സ്വാമി ഗീതാനന്ദന്‍
(ശ്രീശുഭാനന്ദാ ട്രസ്റ്റ് സെക്രട്ടറി)
ആത്മബോധോദയ സംഘസ്ഥാപകന്‍ ശുഭാനന്ദ ഗുരുദേവന്റെ 143-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവം ലോകമെങ്ങും ഭക്തജനങ്ങള്‍ ആഘോഷിക്കുകയാണ്. കലിയുഗത്തില്‍ സമ്പൂര്‍ണ ജ്ഞാനഖഡ്ഗിയായി അവതാരമെടുത്ത ശുഭാനന്ദ ഗുരുദേവന്‍ ‘ഒരുജാതി ഒരുമതം ഒരു ദൈവം’ എന്ന തത്ത്വത്തെ പരിപൂര്‍ണമായും നടപ്പിലാക്കിക്കൊണ്ടാണ് തന്റെ ആദര്‍ശത്തെ നയിക്കുന്നത്.
തിരുവല്ലയ്‌ക്കു സമീപം ബുധനൂര്‍ പടിഞ്ഞാറ്റും മുറിയില്‍ കുലായ്‌ക്കല്‍ എന്ന സാംബവ കുടുംബത്തില്‍ ഇട്ട്യാതി – കൊച്ചുനീലി ദമ്പതികളുടെ മകനായി കൊല്ലവര്‍ഷം 1057-ാമാണ്ട് മേടമാസം 17-ാം തീയതി (28/4/1882) വെള്ളിയാഴ്ച പൂരം നക്ഷത്രത്തില്‍ ഭൂജാതനായ ഗുരുദേവന് ഏഴാമത്തെ വയസ്സില്‍ പ്രത്യക്ഷീഭവിച്ച ദിവ്യദര്‍ശനമാണ് ശുഭാനന്ദഗുരുദേവനെയും ഈ ആദര്‍ശത്തെയും രൂപപ്പെടുത്തിയത്. ഈ ദര്‍ശനദീപ്തിയില്‍ നീലവൃത്താകാരം, ചന്ദ്രന്‍, നക്ഷത്രത്രയങ്ങള്‍, ശംഖ്, സൂര്യന്‍ എന്നീ പഞ്ചകിരണങ്ങള്‍ അടങ്ങിയിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ അമ്മ ഇഹലോകവാസം വെടിഞ്ഞതോടെ ജ്ഞാനത്തിന്റെ ഉറവുകള്‍ തേടി ഊരുതോറും സഞ്ചരിച്ചു. സല്‍ച്ചിന്തയ്‌ക്കുതകുന്ന വാക്കുകളും പ്രവര്‍ത്തികളും നിരന്തരമായി ചെയ്തുകൊണ്ട് ആത്മബോധത്തെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. യാത്രയ്‌ക്കൊടുവില്‍ ഇടുക്കി ജില്ലയിലെ കരിന്തരുവിയ്‌ക്കു സമീപമുള്ള അമ്പലപ്പാറ മലമുകളില്‍ ഒരു പുന്നമരച്ചുവട്ടില്‍ തപോവൃത്തിയിലേര്‍പ്പെട്ടു. രണ്ട് വര്‍ഷവും 11 മാസവും 22 ദിവസവും നീണ്ട മഹാതപസ്സിനൊടുവില്‍ സര്‍വജ്ഞാനത്തിന്റെ സമ്പൂര്‍ണതയുമായി തപോഭൂമി വിട്ടിറങ്ങി. തുടര്‍ന്ന് ഒരു പരിവ്രാജകനെപ്പോലെ പ്രയാണമാരംഭിച്ചു. തമിഴ്‌നാട്ടിലടക്കം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അനേക തപോധനന്മാരുമായി പരിചയപ്പെടുകയും ചെയ്തു. യാത്രയിലുടനീളം തപോബലത്താല്‍ വിവിധ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടുമിരുന്നു. അക്കാലത്താണ് മരിച്ചയാളിനെ പുനരുജ്ജീവിപ്പിച്ചതും അനേകരുടെ വസൂരിരോഗം ശമിപ്പിച്ചതും. ആ യാത്ര മാവേലിക്കരയ്‌ക്കു സമീപമുള്ള ചെന്നിത്തല, ചെറുകോല്‍ പ്രദേശത്തെത്തി. ഭക്തഭവനങ്ങള്‍ തോറും പ്രാര്‍ത്ഥനയും മറ്റും ദിനംപ്രതി ഉജ്ജ്വലിച്ചു വന്നു.
1107-ാമാണ്ടില്‍ ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ താമസിച്ചുകൊണ്ട് ‘ആത്മബോധോദയ സംഘം’ രജിസ്റ്റര്‍ ചെയ്തു. മാവേലിക്കര കൊട്ടാരത്തില്‍ രാമവര്‍മ്മ രാജ (ആര്‍ട്ടിസ്റ്റു തിരുമേനി), ധര്‍മ്മതീര്‍ത്ഥര്‍ എന്നിവര്‍ രക്ഷാധികാരികളായിരുന്നു. ഇന്ന് അനേകം ആശ്രമങ്ങളും ലക്ഷക്കണക്കിന് ഭക്തജനങ്ങളുമായി ആത്മബോധോദയ സംഘം ലോകത്തിന്റെ വിവിധയിടങ്ങളിലായി സത്യവും ധര്‍മ്മവും പാലിച്ചും പ്രചരിപ്പിച്ചും പ്രവര്‍ത്തിക്കുന്നു. 1125-മാണ്ട് കര്‍ക്കടകം 13-ാം തീയതി രാത്രി 8 മണിക്ക് ആ ദിവ്യചൈതന്യം ദേഹമുപേക്ഷിച്ചു.
‘നാം ദേഹമല്ല വിദേഹനാണ്. ആയതുകൊണ്ട് തനിക്കനുയോജ്യമായ ദേഹത്തെ സ്വീകരിച്ച് ലോകരക്ഷാര്‍ത്ഥം പൂര്‍വാധികം ശക്തിമത്തായി പ്രവര്‍ത്തിച്ച് ലോകരക്ഷ ചെയ്യുകതന്നെ ചെയ്യും’ എന്ന് മുന്നമേ കല്പിച്ച പ്രകാരം ആ ദിവ്യചൈതന്യം ആനന്ദജീ ഗുരുദേവനിലും, ഗുരുപ്രസാദ് ഗുരുദേവനിലും, സദാനന്ദസിദ്ധഗുരുദേവനിലും പ്രത്യക്ഷീഭവിച്ച് ഇന്നും ഭക്തലക്ഷങ്ങള്‍ക്ക് ആരാധ്യനായി ദേവാനന്ദ ഗുരുദേവനിലൂടെ ലോകരക്ഷ ചെയ്യുന്നു. പരിതപ്തരായ അനേകലക്ഷങ്ങള്‍ക്ക് അഭയസ്ഥാനമായി ഇന്ന് ശുഭാനന്ദാശ്രമം നിലകൊള്ളുന്നു.
ജാതി മത വര്‍ഗ്ഗ വര്‍ണ ഭേദചിന്തയില്ലാതെ ഏവര്‍ക്കുമൊരുപോലെ ഏകത്വമെന്ന ബോധത്തെ പ്രദാനം ചെയ്തുകൊണ്ട് ലോകനന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്ന സംഘം വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഭൗതികത്തെക്കാളുപരി ആദ്ധ്യാത്മിക ചിന്തകള്‍ക്ക് പ്രാധാന്യം കൊടുത്ത് അവനവന്‍ അവനവനെ തിരിച്ചറിഞ്ഞ് ആത്മമോക്ഷം പ്രാപിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ ലഭ്യമാകുക. ദല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നീ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലടക്കം ആശ്രമങ്ങള്‍ സ്ഥാപിച്ച് ഗുരുദേവ സന്ദേശങ്ങളെ പ്രചരിപ്പിച്ച് മാവേലിക്കര ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമം കേന്ദ്രസ്ഥാപനമാക്കി ശ്രീശുഭാനന്ദാ ട്രസ്റ്റ് സ്ഥാപിച്ച് ആത്മബോധോദയ സംഘം പ്രവര്‍ത്തിക്കുന്നു. ആത്മലോകക്ഷയ്‌ക്കായി തിരുവവതാരം ചെയ്ത ആ മഹാഗുരുവിന്റെ പൂരം ജന്മനക്ഷത്രമഹോത്സവം ഏപ്രില്‍ 28 മുതല്‍ മേയ് ഏഴ് വരെ പത്തു ദിനങ്ങളിലായി ലോകത്തെമ്പാടുമുള്ള ഭക്തലോകം ആഘോഷിക്കുന്നു. പൂരംപോലെ ഒരു പുണ്യദിനം ഈരേഴുലോകത്തിലില്ല എന്ന തിരിച്ചറിവോടെ..!
പ്രതികരിക്കാൻ ഇവിടെ എഴുതുക: