തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ നടത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ നിര്‍ദേശിച്ചു. പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണം. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല. സര്‍ക്കാരിതര ഏജന്‍സികളും, ക്ലബ്ബുകളും, വിവിധ സംഘടനകളും സ്‌കൂള്‍ അവധി ദിവസങ്ങളില്‍ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവു.
പഠനത്തോടൊപ്പം കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്. കുട്ടികള്‍ക്ക് സമ്മര്‍ദ്ദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം ഓരോ സ്‌കൂളിലും ഉണ്ടാവണം. പഠനത്തിന്റെ ഭാഗമായുള്ള കലാ-കായിക മത്സരങ്ങളിലെ പങ്കാളിത്തവും കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണമെന്നും കമ്മിഷന്‍ നിരീക്ഷിക്കുന്നു.സ്‌കൂള്‍ വാര്‍ഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികള്‍ക്ക് ഉച്ചമുതല്‍ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ചു തളര്‍ന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ കാണാന്‍ കഴിഞ്ഞതായി തോട്ടടയിലെ റിട്ടേയര്‍ഡ് ടീച്ചര്‍ കമ്മിഷന് സമര്‍പ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: