ന്യൂഡൽഹി: പഹൽഗാമിൽ മതം ചോദിച്ച് ഹിന്ദുക്കളായ പുരുഷന്മാരെ തെരഞ്ഞുപിടിച്ചായിരുന്നു ഭീകരർ കൊലപ്പെടുത്തിയത്. തങ്ങളുടെ മതം തിരിച്ചറിയാതിരിക്കാനും ഭർത്താക്കന്മാർ കൊല്ലപ്പെടാതിരിക്കാനും സിന്ദൂര രേഖയിലെ സിന്ദൂരം മായ്ച്ച് ഭീകരരിൽ നിന്നും രക്ഷപെട്ട സ്ത്രീകളുമുണ്ട്. ഭർതൃമതികളായ ഇന്ത്യൻ സ്ത്രീകൾ ആചാരപ്രകാരം സിന്ദൂര രേഖയിൽ സിന്ദൂരം അണിയാറുണ്ട്. ഭർത്താവ് മരിക്കുന്നതോടെ ഈ സിന്ദൂരം മായ്ച്ചു കളയും. പിന്നീട് സ്ത്രീകൾ സിന്ദൂരം അണിയാറില്ല.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകുന്ന ഓപ്പറേഷന് സിന്ദൂർ എന്ന പേര് നൽകുമ്പോൾ ഇനിയൊരിക്കലും ഭീകരരുടെ കൈകളാൽ ഇന്ത്യൻ പുരുഷന്മാർ കൊല്ലപ്പെടില്ലെന്ന ഉറപ്പാക്കണം ഇന്ത്യൻ സൈന്യവും ഭരണകൂടവും ഭാരതത്തിലെ സ്ത്രീകൾക്ക് നൽകുന്നത്. അതേസമയം, ഓപ്പറേഷന് സിന്ദൂർ സംബന്ധിച്ച് ഇന്നു രാവിലെ പത്തുമണിക്ക് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണമുണ്ടാകും.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് 12 ദിവസങ്ങൾക്ക് ശേഷമായിരുന്നെങ്കിൽ പഹൽഗാമിന് പകരം ചോദിക്കാൻ ഇന്ത്യ കാത്തിരുന്നത് 16 ദിവസമാണ്. 2019 ഫെബ്രുവരി 14 നാണ് പുൽവാമയിൽ 40 ഇന്ത്യൻ സൈനികരെ പാക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയത്. 12 ദിവസത്തിനുശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ബോംബിട്ടു. ഇത്തവണ പഹൽഗാം ഭീകരാക്രമണത്തിനു 16–ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നു. ഓപ്പറേഷൻ സിന്ദൂർ നടത്തിയതും അർധരാത്രിക്കു ശേഷമാണ്.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് ഇന്നു പുലർച്ചെയാണ്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യൻ ഭരണാധികാരികൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനായി ഇന്ത്യ തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകൾ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. പാക് സൈനിക ക്യാമ്പുകളോ ജനവാസ കേന്ദ്രങ്ങളോ ആക്രമിക്കപ്പെട്ടില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഭീകരക്യാംപുകൾ തകർത്തത്. പാകിസ്ഥാൻ വ്യോമമേഖലയിൽനിന്ന് ഇന്നലെ അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് ആക്രമണം സംബന്ധിച്ച് അഭ്യൂഹം പരന്നത്. ഇതേ സമയത്തു തന്നെ പാകിസ്ഥാനോട് അടുത്ത ഇന്ത്യൻ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനവും അവിടെയിറങ്ങാതെ മടങ്ങുകയായിരുന്നു. പാക് അധിനിവേശ കശ്മീരിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പ്രചരിച്ചതിന് പിന്നാലെ, പുലർച്ചെ 1.44ന് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: