1860-ലെ ഇന്ത്യന്‍ പീനല്‍കോഡ്, ഭാരതീയന്യായസംഹിതയായും സിവില്‍ നിയമങ്ങള്‍ക്കു കൂടി ബാധകമായ 1872-ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് ഭാരതീയ സാക്ഷ്യ അധീനിയമായും 1973-ലെ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയായും 2024 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നത് എറണാകുളം സ്വാമി ലാ ഹൗസ് ഇംഗ്ലീഷിലും മലയാളത്തിലുമായി ഒന്നിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രസക്തമായ മാറ്റങ്ങളോടെ ഐ.പി.സിയിലെ 511 വകുപ്പുകള്‍ ബി.എന്‍.എസില്‍ 358 ആയി കുറച്ചപ്പോള്‍ സി.ആര്‍.പി.സിയിലെ 484 വകുപ്പുകള്‍ ബി.എന്‍.എസ്.എസില്‍ 531 ആയും മാറി. എവിഡന്‍സ് ആക്റ്റിലെ 170 വകുപ്പുകള്‍ സാക്ഷ്യ അധീനിയത്തില്‍ മാറ്റങ്ങളോടെ നിലനിര്‍ത്തിയിരിക്കുന്നു.
ശരീരത്തിനെതിരായ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, രാജ്യദ്രോഹം, ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങള്‍, ആള്‍ക്കൂട്ടക്കൊലപാതകം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളെ വളരെ ഗൗരവതരമായി കാണാ
നും, അവയ്‌ക്ക് നിലവിലെ നിയമത്തില്‍ ചേര്‍ത്ത ശിക്ഷകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കുറ്റത്തിന്റെ ഗൗരവസ്വഭാവത്തിന്റെ തോതനുസരിച്ച് പിഴ വര്‍ദ്ധിപ്പിക്കാനും, ജയില്‍ശിക്ഷയുടെ കാലയളവ് ദീര്‍ഘിപ്പിക്കാനും പുതുക്കിയ നിയമം ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവയ്‌ക്കെതിരെ വലിയ ജാഗ്രത പുലര്‍ത്തുന്നു ബി.എന്‍.എസ്.വിചാരണവേളയില്‍ തടങ്കലിലിരിക്കുന്ന കുറ്റാരോപിതര്‍ക്ക് താരതമ്യേന ശിക്ഷാകാലയളവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുന്ന തരത്തിലുള്ള വ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബി.എന്‍.എസ്.എസ്. വിചാരണകളും വിസ്താരങ്ങളും അന്വേഷണങ്ങളും ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത് അനുദിനം പുരോഗമിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യയെ കുറ്റാന്വേഷണത്തില്‍ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കിയിരിക്കുന്നു. ബലാല്‍സംഗവുമായി ബന്ധപ്പെട്ട കേസുകളില്‍ മെഡിക്കല്‍ ഓഫീസറുടെ വൈദ്യപരിശോധനയുടെ കാര്യത്തില്‍ സാധാരണ പോലീസുകാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ഈ സംഹിത നല്‍കുന്നു. ‘Justice delayed is justice denied-‘ എന്ന വാദം നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്ന കാലത്ത് കുറ്റവിചാരണയുടെയും വിധിപ്രസ്താവനത്തിന്റെയും ദയാഹര്‍ജിയുടെയും മറ്റും ഘട്ടങ്ങള്‍ക്ക് കാലാവധി നിശ്ചയിച്ചിരിക്കുന്നത് വേഗത്തില്‍ നീതി ലഭിക്കാന്‍ അവസരമൊരുക്കുന്നു.
ബി.എസ്.എയിലാകട്ടെ, ഇലക്‌ട്രോണിക് രേഖകളും ഡോക്യുമെന്റുകളായി പരിഗണിക്കുന്ന സ്ഥിതി ഉള്‍പ്പെടുത്തിയത് കുറ്റവിചാരണയുടെയും ശിക്ഷാവിധിയുടെയും കാര്യത്തില്‍ വലിയ മുന്നേറ്റമാണുണ്ടാക്കുക. വാക്കാലുള്ള തെളിവുകളും ഇലക്‌ട്രോണിക്കായി നല്‍കാവുന്നതാണ്. ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ക്കും വലിയ സ്വീകാര്യതയ്‌ക്ക് വേദിയൊരുങ്ങുന്നു.
പുതിയ ക്രിമിനില്‍ മേജര്‍ നിയമഗ്രന്ഥങ്ങളിലെ വകുപ്പുകള്‍ താരതമ്യപ്പെടുത്തുന്ന പട്ടികകള്‍, പിഴയും തടവിന്റെ കാലാവധിയും പരിഷ്‌കരിച്ചതിന്റെ പട്ടികകള്‍, പ്രസക്തമായ വിധിന്യായങ്ങളുടെ സംഗ്രഹങ്ങളും സമഗ്രമായ വിഷയപദസൂചികകളും (Subject Index) ഈ നിയമഗ്രന്ഥങ്ങളുടെ പഠനത്തെ ഏറെ പ്രയോജനപ്രദമാക്കുന്നു. 2022 ലെ ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍ നിയമവും (2022-ലെ 11) ചട്ടങ്ങളും സര്‍ക്കുലറും ചേര്‍ത്തിട്ടുള്ളത് കൂടുതല്‍ സഹായകമാണ്. ഈ മൂന്ന് ഗ്രന്ഥങ്ങളും ഇംഗ്ലീഷില്‍ തയ്യാറാക്കിയത് അഡ്വ.എന്‍.വൈ വെങ്കിടും മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് കേരളസംസ്ഥാന ഓഡിറ്റ് വകുപ്പില്‍നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച കെ.വി അനില്‍കുമാറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: