തിരുവനന്തപുരം: അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്ക് സമര്‍പ്പണമായി ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ മൂന്നാം നാള്‍.
തീവ്രവാദത്തിനെതിരെ സംഘടിപ്പിച്ച യൂത്ത് അസംബ്ലിയില്‍ നൂറുകണക്കിന് യുവാക്കള്‍ അണിനിരന്നു. തിരുവനന്തപുരം നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ റോളര്‍ സ്‌കേറ്റിങ് സംഘത്തിന്റെ റാലി സുവര്‍ണജൂബിലി ആഘോഷവേദിയെ ആവേശംകൊള്ളിച്ചു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ ഭാര്യ രാധികാ സുരേഷിന്റെയും കൂട്ടരുടെയും ദേശഭക്തിഗാനാഞ്ജലി രാഷ്‌ട്രത്തിന് വേറിട്ട സമര്‍പ്പണമായി.
വികസിത ഭാരതമെന്ന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാത്രമല്ല, ഓരോ പൗരനുമുണ്ടാകണമെന്ന് യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. സിംഹം കുറച്ചു നടന്ന് തിരിഞ്ഞുനോക്കും, ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ തുടങ്ങിയ ഇടത്തുനിന്ന് എത്ര അകലെയായി എന്നറിയാനാണ് ഇത്. അതുപോലെയാണ് ജന്മഭൂമിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ മാധ്യമങ്ങള്‍ പിടിച്ചുപറിയും കൊലപാതകവും കൊള്ളയും ബലാല്‍സംഗവും ആദ്യം റിപ്പോര്‍ട്ട് ചെയ്ത് റേറ്റിങ് കൂട്ടാന്‍ ശ്രമിക്കുകയാണ്. പഹല്‍ഗാമിനിപ്പുറം പാകിസ്ഥാനില്‍ നടക്കുന്നതെന്തെന്ന് പറയാന്‍ അവര്‍ ശ്രമിക്കുന്നില്ല, അവിടെ ജനം എങ്ങനെ ജീവിക്കുന്നെന്ന് അവര്‍ അന്വേഷിക്കുന്നില്ല. മസാല വാര്‍ത്തകള്‍ കൊണ്ട് പുകമറയൊരുക്കാനാണ് മാധ്യമ ശ്രമം. ഓരോ മാധ്യമവും അവരുടെ കാഴ്‌ച്ചപ്പാട് അടിച്ചേല്‍പ്പിക്കാനുള്ള മത്സരമാണ്, അവരുടെ കാഴ്‌ച്ചപ്പാട് ‘മോര്‍ വ്യുവേഴ്‌സ് ദാന്‍ നിയേഴ്‌സ്’ എന്ന നിലയിലാണ്. മാധ്യമങ്ങള്‍ വര്‍ഗീയതയ്‌ക്ക് പകരം ദേശീയതയെ ഉയര്‍ത്തിക്കാണിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
തീവ്രവാദത്തിന് അതിരുകളില്ലെന്നും നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരതയ്‌ക്കതിരെ ഉറച്ച സമീപനം സ്വീകരിക്കണമെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച അഖിലഭാരതീയ പൂര്‍വ സൈനിക് സേവാപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍ പറഞ്ഞു.
ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, മുന്‍ എന്‍എസ്ജി കമാന്‍ഡോയും സംവിധായകനുമായ മേജര്‍ രവി, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, എബിവിപി സംസ്ഥാന അധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ നടന്ന അനന്തപുരി വിഷന്‍ സെമിനാര്‍ ഇന്‍ഡോര്‍ നഗരവികസനത്തിന് ചുക്കാന്‍ പിടിച്ച മധ്യപ്രദേശ് പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി പി. നരഹരി ഉദ്ഘാടനം ചെയ്തു. പദ്മശ്രീ ജി. ശങ്കര്‍, നഗരാസൂത്രണവിദഗ്ധന്‍ അനില്‍കുമാര്‍ പണ്ടാല, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: