ന്യൂഡല്‍ഹി : പാകിസ്താന്റെ എയര്‍ ഡിഫന്‍സ് റഡാര്‍ തകര്‍ത്ത് ഇന്ത്യ. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പാക്കിസ്താന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടെന്നും എന്നാല്‍ അവ നിര്‍വീര്യമാക്കാന്‍ സാധിച്ചെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പാകിസ്താന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിന് പ്രതികാരമായി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണം സുദർശൻ ചക്ര” എന്ന് വിളിക്കപ്പെടുന്ന എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ തകർത്തത് . ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ നിരവധി പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു. റഷ്യൻ നിർമിത എസ്-400 ഉൾപ്പെടെയുള്ള ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക്ക്–ചൈന അതിര്‍ത്തികളില്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.
അവന്തിപുര, ശ്രീനഗര്‍, ജമ്മു, പഠാന്‍കോട്ട്, അമൃത്സര്‍, കപുര്‍ത്തല, ജലന്ധര്‍, ലുഥിയാന, അദംപുര്‍, ഭട്ടിന്ത, ഛണ്ഡീഗഡ്, നല്‍, ഫലോദി, ഉത്തര്‍ലൈ, ഭുജ് തുടങ്ങിയ സൈനിക കേന്ദ്രങ്ങള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു.തിരിച്ചറിയാന്‍ സാധിക്കാത്ത മിസൈലുകള്‍ പഞ്ചാബിലെ മൂന്ന് സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അമൃത്സറിന് അടുത്തുള്ള ദുധാല, ജെതുവാല്‍, പാന്ഥര്‍ എന്നിവിടങ്ങളിലാണ് ഇവ കണ്ടെത്തിയത്. ഇത് പ്രദേശവാസികളില് ആശങ്ക ഉണര്‍ത്തിയിരുന്നു.
അതേസമയം ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നാണ് രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: