ഭാരതീയ മനഃശാസ്ത്രത്തിന് അതിപുരാതനമായ ചരിത്രമാണുള്ളത്. തൈത്തിരീയ ഉപനിഷത്തിലെ പഞ്ചകോശ സിദ്ധാന്തം, സാംഖ്യ ദര്‍ശനത്തിലെ പ്രകൃതി പരിണാമം മുതലായവയിലൂടെ ഇത് വ്യക്തമാകുന്നതാണ്. മനസ്സ് ശരീരത്തിന്റെ അഥവാ മസ്തിഷ്‌ക്കത്തിന്റെ ഉല്‍പ്പന്നമല്ല എന്നതാണ് ഇവ വെളിപ്പെടുത്തുന്നത്. തൈത്തിരീയ ഉപനിഷത്തില്‍, ശരീരം പഞ്ചഭൂത നിര്‍മിതമായിട്ടുള്ളതും, അന്നംകൊണ്ട് നിലനില്‍ക്കുന്നതുമാണ്. അതിനെ പ്രവര്‍ത്തിപ്പിക്കുന്നത് പ്രാണനും മനസ്സും ചേര്‍ന്നാണ്. സാംഖ്യ ദര്‍ശമനുസരിച്ച് മനസ്സ് പഞ്ചഭൂതങ്ങള്‍ക്കു മുമ്പുണ്ടാകുന്ന തത്ത്വമാണ്. അതിനാല്‍ പഞ്ചഭൂത നിര്‍മിതമാകുന്ന ശരീരത്തിന്റെ ഉല്‍പ്പന്നമല്ല. ഭാരതീയ മനഃശാസ്ത്രത്തില്‍, മനസ്സ് ശരീരത്തില്‍ നിന്ന് വിഭിന്നമായ തത്ത്വമാണെങ്കിലും അതിന് സ്വതന്ത്രമായ അസ്തിത്വം കല്‍പ്പിക്കുന്നില്ല. അതീന്ദ്രീയവും ആദിശക്തിയുമാകുന്ന പ്രകൃതിയുടെ ഉല്‍പ്പന്നമാകുന്ന മനസ്സ് അതിന്റെ പ്രവര്‍ത്തനത്തിന് അനശ്വരവും ആത്മതത്ത്വവുമാകുന്ന ശുദ്ധബോധത്തെ ആശ്രയിച്ചുമിരിക്കുന്നു.
മാര്‍ക്സിസവും ബിഹേവ്യറിസവും
പാശ്ചാത്യരുടെ മനഃശാസ്ത്രം പ്രത്യേക പഠനശാഖയായി തുടക്കം കുറിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നു. തുടക്കത്തില്‍ അവര്‍ക്ക് മനസ്സ് ശരീരത്തില്‍ നിന്ന് വ്യത്യസ്തമായ തത്ത്വമായിരുന്നു. എന്നാല്‍ ജോണ്‍ ബി.വാട്സണ്‍ നേതൃത്വം നല്‍കിയ ‘ബിഹേവ്യറിസം’ അനുസരിച്ച് മനസ്സ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമായി. ഇപ്രകാരം പാശ്ചാത്യ മനഃശാസ്ത്രം മനസ്സിനെ ശാരീരിക തലത്തിലേക്ക് തരം താഴ്‌ത്തിക്കൊണ്ട് ഭൗതിക വാദത്തെ പിന്താങ്ങുന്നതായി മാറി. മനഃശാസ്ത്രത്തിന് ഭൗതിക ശാസ്ത്രപദവി നേടിയെടുക്കാനായിരുന്നു ഈ നീക്കം. കാരണം പുരാതന ഗ്രീസില്‍ പ്ലേറ്റോ, അരിസ്റ്റോട്ടില്‍ പിന്നീട് ആധുനിക കാലത്ത് റെനെ ദെക്കാര്‍ത്തെ, ഇമാന്വല്‍ കാന്റ് മുതലായ ആദര്‍ശവാദികള്‍ മനസ്സിനെ അനശ്വരതത്ത്വമായികണ്ടിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി മനസ്സിനെ ഭൗതികമായിത്തന്നെ നിര്‍വചിക്കുക വഴി ബിഹേവ്യറിസം ഒരര്‍ത്ഥത്തില്‍ മാര്‍ക്സിസത്തിന്റെ ഭൗതികവാദം ശിരസാ വഹിക്കുകയായിരുന്നു. മനസ്സ് ശരീരത്തിന്റെ ഉല്‍പ്പന്നമെന്നായിരുന്നല്ലോ മാര്‍ക്സിന്റെ സിദ്ധാന്തം. ഇപ്രകാരം തന്നെ ബിഹേവ്യറിസം വാദിക്കുന്നത്, മനസ്സ് ഇന്ദ്രിയാനുഭൂതങ്ങളോടുള്ള മസ്തിഷ്‌ക്കത്തിന്റെ പ്രതികരണം മാത്രമാണെന്നാണ്.
ഇരുപതാം നൂറ്റാണ്ടില്‍ സിഗ്മണ്ട് ഫ്രോയിഡിന്റെ അപഗ്രഥന മനഃശാസ്ത്രം (ജ്യെരവീമിമഹ്യശെ)െ വിഷയലോകത്തിനു മാത്രം യാഥാര്‍ത്ഥ്യം കല്പിച്ചതിനാല്‍ അനശ്വരമായ അടിസ്ഥാന തത്ത്വങ്ങളും മതവും ആത്മീയതയുമൊക്കെ വെറും മിഥ്യാധാരണകളായി. ഫ്രോയിഡ് മനസ്സിനെ മൂന്നു തലങ്ങളായി വിഭജിച്ചു: അഹംബോധം അഥവാ ബോധമനസ്സ്, ഉപബോധം, സൂപ്പര്‍ ഈഗോ. അടിച്ചമര്‍ത്തപ്പെടുന്ന ജന്‍മവാസനകളെയും വികാരങ്ങളെയുമാണ് ഉപബോധമനസ്സില്‍പ്പെടുത്തിയത്. ബോധ മനസ്സിനെ സദാ സ്വാധീനിച്ചുകൊണ്ട് അതിനു പിന്നില്‍ വസിക്കുന്നതിനാലാണ് ഇതിനെ ഉപബോധം എന്നു വിളിച്ചത്. ഫ്രോയിഡിന്റെ ‘സൂപ്പര്‍ ഈഗോ’ സാമൂഹിക നിയമങ്ങള്‍ക്കനുസരിച്ച് തെറ്റും ശരിയും ബോധ്യപ്പെടുത്തിക്കൊണ്ട് മനഃസാക്ഷിയെ പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയാണ്. ഇതിന്റെ പ്രവര്‍ത്തനം പൊതുവെ വ്യക്തിതാല്പര്യങ്ങള്‍ക്ക് എതിരാകുന്നു. അമിതമായാല്‍ വ്യക്തിയുടെ സ്വകാര്യസന്തോഷങ്ങളെയെല്ലാം തടസ്സപ്പെടുത്തുക വഴി സ്വാഭാവിക മനഃസ്ഥിതിയെ തകര്‍ക്കുമെന്നാണ് ഫ്രോയിഡ് വാദിച്ചത്.
ബോധമനസ്സിനെക്കാള്‍ വമ്പിച്ച തോതില്‍ ശക്തിമത്തായ ഉപബോധ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ ബോധ മനസ്സ് അടിച്ചമര്‍ത്തുന്നുവെന്നതാണ് ഇവിടെ പ്രസക്തമായ കാര്യം. അടിച്ചമര്‍ത്തല്‍ അധികമാകുമ്പോള്‍ സംഘര്‍ഷം കാരണം ബോധമനസ്സ് ക്ഷയിക്കുന്നു. അപ്പോള്‍ ഉപബോധ മനസ്സ് ബോധമനസ്സിനെ കയ്യടക്കുകയും, വ്യക്തി മാനസിക രോഗാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നുവെന്നാണ് ഫ്രോയിഡിന്റെ വ്യാഖ്യാനം. ഈ വ്യാഖ്യാനത്തിലെ പൊരുത്തക്കേട് വളരെ വ്യക്തമാണ്. സാധാരണമനസ്സിനെക്കാള്‍ എത്രയോ മടങ്ങ് ശക്തിയുള്ള ഉപബോധത്തെ നിയന്ത്രിക്കാന്‍ കെല്പുള്ളതാണ് ബോധമനസ്സ് എന്ന വസ്തുത ഇവിടെ കണക്കിലെടുക്കാതെ പോകുന്നു. മാത്രമല്ല, അടിച്ചമര്‍ത്തല്‍ എന്ന് വ്യാഖ്യാനിക്കപ്പെടുന്ന നിയന്ത്രണം എല്ലാവരിലും രോഗാവസ്ഥയുണ്ടാക്കുന്നില്ല. പക്ഷേ ഫ്രോയിഡിന്റെ സിദ്ധാന്തത്തിന് മനഃശാസ്ത്രരംഗത്തുണ്ടായതിനെക്കാള്‍ വളരെ വലിയ സ്വാധീനമാണ് മറ്റ് സാംസ്‌കാരിക മേഖലകളിലുണ്ടായത്. ഇതിന് പ്രധാന കാരണം കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടെയും ഉത്തരാധുനികരുടെയും പ്രവര്‍ത്തനമാണ്. അനശ്വരതത്ത്വത്തെ നിഷേധിക്കുന്നതും, ബോധമനസ്സിന്റെ, പ്രത്യേകിച്ച് യുക്തിയുടെ മേല്‍ക്കോയ്മയെ താഴെയിറക്കുന്നതുമായ ഫ്രോയിഡ്യന്‍ സിദ്ധാന്തം ഇവരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. അതിനാല്‍ ഫ്രോയിഡിനെ ഇവര്‍ ഏറ്റെടുത്ത് വമ്പിച്ച പ്രചാരം നല്‍കി.
ഫ്രോയിഡിന്റെ ആശ്രിതര്‍
മനസ്സിന്റെ മേലുള്ള അതീന്ദ്രിയ ബോധത്തിന്റെ സ്വാധീനം അംഗീകരിച്ചവരായിരുന്നു ആദര്‍ശവാദികള്‍ പൊതുവെ. ഒപ്പം തന്നെ മനസ്സിന്റെ യുക്തിതലമായ ബുദ്ധിക്ക് കൂടുതല്‍ പ്രാധാന്യവും ഇവര്‍ കല്പിച്ചിരുന്നു. യുക്തിക്ക് മേല്‍ക്കോയ്മ നല്‍കുന്ന സിദ്ധാന്തം (ഞമശേീിമഹശാെ) ആധുനികതയുടെ സവിശേഷതയായിരുന്നു. എന്നാല്‍ യുക്തിയുടെ മേല്‍ക്കോയ്മയെ തകര്‍ക്കുക എന്നത് ദറിദ നയിച്ച ഉത്തരാധുനികരുടെ പ്രഖ്യാപിത നയമായി. മനസ്സിന്റെ ഘടനയെ തകര്‍ക്കുന്ന കാര്യത്തില്‍ ചില കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും ഉത്തരാധുനികരും നീങ്ങിയത് സിഗ്മണ്ട് ഫ്രോയിഡിന്റെ മാര്‍ഗ്ഗത്തിലൂടെയാണ്. ബോധതലത്തിലെ മേല്‍ക്കോയ്മകളെ താഴെയിറക്കി അന്തരംഗത്തില്‍ അഴിച്ചുപണി നടത്താനായി ഉപബോധമനസ്സിന്റെ സഹായം തേടാനുള്ള സാഹസിക നീക്കമായിരുന്നു ഇവരില്‍ ചിലരുടേത്. മനസ്സുമായി ബന്ധപ്പെടുത്തിയുള്ള അതീന്ദ്രിയ സാന്നിധ്യത്തെയെല്ലാം നിരസിക്കുന്നതില്‍ ദറിദ ഫ്രോയിഡിനെയാണ് അനുഗമിക്കുന്നത്. ഫ്രോയിഡിന്റെ സിദ്ധാന്തമനുസരിച്ച് ബോധമനസ്സ് ഉപബോധ മനസ്സിന്റെ പരിണതഫലം മാത്രമാണെന്ന വാദവും ദറിദ സ്വീകരിക്കുകയുണ്ടായി. ഇപ്രകാരം ബോധമനസ്സിനെ, പ്രത്യേകിച്ച് യുക്തിയെ തരംതാഴ്‌ത്തുന്നതില്‍ ദറിദ ഫ്രൊയിഡ്യന്‍ സിദ്ധാന്തം ഉപയോഗപ്പെടുത്തിയിരുന്നു.
ഫ്രോയിഡിനെ ചേര്‍ത്തുപിടിച്ചവരില്‍ ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂളിലെ ചില പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. എറിക്ക് ഫ്രോം, ഹെര്‍ബര്‍ട്ട് മാര്‍ക്യുസ മുതലായ പണ്ഡിതന്‍മാര്‍ കാറല്‍ മാര്‍ക്സിനെയും ഫ്രോയിഡിനെയും കൂട്ടിവായിക്കാന്‍ ശ്രമിച്ചവരായിരുന്നു. സാമൂഹികമായും വ്യക്തിപരമായും മനുഷ്യര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകളെ നേരിടാനെന്നമട്ടിലാണ് കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും ഉത്തരാധുനികരും ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാല്‍ സാംസ്‌കാരിക രംഗത്തെ അടിസ്ഥാനതത്ത്വങ്ങളെയും സാമൂഹിക ചിട്ടകളെയും ദൂരീകരിച്ച് സാംസ്‌കാരിക അരാജകത്വമാണ് ഇവരുടെ യഥാര്‍ത്ഥ ദൗത്യം. ഇക്കാര്യത്തില്‍ ഫ്രോയിഡ്യന്‍ സിദ്ധാന്തം ഇവര്‍ക്ക് അനുഗ്രഹമായിത്തീര്‍ന്നു.
മാര്‍ക്യുസയുടെ ചരിത്രവീക്ഷണം
മാര്‍ക്സിന്റെയും ഫ്രോയിഡിന്റെയും ധാരണകളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനിയാണ് ഹെര്‍ബര്‍ട്ട് മാര്‍ക്യുസ. 1955-ല്‍ പ്രസിദ്ധീകൃതമായ മാര്‍ക്യുസയുടെ ‘ഈറോസ് ആന്‍ഡ് സിവിലിസേഷന്‍’ എന്ന പുസ്തകം മാര്‍ക്സിനെയും ഫ്രോയിഡിനെയും കൂട്ടിയിണക്കുന്നതാണ്. മാര്‍ക്യുസ വിഭാവനം ചെയ്യുന്നത് സാമൂഹിക സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയുള്ള മനുഷ്യന്റെ മാനസിക വികാസത്തെയാണ്. ഫ്രോയിഡിന്റേത് മനഃശാസ്ത്രമായിരുന്നു എന്നതാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ളത്. അതായത് വ്യക്തിയുടെ മനസ്സില്‍ സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു ഫ്രോയിഡിന്റെ നിഗമനം. എന്നാല്‍ വ്യക്തിക്കു മേലുള്ള സാമൂഹിക സമ്മര്‍ദ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന രാഷ്‌ട്രീയ സംവിധാനത്തെക്കുറിച്ചായിരുന്നു മാര്‍ക്യുസയുടെ ചിന്ത. ഇവിടെ മാര്‍ക്യുസ തന്റെ ആചാര്യനായ മാര്‍ക്സിനെത്തന്നെയാണ് അടിസ്ഥാനപരമായി പിന്‍പറ്റുന്നത്. അടിച്ചമര്‍ത്തലുകളെ ചെറുക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നത് മുതലാളിത്ത വ്യവസ്ഥിതിയാകുന്നുഎന്നാണ് മാര്‍ക്യുസ പരാതിപ്പെടുന്നത്. മാര്‍ക്യുസയുടെ അഭിപ്രായത്തില്‍ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ സൃഷ്ടിയല്ല, മറിച്ച് മനസ്സിന്റെ മേലുള്ള സാമൂഹിക മര്‍ദ്ദനങ്ങള്‍ക്കെതിരെയുള്ള സമരങ്ങളുടേതാണ്.
ലിയോത്താര്‍ഡിന്റെ ഫ്രോയിഡ്യന്‍ ധാരണ
വ്യക്തിയെ സംബന്ധിച്ചുള്ള ഴാന്‍ ഫ്രാന്‍സിസ് ലിയോത്താര്‍ഡിന്റെ ധാരണകള്‍ തികച്ചും ഫ്രോയിഡിനെ അനുഗമിച്ചുള്ളവയാണ്. ലിയോത്താര്‍ഡിന്റെ ‘ലിബിഡിനല്‍ ഇക്കോണമി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നപ്രകാരം മനുഷ്യന്റെ ഉപബോധ മനസ്സ് ഏറ്റവും ശക്തമായ വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും തലമാകുന്നു. ഇവയുടെ ഊര്‍ജമാണ് ബോധ മനസ്സിന്റെ ആവിര്‍ഭാവങ്ങള്‍ക്ക് കാരണം. ബോധമനസ്സ് സൃഷ്ടിക്കുന്ന ഘടനകളും ചിട്ടകളുമെല്ലാം ഉപബോധ മനസ്സിന്റെ ഊര്‍ജത്താല്‍ സൃഷ്ടിക്കപ്പെടുന്നവയാണ്. അതിനാല്‍ ഉപബോധ തലമാണ് ബോധ മനസ്സിന്റെ അടിസ്ഥാനവും, വ്യക്തിയുടെ പ്രാഥമിക യാഥാര്‍ത്ഥ്യവും. ബോധമനസ്സാകട്ടെ രണ്ടാം തരമാണ്. അതിനാല്‍ അത് പ്രാഥമിക തലത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അസ്വാഭാവികമാണത്രേ.
പുറംലോകത്തും മനുഷ്യന്റെ അന്തരംഗത്തിലും ഉള്ളതെല്ലാം യാദൃച്ഛിക സംഭവങ്ങള്‍ മാത്രമാണ്. അതിനാല്‍ ഒന്നിന്റെയും സാര്‍വ്വലൗകികത നിശ്ചയിക്കാനാവില്ലെന്നാണ് ലിയോത്താര്‍ഡ് തുടര്‍ന്ന് വാദിക്കുന്നത്. മനുഷ്യരുടെ അനുഭവങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമപ്പുറം ഒരു ലോക യാഥാര്‍ത്ഥ്യത്തെയും ലിയോത്താര്‍ഡ് അംഗീകരിക്കുന്നില്ല. യാദൃച്ഛിക സംഭവങ്ങളുടെ നിരകള്‍ മാത്രമാണ് പുറമെയുള്ള ലോകവും മനുഷ്യന്റെ അന്തരംഗവും.
ഏറ്റവുമധികം ആശ്ചര്യമുളവാക്കുന്ന ലിയോത്താര്‍ഡിന്റെ വാദം, വ്യക്തികളുടെ തീവ്രവും വൈകാരികവുമായിട്ടുള്ള ആന്തരചോദനകളുടെ അഥവാ ലൈംഗിക ഊര്‍ജങ്ങളുടെ (libidinal energies) പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തനങ്ങളാണ് പുറം ലോകത്തെയും അതിലെ ഘടനകളെയും സ്ഥിരമായ വ്യവസ്ഥകളെയും സൃഷ്ടിക്കുന്നതെന്നാണ്. ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന ഘടനകളും വ്യവസ്ഥകളും അതിന്റെ സ്രോതസ്സിനെത്തന്നെ അടിച്ചമര്‍ത്താനും ചൂഷണം ചെയ്യാനും കാരണമാകുന്നുവെന്നാണ് ലിയോത്താര്‍ഡിന്റെ നിഗമനം. അതുകാരണം ഈ പ്രാഥമിക ഊര്‍ജങ്ങളുടെ വീര്യം കെട്ടുപോവുകയും, പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ലിയോത്താര്‍ഡ് ആശ്വാസം കൊള്ളുന്നത്, മനുഷ്യന്റെ ഈ പ്രാഥമിക സര്‍ഗ്ഗശക്തിക്ക് ഘടനകളെ സൃഷ്ടിക്കാന്‍ മാത്രമല്ല നശിപ്പിക്കാനും സാധിക്കുമെന്നതിലാണ്.
ഉപബോധമനസ്സ് അസ്ഥിരവും അയുക്തികവുമായ വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും തലമാണ്. മനുഷ്യന്റെ പ്രാഥമിക യാഥാര്‍ത്ഥ്യം ഈ തലമാണെന്ന ഉത്തരാധുനികരുടെ വാദം എത്ര അപരിഷ്‌കൃതവും മ്ലേച്ഛവുമായ നിലവാരത്തിലേക്കാണ് മനുഷ്യനെ താഴ്‌ത്തിക്കെട്ടുന്നത്! സമകാലീന കലാ-സാഹിത്യത്തില്‍ പൊതുവെ ചേര്‍ക്കപ്പെടുന്ന ലൈംഗികതയുടെ രസക്കൂട്ടിനു പിന്നില്‍ ഫ്രോയിഡിനെ നെഞ്ചിലേറ്റിയ ഉത്തരാധുനികരുടെയും കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടെയും പ്രചോദനമാണെന്നാണ്ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന മറ്റൊരു കാര്യം.
മനുഷ്യന്റെ അനുഭവങ്ങള്‍ക്കപ്പുറം ഒരു വാസ്തവവുമില്ലെന്നും, അനുഭവങ്ങള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും വാദിക്കുന്നവരും, അതേസമയം ഈ അനുഭവങ്ങളെ ഭൗതികതയുടെ ചങ്ങലകൊണ്ട് ബന്ധിക്കുന്നവരുമാണ് കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും ഉത്തരാധുനികരും. മറ്റെല്ലാ അടിച്ചമര്‍ത്തലുകളെയും നിരാകരിച്ച ശേഷം കാലികമായിട്ടുള്ള അസ്തിത്വങ്ങളിലും അനിശ്ചിതാവസ്ഥകളിലും അന്തമില്ലാത്ത ഇന്ദ്രിയ വിഷയങ്ങളിലും മനുഷ്യനെ ഇവര്‍ തളച്ചിടുന്നു. ഇതും അടിച്ചമര്‍ത്തല്‍ തന്നെയല്ലേ? പ്രപഞ്ച രഹസ്യവും ആത്യന്തിക സത്യവും അറിയാനുള്ള മനുഷ്യ മനസ്സിന്റെ തീവ്രാഭിലാഷങ്ങളുടെ മേല്‍ ഇന്ദ്രിയ വിഷയങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുന്ന വൈരുദ്ധ്യമാണ് ഇവര്‍ കാഴ്ചവയ്‌ക്കുന്നത്. മനുഷ്യരുടെ ലൗകികമാത്രമായ അസ്തിത്വത്തെയും ബന്ധങ്ങളെയും മുന്‍നിര്‍ത്തി പഠനം നടത്തുന്ന കാര്യത്തില്‍ പാരമ്പര്യ മാര്‍ക്സിസവും കള്‍ച്ചറല്‍ മാര്‍ക്സിസവും ഉത്തരാധുനികതയും ഫ്രോയിഡ്യന്‍ സിദ്ധാന്തവും കൈകോര്‍ക്കുന്നു. ഈ വ്യാഖ്യാനങ്ങള്‍, നദിയുടെ ഒഴുക്കില്‍പ്പെട്ട വസ്തുക്കളെപ്പോലെ മനുഷ്യരെ വിഷയപ്രവാഹത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ട് ലക്ഷ്യമറിയാതെ ഉഴലുന്നവരാക്കി മാറ്റുന്നു. നേരേ മറിച്ച്, അവയിലൂടെ ലഭ്യമാകുന്ന ഉള്‍ക്കാഴ്ചയും സമഗ്രവീക്ഷണവും കൊണ്ട് വിഷയലോകത്ത് മുങ്ങിമരിക്കാതെ ആത്മസംയമനം നേടാനും വിഷയത്തെ ജയിച്ചു നില്‍ക്കുന്ന വിഷയിയാകാനും സാധിക്കുന്നു എന്നതാണ് ബൃഹദാഖ്യാനങ്ങളുടെ പ്രയോജനം.
(തുടരും)
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: