ദോഹ: പഹല്‍ ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍. മെയ് ആറ് ചൊവ്വാഴ്ച നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ഇന്ത്യയ്ക്കുള്ള ഖത്തറിന്റെ പിന്തുണ അറിയിച്ചത്. പൊതുവെ ഇസ്ലാമിനെ കണ്ണടച്ച് പിന്തുണയ്‌ക്കുന്ന ഖത്തര്‍ അമീറില്‍ നിന്നും ഇന്ത്യയ്‌ക്ക് പിന്തുണ കിട്ടിയത് പാകിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്.
.ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ എല്ലാ പിന്തുണയും ഖത്തര്‍ അമീര്‍ വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനു പിന്തുണ നല്‍കുമെന്നും ഖത്തര്‍ അമീര്‍ അറിയിച്ചു.
ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പിന്തുണ നല്‍കുകയുമാണ് ഖത്തര്‍ ചെയ്തിരിക്കുന്നത്. സഹകരണം ശക്തമാക്കി മുന്നോട്ട് പോകാന്‍ ഖത്തര്‍ അമീറും മോദിയും തീരുമാനിച്ചിട്ടുണ്ട്. ഖത്തര്‍ അമീര്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധിക്കുമെന്നും ഇരുനേതാക്കളും ഉറപ്പ് നല്‍കി.
അടുത്തിടെ ചാരവൃത്തിക്കേസില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ ഖത്തറില്‍ വധശിക്ഷയ്‌ക്ക് വിധിച്ച സംഭവത്തില്‍ അമീറുമായി മോദി നടത്തിയ ചര്‍ച്ച ഫലം കണ്ടിരുന്നു. എല്ലാവരെയും വിട്ടയക്കാന്‍ ഖത്തര്‍ പിന്നീട് തീരുമാനിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയായി വിലയിരുത്തിയിരുന്നു. ശേഷം നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായിട്ടാണ് അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചത്.
യുഎസ് പ്രസിഡന്‍റ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും ഇന്ത്യയ്‌ക്ക് സര്‍വ്വ പിന്തുണയും അറിയിച്ചിരുന്നു. അറബ് രാജ്യമായ സൗദി അറേബ്യ, യുഎഇ എന്നിവയൊന്നും ഇന്ത്യയ്‌ക്ക് എതിരായ നിലപാടുകള്‍ എടുത്തിട്ടില്ല. പകരം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക