വിജയമാണ്. ഈ വെടിനിര്‍ത്തല്‍ സാധ്യമായത് തന്റെ സാന്നിധ്യത്തില്‍ നടന്ന സമാധാനചര്‍ച്ചയിലാണെന്ന് ട്രംപ് പരസ്യപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ട്രംപ് എക്സില്‍ സന്ദേശം പങ്കുവെച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികപ്രഖ്യാപനം നടത്തിയത്.
പാകിസ്ഥാന്റെ നുണബോംബുകള്‍ തകര്‍ത്ത ഇന്ത്യയുടെ വാര്‍ത്താസമ്മേളനങ്ങള്‍
ഇന്ത്യയുടെ പ്രതിരോധവിദേശകാര്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ പക്വതയാര്‍ന്ന ഒരു സര്‍ക്കാരിന്റെ മുഖമാണ് ടെലിവിഷന്‍ ചാനലുകള്‍ മുമ്പാകെ നല്‍കിയത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അത് പ്രഖ്യാപിക്കാനായി ചുണക്കുട്ടിക്കളായ രണ്ട് വനതികളെ- കേണല്‍ സോഫിയ ഖുറേഷിയെയും വിംഗ് കമാന്‍ഡര്‍ വ്യോമികാസിങ്ങിനെയും- പറഞ്ഞയച്ചത് മോദി സര്‍ക്കാരിന്റെ വനിതകളോടുള്ള കരുതലിന്റെ അടയാളമായി മാറി. ഇതിന്റെ പേരില്‍ ഭാരതത്തിലെ സ്ത്രീകള്‍ വൈകാരികമായി തന്നെ മോദി സര്‍ക്കാരിന് അനുകൂലമായി പ്രതികരണങ്ങളുമായി എത്തി. ബോളിവുഡ് നടിമാര്‍ മുതല്‍ സാധാരണ സ്ത്രീകള്‍ വരെ മോദി സര്‍ക്കാരിന്റെ സൈനികനീക്കത്തെ പിന്താങ്ങി. ഭാരതനാരികളുടെ സിന്ദുരം മായ്ച്ചവര്‍ ആരായാലും ഇന്ത്യ തിരിച്ചടിക്കും എന്ന താക്കീതാണ് മോദി സര്‍ക്കാര്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്.
മാത്രമല്ല, ഇന്ത്യ പാകിസ്ഥാന് മേല്‍ നേടിയ യുദ്ധവിജയം വീഡിയോയും ഫോട്ടൊഗ്രാഫുകളും കാട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കപ്പെട്ടത്. അതോടെ മാധ്യമങ്ങളും അത് ഏറ്റെടുത്തു. പാകിസ്ഥാന്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച നുണകള്‍ ഒന്നൊന്നായി ഉദാഹരണങ്ങള്‍ സഹിതം വിദേശകാര്യവക്താവ് വിക്രം മിസ്രിയും കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമികാ സിംഗും പൊളിച്ചടുക്കി. ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ യുദ്ധവിമാനങ്ങളുടെയും അമേരിക്കന്‍ യുദ്ധവിമാനത്തിന്റെയും ചിത്രങ്ങള്‍ കാട്ടിക്കൊടുത്തു. മസുദ് അസ്ഹര്‍ എന്ന ജെയ്ഷ് എ മുഹമ്മദിന്റെ നേതാവിന്റെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് ചിത്രങ്ങള്‍ സഹിതമാണ് ഇന്ത്യ അവകാശപ്പെട്ടത്. പാകിസ്ഥാനിലേക്ക് കടന്നു ചെന്ന് ഒമ്പത് തീവ്രവാദ പരിശീലനകേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതിന്റെ വീഡിയോകളും ഇന്ത്യ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യ അഫ്ഗാനിസ്ഥാന് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന പാകിസ്ഥാന്റെ നുണ ഉദാഹരണങ്ങള്‍ സഹിതം ഇന്ത്യ പൊളിച്ചു. പിന്നാലെ അഫ്ഗാനിസ്ഥാന്‍ തന്നെ പാകിസ്ഥാനെതിരെ പ്രസ്താവനയുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: