ചെന്നൈ: പാർട്ടി പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ വേദിയിലേക്ക് ലെെറ്റ് സ്റ്റാൻഡ് മറിഞ്ഞുവീണുണ്ടായ അപകടത്തിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ഡിഎംകെ എംപി എ. രാജ. ഞായറാഴ്ച മയിലാടുതുറൈയിൽ ആയിരുന്നു സംഭവം. വേദിയിലേക്ക് വെളിച്ചം ലഭിക്കാൻ സ്ഥാപിച്ചിരുന്ന ലെെറ്റ് സ്റ്റാൻഡ് ആണ് മറിഞ്ഞുവീണത്.
പ്രസംഗപീഠത്തില്‍നിന്ന് രാജ പ്രസംഗിക്കവേ അതിന് മുകളിലേക്കായി ലൈറ്റ് സ്റ്റാന്‍ഡ് മറിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ അവിടെനിന്ന് മാറിയതിനാല്‍ രാജയ്‌ക്ക് പരിക്കേറ്റില്ല. ശക്തമായ കാറ്റിനെ തുടര്‍ന്നായിരുന്നു ലൈറ്റ് സ്റ്റാന്‍ഡ് മറിഞ്ഞുവീണത്. രാജ പ്രസംഗം ആരംഭിച്ച് പതിനഞ്ച് മിനിറ്റോളം കഴിഞ്ഞാണ് അപകടമുണ്ടായത്. എംഎല്‍എ നിവേദ മുരുകന്‍, പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ശിവ മെയ്യനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ലൈറ്റ് സ്റ്റാന്‍ഡ് വീഴുന്നതിന്റെയും രാജയും വേദിയിലുണ്ടായിരുന്ന നേതാക്കന്മാരും ഭയചകിതരാകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ രാജയും നേതാക്കളും പരിപാടി അവസാനിപ്പിച്ച് വേദിവിട്ടു. അല്‍പസമയത്തിനു ശേഷം പ്രദേശത്ത് കനത്തമഴ പെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക