India

ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നു; ചരിത്ര നാഴികക്കല്ലെന്ന് മോദി

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ വ്യാപാരയുദ്ധത്തിന്‍റെ പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര വ്യാപാരപങ്കാളിത്തം ഇനി കൂടുതല്‍ ആഴത്തിലാകാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

Published by

ന്യൂദല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ വ്യാപാരയുദ്ധത്തിന്റെ പ്രതിസന്ധിയ്‌ക്കിടയിലും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര വ്യാപാരപങ്കാളിത്തം ഇനി കൂടുതല്‍ ആഴത്തിലാകാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്ന സംഭവം ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി മോദിയും യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും തമ്മില്‍ ഫോണിലൂടെ ചര്‍ച്ച ചെയ്ത ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചത്.

എന്താണ് സ്വതന്ത്രവ്യാപാരക്കരാര്‍?
ചരക്ക്, സേവനം എന്നീ ബിസിനസ് മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്രമായ വ്യാപാരം നടത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന താരിഫുകള്‍, ക്വാട്ടകള്‍, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ പൂര്‍ണ്ണമായി എടുത്തുകളയുകയോ ഗണ്യമായി കുറയ്‌ക്കുകയോ ചെയ്യുക എന്നതാണ് സ്വതന്ത്രവ്യാപാരക്കരാര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം ഒരു കരാര്‍ നിലവില്‍ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഗണ്യമായി വര്‍ധിക്കും എന്നതാണ് മെച്ചം. 2022ലാണ് ഇന്ത്യയുടെ യുകെയും തമ്മില്‍ ഒരു സ്വതന്ത്രവ്യാപാരക്കരാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. മൂന്ന് വര്‍ഷത്തെ ശ്രമകരമായ ചര്‍ച്ചകള്‍ക്കും സംവാദത്തിനും ശേഷമാണ് സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നിരിക്കുന്നത്. ശരിക്കും ഇത് രണ്ട് രാജ്യങ്ങളിലെയും ഉഭയകക്ഷിവ്യാപാരബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ പോകുന്ന ചരിത്രസംഭവം തന്നെയാണിത്.

ഈ കരാര്‍ ഇന്ത്യയിലെയും യുകെയിലെയും ബിസിനസുകാര്‍ക്ക് വലിയ ബിസിനസ് സാധ്യതകള്‍ തുറന്നുകൊടുക്കും. വിവിധ വ്യാപാരമേഖലകളില്‍ ഇരു രാജ്യങ്ങളിലെയും ബിസിനസുകാര്‍ക്ക് വളര്‍ച്ചയുണ്ടാകും. ഒരു സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് മോദി പറഞ്ഞു. ഈ കരാര്‍ വ്യാപാരം, നിക്ഷേപം, വളര്‍ച്ച, തൊഴില്‍ സൃഷ്ടി, നവീനത എന്നിവ രണ്ട് രാജ്യങ്ങളിലെയും സമ്പദ്ഘടനയിലേക്ക് കൊണ്ടുവരുമെന്നും മോദി പറഞ്ഞു. കെയ്ര്‍ സ്റ്റാമറുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ഉദ്വേഗത്തോടെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.

ബ്രിട്ടനിലെ ബിസിനസുകാര്‍ക്കും ജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും സന്തോഷവാര്‍ത്തയാണിതെന്ന് കെയ്ര്‍ സ്റ്റാമര്‍ എക്സില്‍ കുറിച്ചു.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by