തിരുവനന്തപുരം: കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ശ്രമം പാര്‍ട്ടിയില്‍ കലാപത്തിനു കാരണമായ പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിന് കേരളത്തിലെ മുന്‍ അധ്യക്ഷന്‍മാരുടെ അഭിപ്രായം തേടി രാഹുല്‍ ഗാന്ധി. സ്വന്തം സംസ്ഥാനത്തെ വിഷയത്തില്‍ സമവായം കണ്ടെത്തുന്നതില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് രാഹുല്‍ നേരിട്ട് ഇടപെട്ടത്. തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തില്‍ തനിക്കും സഹോദരി പ്രിയങ്കയ്‌ക്കും അവസാന അത്താണിയായി മാറിയ വയനാട് ഉള്‍പ്പെടുന്ന കേരളത്തില്‍ ഇനിയൊരു പരാജയം പാര്‍ട്ടിക്കു താങ്ങാനാവില്ലെന്ന് രാഹുല്‍ കരുതുന്നു.
മുന്‍ പ്രസിഡന്റുമാരായ വി.എം.സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെയാണ് രാഹുല്‍ വിളിച്ച് സംസാരിച്ചത്.
നിലവിലുള്ള സാഹചര്യത്തില്‍ സുധാകരനെ നിര്‍ബന്ധിച്ച് രാജിവയ്‌പ്പിക്കുന്നത് ശരിയല്ലെന്നും അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് ആന്റോ ആന്റണിയെയും സണ്ണി ജോസഫിനെയും കൊണ്ടുവരുന്നത് ചില മത സംഘടനകള്‍ക്ക് വഴങ്ങുന്നതായി വ്യാഖ്യാനിക്കപ്പെടാമെന്നും ഉള്ള നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ പ്രകടിപ്പിച്ചത്. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ വിജയസാധ്യതയെ ബാധിക്കുന്ന ഒരു തീരുമാനവും എടുക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: