ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം - അദൈ്വതശങ്കരത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തുന്നു
ന്യൂദല്‍ഹി: ജീവിതം ധര്‍മത്തിനുവേണ്ടി സമര്‍പ്പിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കര ജയന്തി ആഘോഷം – അദൈ്വതശങ്കരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതം ഹ്രസ്വമാണ്, ഭയപ്പെട്ടിട്ട് കാര്യമില്ല, ജനിച്ചാല്‍ മരണം ഉറപ്പാണ്. അങ്ങനെയെങ്കില്‍ ആ മരണം ധര്‍മത്തിന് വേണ്ടിയായിക്കൂടെ എന്ന ചോദ്യവും പാഠവുമാണ് ശങ്കരാചാര്യര്‍ നമ്മുടെ മുന്നില്‍ വെക്കുന്നത്.
വരാനിരിക്കുന്ന തലമുറകള്‍ക്കായി തങ്ങളുടെ ജീവിതം സമ്പൂര്‍ണമായി ധര്‍മത്തിനുവേണ്ടി, സംസ്‌കൃതിക്ക് വേണ്ടി സമര്‍പ്പിച്ച പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് ധര്‍മത്തെ സംരക്ഷിക്കുക. ആരെയും ഉപദ്രേവിക്കാനോ, ഇല്ലാതാക്കാനോ അല്ല, വീറോടെ, ധീരതയോടെ, ധൈര്യത്തോടെ നമ്മുടെ ധര്‍മത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ജീവിക്കുന്നെങ്കില്‍ ഇവിടെ മരിക്കുകയാണെങ്കിലും ഇവിടെ എന്ന തീരുമാനമെടുക്കണം. എന്നാല്‍ ഒരു ഭീകരനും നമ്മെ ഇവിടെ നിന്ന് ഓടിക്കാന്‍ സാധിക്കില്ല. എന്നാല്‍ മാത്രമെ ഈ ഭാരത ഭൂമിയെ നമുക്ക് ഇതുപോലെ ഇവിടെ നിലനിര്‍ത്താന്‍ സാധിക്കൂ. പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തെക്കാള്‍ മഹത്തരമെന്ന ശ്രീരാമവചനം നമുക്ക് മുന്നിലുണ്ട്. നമ്മുടെ സ്വര്‍ഗം ഈ ഭൂമി തന്നെയാണ്. ശങ്കരാചാര്യര്‍ ധര്‍മത്തെ മാത്രമല്ല, രാഷ്‌ട്രത്തെയും സംരക്ഷിക്കാനുള്ള ദര്‍ശനമാണ് മുന്നോട്ട് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക