India

ഇന്ത്യന്‍ സേനയുടെ ആക്രമണം ഭയന്ന് ഭീകരന്‍ ഹാഫിസ് സയ്യിദിന്റെ മകന്‍; തന്റെ പിതാവിനെ ഇന്ത്യന്‍ സൈന്യം വധിക്കാന്‍ സാധ്യതയുണ്ടെന്നും മകന്‍ തല്‍ഹ സയീദ്

പഹല്‍ ഗാം ആക്രമണത്തിനുള്ള പ്രതികാരത്തിന്‍റെ ഭാഗമായി തന്‍റെ പിതാവും ഭീകരനുമായ ഹാഫീസ് സയ്യിദിനെ ഇന്ത്യന്‍ സൈന്യം വധിക്കാന്‍ സാധ്യതയുണ്ടെന്ന് ഹഫീസ് സയിദിന്‍റെ മകന്‍ തല്‍ഹ സയീദ്. 2008ല്‍ 166 പേരെ കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് ലഷ്കര്‍ ഇ ത്വയിബ നേതാവായ ഹഫീസ് സയീദ്. .

Published by

ഇസ്ലാമബാദ് : പഹല്‍ ഗാം ആക്രമണത്തിനുള്ള പ്രതികാരത്തിന്റെ ഭാഗമായി തന്റെ പിതാവും ഭീകരനുമായ ഹാഫീസ് സയ്യിദിനെ ഇന്ത്യന്‍ സൈന്യം വധിക്കാന്‍ സാധ്യതയുണ്ടെന്ന് ഹഫീസ് സയിദിന്റെ മകന്‍ തല്‍ഹ സയീദ്. 2008ല്‍ 166 പേരെ കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് ലഷ്കര്‍ ഇ ത്വയിബ നേതാവായ ഹഫീസ് സയീദ്. .

കഴിഞ്ഞ കുറെ നാളുകള്‍ക്കുള്ളില്‍ പാകിസ്ഥാനിലെ പല ഭീകരനേതാക്കളും അജ്ഞാതന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ അജ്ഞാതന്‍ ഇന്ത്യന്‍ സൈന്യം തന്നെയാണെന്നാണ് പാക് ഭീകരര്‍ കരുതുന്നത്.

കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെയാണ് ഹഫീസ് സയ്യദിന്റെ മകന്‍ തല്‍ഹ സയീദ് പിതാവിനെ ഇന്ത്യന്‍ സൈന്യം ഉടന്‍ വധിക്കുമെന്ന ആശങ്ക പങ്കുവെച്ചിരിക്കുന്നത്. ഹഫീസ് സയ്യദിന്റെ മകന്‍ തല്‍ഹ സയീദും ഒരു പ്രഖ്യാപിത ഭീകരനാണ്. ഇന്ത്യ പാകിസ്ഥാനില്‍ നിന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന 55 ഭീകരരില്‍ 38ാമനാണ് തല്‍ഹ ഹഫീസ്.  ഹഫീസ് സയിദിനെ ആകട്ടെ ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹഫീസ് സയിദിനെ ഇന്ത്യ വധിക്കാന്‍ സാധ്യതയുണ്ടെന്ന ഭയം പാക് സൈന്യത്തിനുമുണ്ട്. അതിനാല്‍ ഹഫീസ് സയിദിനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന ലാഹോറിലെ മൊഹല്ല ജോഹാറില്‍ സ്പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പില്‍ പെട്ട പട്ടാളക്കാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. നല്ല ജനവാസമുള്ള ഒരു കേന്ദ്രത്തിലാണ് ഹഫീസ് സയിദിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ പള്ളിയും മദ്രസയും സാധാരണക്കാരുടെ ധാരാളം വീടുകളും ഉണ്ട്. ഇവിടെ ആക്രമിച്ചാല്‍ വന്‍ ജനനാശം ഉണ്ടാകുമെന്നതിനാല്‍ അത്തരം ഒരു ആക്രമണം ഇന്ത്യ ഒഴിവാക്കിയേക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഏത് നിമിഷവും തിരിച്ചടി നല്‍കുമെന്ന ആശങ്കയിലാണ് പാകിസ്ഥാന്‍. അതിര്‍ത്തിപ്രദേശങ്ങളില്‍ ഉടന്‍ ഇന്ത്യ ബോംബാക്രമണം നടത്തുമെന്ന ഭീതിയിലാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും പാക് പ്രതിരോധമന്ത്രി കരുതുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക