India

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത് സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, അദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, ഫലോദി, നല്‍, ഉത്തര്‍ലായ്, ഭുജ് ഉള്‍പ്പടെയുള്ള വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലാണ് ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമണത്തിന് പാകിസ്ഥാന്‍ ശ്രമിച്ചത്

Published by

ന്യൂദല്‍ഹി : വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി.അതേസമയം, നിയന്ത്രണ രേഖയ്‌ക്ക് സമീപം പാക് വെടിവെപ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ മരിച്ചെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശകാര്യ പ്രതിരോധകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ തുടക്കം. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത് സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, അദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, ഫലോദി, നല്‍, ഉത്തര്‍ലായ്, ഭുജ് ഉള്‍പ്പടെയുള്ള വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലാണ് ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമണത്തിന് പാകിസ്ഥാന്‍ ശ്രമിച്ചത്. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇവയെ നിര്‍വീര്യമാക്കി.

വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള അവശിഷ്ടങ്ങള്‍ ഈ ആക്രമണങ്ങളുടെ പിന്നില്‍ പാകിസ്ഥാന്‍ തന്നെയാണെന്ന് തെളിയിക്കുന്നതായി കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.ഇന്ത്യന്‍ ആക്രമണം പാകിസ്ഥാനി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കും.

ഐക്യരാഷ്‌ട്രസഭ സുരക്ഷാസമിതിയില്‍ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നപ്പോള്‍ ടിആര്‍എഫിന്റെ പങ്ക് പാകിസ്ഥാന്‍ നിരാകരിച്ചിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം രണ്ടുതവണ ടിആര്‍എഫ് ഏറ്റെടുത്തതിന് ശേഷമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം രൂക്ഷമാക്കുകയല്ല ഉദ്ദേശം.സംഘര്‍ഷങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിക്രം മിസ്രി വ്യക്തമാക്കി.സൈനിക കേന്ദ്രങ്ങളൊന്നും ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ല. പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രമേ ആക്രമിച്ചിട്ടുള്ളൂവെന്നും വിക്രം മിസ്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by