അടുത്ത സെന്‍സസില്‍ ജാതികളുടെ വിവരങ്ങളും രേഖപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ എടുത്താല്‍ പൊങ്ങാത്ത അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്ത് വരികയുണ്ടായി.
ജാതി സെന്‍സസ് നടപ്പാക്കാന്‍ തങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയെന്നാണ് ചരിത്രബോധമില്ലാതെ കോണ്‍ഗ്രസ് അവകാശപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം ജാതി സെന്‍സസിന് എതിരായ നിലപാട് എടുത്തുപോന്നിട്ടുള്ളത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന വസ്തുതയാണ് ഇവിടെ മറച്ചുവയ്‌ക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ജാതി സെന്‍സസിനെ എതിര്‍ത്തവരാണ്. തുടര്‍ച്ചയായി മൂന്നു തെരഞ്ഞെടുപ്പുകളില്‍ ബിജെപി അധികാരത്തിലേറിയതോടെയാണ് ജാതി സെന്‍സസിനെക്കുറിച്ചുള്ള വെളിപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടായത്. നരേന്ദ്ര മോദി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെയിറക്കി അധികാരം കൈക്കലാക്കുന്നതിന് വേണ്ടിയുള്ള ആയുധമായി ജാതി സെന്‍സസ് ഉപയോഗിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. സാമൂഹ്യനീതിയുടെ പ്രശ്‌നമൊന്നും അതില്‍ വരുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ജാതി സര്‍വേ നടത്തി അത് ജാതി സെന്‍സസാണെന്ന് പ്രചരിപ്പിക്കുകയാണ്. ഹിന്ദു സമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിച്ച് രാഷ്‌ട്രീയ നേട്ടം കൊയ്യുക എന്ന ദുഷ്ടലാക്കാണ് ഇതിനു പിന്നിലുള്ളത്.
ഇതില്‍നിന്ന് വ്യത്യസ്തമാണ് അടുത്ത സെന്‍സസിനോടൊപ്പം ജാതി സെന്‍സസ് കൂടി ഉള്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം. എല്ലാ വസ്തുതകളും പരിഗണിച്ചുകൊണ്ടും, സാമൂഹത്തില്‍ രാഷ്‌ട്രീയക്കളികള്‍ മൂലം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും ജാതി വിവരങ്ങള്‍ സെന്‍സസിലാണ് ഉള്‍പ്പെടുത്തേണ്ടത്, സര്‍വേകളിലൂടെയല്ല എന്നത് മോദി സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ഈ നീക്കം രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ ശക്തിപ്പെടുത്തും.
എന്നാല്‍ കോണ്‍ഗ്രസ് തെറ്റായ വിധത്തില്‍ ബഹുമതി അവകാശപ്പെടുകയാണ്. സത്യം ജനങ്ങള്‍ക്കറിയാം. ജവഹര്‍ലാല്‍ നെഹ്‌റു ജാതി സംവരണത്തെ കര്‍ശനമായി എതിര്‍ത്തയാളാണ്. ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ഈ വിഷയം അനിശ്ചിതമായി നീട്ടി കൊണ്ടുപോയി.
1977-ല്‍ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘം ഉള്‍പ്പെടുന്ന ജനതാ പാര്‍ട്ടി സര്‍ക്കാരാണ് സാമൂഹിക നീതി സ്ഥാപിക്കാന്‍ മണ്ഡല്‍ കമ്മീഷനെ നിയോഗിച്ചത്. നെഹ്‌റുവില്‍ നിന്നും ഇന്ദിരാഗാന്ധിയില്‍ നിന്നും വ്യത്യസ്തമായി ഈ തീരുമാനത്തെ ജനസംഘം നേതാക്കളായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയും എല്‍.കെ. അദ്വാനിയും പൂര്‍ണമായി പിന്തുണച്ചിരുന്നു. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉപയോഗ ശൂന്യമാക്കുകയാണ് പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്. പിന്നീട് ബിജെപി പിന്തുണയുള്ള വി.പി. സിങ് സര്‍ക്കാരാണ് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജാതികളെ ഉപയോഗിക്കുന്നത്. ബിജെപി മാത്രമാണ് ഇതിന് അപവാദം. ജാതിയുടെ പേരില്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിന് എക്കാലവും ബിജെപി എതിരായിരുന്നു. രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുക്കള്‍ മുന്നോക്ക- പിന്നാക്ക ഭേദമില്ലാതെ ഐക്യപ്പെട്ടതാണ് കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായത്. അന്നുതൊട്ട് ഹിന്ദുക്കളെ വിഭജിക്കാനുള്ള ആയുധം തേടുകയാണ് കോണ്‍ഗ്രസ്. ഹിന്ദുക്കളെ വിഘടിപ്പിക്കുകയും മുസ്ലിങ്ങളെ ഏകീകരിക്കുകയുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് അവര്‍ ജാതി സെന്‍സസിന്റെയും വക്താവാകുന്നത്. അല്ലെങ്കില്‍ പത്തുവര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് നടപ്പാക്കാതിരുന്നത്?
സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തെ ആര്‍എസ്എസ് സ്വാഗതം ചെയ്യുകയുണ്ടായി. ജാതി സെന്‍സസിന് ആര്‍എസ്എസ് എതിരല്ലെന്നും, അത് രാഷ്‌ട്രീയ ആയുധമാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ഔദ്യോഗികമായി തന്നെ വ്യക്തമാക്കപ്പെട്ടു. ജാതീയമായ വിവേചനങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണെന്നും, സാമൂഹ്യ സമരസതയിലൂടെ അതിന് പരിഹാരം കാണണമെന്നുമാണ് ആര്‍എസ്എസിന്റെ എക്കാലത്തെയും കാഴ്ചപ്പാട്. ജാതി സെന്‍സസും ഇതിലേക്ക് നയിക്കുന്നതാവണം. ജാതിയെ അടിസ്ഥാനമാക്കിയുള്ള വിഭജനങ്ങളെയും വേര്‍തിരിവുകളെയും എതിര്‍ക്കുന്ന നിലപാടാണ് ആര്‍എസ്എസ് പിന്തുടര്‍ന്നിട്ടുള്ളത്.
സമാജിക സമരസത പ്രയോഗത്തില്‍ വരുത്താനാണ് ഈ പ്രസ്ഥാനം ദീര്‍ഘകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാലാണ് ജാതി സെന്‍സസ് രാഷ്‌ട്രീയ അജണ്ടയാവരുതെന്ന് ഊന്നിപ്പറയുന്നത്. ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് ഏറ്റെടുത്തിട്ടുള്ള സുപ്രധാന ദൗത്യങ്ങളിലൊന്നാണ് സാമൂഹ്യ സമരസത. ജാതി സെന്‍സസും ആത്യന്തികമായി സാമൂഹ്യ സമരസതയിലേക്ക് നയിക്കുന്നതാവണം.
ജാതി സംബന്ധിച്ചുള്ള വിവരശേഖരണം സമൂഹത്തിന്റെ, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം. സ്വാഭാവികമായും സര്‍ക്കാരിന് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ വേണം.
സാമൂഹിക നീതിയും ജനാധിപത്യ പ്രാതിനിധ്യവും സാമ്പത്തിക സമത്വവും നേടിയെടുക്കാനുള്ള മുന്നേറ്റത്തിലാണ് ഭാരതം. ഇത് സംബന്ധിച്ച നയരൂപീകരണങ്ങള്‍ക്ക് ജാതി സെന്‍സസ് വലിയ തോതില്‍ സഹായകമാകും.
കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു വലിയ കണക്കെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ അതിനെ ഭാവാത്മകമായി പിന്തുണയ്‌ക്കാനുള്ള ബാധ്യത ഒരോ രാഷ്‌ട്രീയ പാര്‍ട്ടിക്കും ജന വിഭാഗങ്ങള്‍ക്കുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: