ന്യൂദല്‍ഹി: ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നാരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി കേരളം.
നിലവില്‍ ഗവര്‍ണറുടെ പരിഗണനയില്‍ ബില്ലുകള്‍ ഇല്ലെന്നും അതിനാല്‍ ഹര്‍ജി അപ്രസക്തമായെന്നും കാണിച്ചാണ് കേരളം ബില്‍ പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി തേടിയത്. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാനുള്ള നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.
കേരളത്തിന്റെ ഹര്‍ജിയില്‍ വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങളുണ്ടെന്നും അതിനാല്‍ വിശദമായ വാദം കേള്‍ക്കണമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജി 13ന് പരിഗണിക്കാനായി മാറ്റി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്നു എന്നാരോപിച്ച് രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ നല്‍കിയിരുന്നത്. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുള്ളതാണ് ആദ്യത്തെ ഹര്‍ജി. ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്‌ട്രപതിയുടെ പരിഗണനക്ക് അയച്ചതിനെ ചോദ്യം ചെയ്തുള്ളതാണ് രണ്ടാമത്തെ ഹര്‍ജി. ഗവര്‍ണര്‍ക്കെതിരായ ആദ്യ ഹര്‍ജി പിന്‍വലിക്കാനാണ് കേരളം അനുമതി തേടിയത്. കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് റഫര്‍ ചെയ്തേക്കുമെന്ന ആശങ്ക കേരളത്തിനുണ്ട്. ഇതാണ് ഹര്‍ജി പിന്‍വലിക്കാന്‍ കേരളത്തിന്റെ പെട്ടെന്നുള്ള നീക്കത്തിന് കാരണം. തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജിയിലെ വിധി കേരളത്തിന്റെ ഹര്‍ജിക്കും ബാധകമാണെന്നാണ് കേരളം പറയുന്നത്. എന്നാല്‍ ഇതുരണ്ടും വ്യത്യസ്തമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: