മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപി മലപ്പുറം സെന്‍ട്രല്‍, ഈസ്റ്റ് ജില്ലാ കമ്മികള്‍ സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിറ്റ്‌ലറെ പോലെ നുണ പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണിത്. ജനങ്ങളെ വിഭജിക്കുന്ന നുണ പ്രചാരണമാണ് അവര്‍ നടത്തുന്നത്. ഭരണഘടനയെ മാനിക്കുന്നുവെന്ന് അവകാശപ്പെടുകയും ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വോട്ട് ബാങ്കിനുവേണ്ടി അവര്‍ എന്തും ചെയ്യും. മുനമ്പത്ത് പാവപ്പെട്ട കുടുംബാംഗങ്ങളെ കൈയൊഴിഞ്ഞ് വഖഫ് ഭേദഗതി ബില്ലിനെതിരെ അവര്‍ നിലപാടെടുത്തു. മുസ്ലിം സമൂഹത്തിന് ഗുണകരമാകുന്ന ഭേദഗതികളോടെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്. എന്നാല്‍ അതിനെതിരെയാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.
ഇടതു-വലതു മുന്നണികള്‍ തമ്മിലുള്ള വ്യത്യാസമില്ലാതായിരിക്കുന്നു. മകന്റെയും മകളുടെയും ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസിലെ രാജവംശം ശ്രമിക്കുമ്പോള്‍ കേരളത്തില്‍ മരുമകന്റെയും മകളുടെയും അഴിമതി മറയ്‌ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി, കാര്‍ഗില്‍ യുദ്ധത്തില്‍ മുന്നേറ്റം നടത്തിയ എന്‍ഡിഎ സര്‍ക്കാറിന് ശേഷം 2004 ല്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാരടങ്ങുന്ന അന്നത്തെ സര്‍ക്കാരിന് സിപിഎമ്മിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ കേരളത്തിന് ഒന്നും ലഭിച്ചില്ല.
വികസനം, പുരോഗതി, ക്ഷേമം ഇതാണ് എന്‍ഡിഎയുടെ ലക്ഷ്യവും മുദ്രാവാക്യവും. ബിജെപി-എന്‍ഡിഎ സര്‍ക്കാരിനേ രാജ്യത്തും സംസ്ഥാനത്തും മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷന്‍ പി.ആര്‍. രശ്മില്‍ നാഥ്, സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍ എന്നിവര്‍ കണ്‍വെന്‍ഷനുകളില്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ. രഞ്ജിത്ത്, എസ്. സുരേഷ്, മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. രാമചന്ദ്രന്‍, പി.പി. ഗണേശന്‍, ബി. രതീഷ്, അഡ്വ. എന്‍. ശ്രീപ്രകാശ്, ഷിനോജ് പണിക്കര്‍, ബിജു സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: