ബെംഗളൂരു: നെഹ്രുവിനെ പല കാര്യങ്ങളിലും ഇഷ്ടമാണെങ്കിലും കശ്മീരിന്റെ കാര്യത്തിലും ചൈനയുടെ കാര്യത്തിലും ഇന്ത്യയുടെ സാമ്പത്തിക നയത്തിലും നെഹ്രു എടുത്ത തീരുമാനങ്ങള്‍ കാരണം ഇന്ത്യ കഷ്ടപ്പെടുകയാണെന്ന് ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ മോഹന്‍ദാസ് പൈ. കോണ്‍ഗ്രസ് അനുഭാവിയും നെഹ്രു ഭക്തനുമായ മോഹന്‍ദാസ് പൈയുടെ ഈ വിമര്‍ശനം പലരെയും ഞെട്ടിച്ചു.
“സ്വാതന്ത്ര്യത്തിന് ശേഷമുള്ള അനവധി ദശകങ്ങളില്‍ ഇന്ത്യ തിരിച്ചടി നേരിട്ടത് നെഹ്രുവിന്റെ മോശം സാമ്പത്തിക നയങ്ങള്‍ കാരണമാണ്”- മോഹന്‍ദാസ് പൈ വിമര്‍ശിച്ചു. സ്റ്റാന്‍ഫോര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സ് 2025ല്‍ പ്രസംഗിക്കുകയായിരുന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്കുന്ന ആരിന് കാപിറ്റല്‍ ഉടമ കൂടിയായ മോഹന്‍ദാസ് പൈ.
“ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള 40 വര്‍ഷങ്ങളില്‍ ഇന്ത്യ തിരിച്ചടി നേരിട്ടത് നെഹ്രുവിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ്. ഇപ്പോഴും ഈ നയങ്ങളുടെ പേരില്‍ നമ്മള് വലിയ വില കൊടുക്കേണ്ടി വരികയാണ്. പ്രത്യേകിച്ചും കശ്മീര്‍, ചൈന, സാമ്പത്തികനയങ്ങള്‍ എന്നീ കാര്യങ്ങളില്‍.”- മോഹന്‍ദാസ് പൈ പറഞ്ഞു.
“1947ല്‍ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ കാരണം ഇന്ത്യ മുരടിച്ചു. ദല്‍ഹിയിലുള്ള ഒരു പിടി നേതാക്കള്‍ കരുതി അവര്‍ക്ക് 33 കോടി ഇന്ത്യക്കാരെ ഭരിയ്ക്കാന്‍ അറിയാമെന്ന്. പക്ഷെ വെള്ളക്കാരായ സാമ്രാജ്യവാദികള്‍ പോയപ്പോല്‍ തവിട്ടുനിറക്കാരായ സാമ്രാജ്യവാദികള്‍ അധികാരം ഏറ്റെടുക്കുകയായിരുന്നു. “- മോഹന്‍ദാസ് പൈ ചൂണ്ടിക്കാട്ടി.
“1947ല്‍ 3.5 ശതമാനം വെച്ചായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ഏഷ്യ അന്ന് 6.5 ശതമാനം വെച്ചും ലോകം 4.5 ശതമാനം വെച്ചും സാമ്പത്തിക വളര്‍ച്ച നേടുമ്പോഴായിരുന്നു ഇതെന്ന് ഓര്‍ക്കണം.. ഇതിന് കാരണം നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളാണ്. 1980ല്‍ ഇന്ത്യ 1950നേക്കാള്‍ ദരിദ്രമായി. പിന്നീട് 1991ല്‍ നിവൃത്തിയില്ലാത്തവിധം തകര്‍ന്നപ്പോഴാണ് സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പാക്കേണ്ടി വന്നത്. അതിന് ശേഷം ഇന്ത്യ വളര്‍ന്നു. “- മോഹന്‍ദാസ് പൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: