India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

Published by

ന്യൂദൽഹി : മനുസ്മൃതിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ജ്യോതിർമഠ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി . പാർലമെന്റിൽ മനുസ്മൃതിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സനാതന ധർമ്മത്തെ അപമാനിക്കുന്നതാണെന്നും വിശദീകരണം തേടുന്ന അഭ്യർത്ഥനകൾക്ക് മറുപടി നൽകാത്തതിനാലാണ് അദ്ദേഹത്തെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതെന്നും ശങ്കരാചാര്യ പറഞ്ഞു.

മനുസ്മൃതി ബലാത്സംഗികളെ സംരക്ഷിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം . തുടർന്ന് രാഹുലിന്റെ പരാമർശത്തിന്മേൽ വിശദീകരണം ആവശ്യപ്പെട്ടു . എന്നാൽ അദ്ദേഹം പ്രതികരിക്കാൻ പോലും തയ്യാറായില്ല . തങ്ങളുടെ കത്തുകളും അവഗണിച്ചു . രാഹുൽ ഗാന്ധി ഹിന്ദുമതത്തിനെതിരെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“പ്രസംഗത്തിനിടെ അദ്ദേഹം ആദ്യം ഭരണകക്ഷി അംഗങ്ങളെ ലക്ഷ്യം വച്ചിരുന്നു, പിന്നീട് മനുസ്മൃതിക്കെതിരെ പരാമർശം നടത്തി. ഇത് ഞങ്ങളുടെ ധർമ്മഗ്രന്ഥമാണ്. ഭരണകക്ഷിയുടെ ബെഞ്ചുകളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് രാഹുൽ പറഞ്ഞത് ‘നിങ്ങളുടെ പുസ്തകത്തിൽ’ അത് എഴുതിയിട്ടുണ്ട് എന്നാണ്, അതായത് അദ്ദേഹം സ്വയം ഒരു ഹിന്ദുവായി കണക്കാക്കുന്നില്ല എന്നാണ് അതിനർത്ഥം . മനുസ്മൃതിയെ തന്റെ ഗ്രന്ഥമായി കണക്കാക്കാത്ത ഒരാൾക്ക് ഹിന്ദുവാകാൻ കഴിയില്ല. അദ്ദേഹത്തെ ക്ഷേത്രങ്ങളിൽ നിന്ന് വിലക്കണമെന്നും പുരോഹിതന്മാർ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തരുതെന്നും ഞങ്ങൾ തീരുമാനിച്ചു.” ശങ്കരാചാര്യ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക