ന്യൂദൽഹി : പാകിസ്ഥാനിലെ രണ്ട് വലിയ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ ഇന്ത്യ വീണ്ടും ഡിജിറ്റൽ നടപടി സ്വീകരിച്ചു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രസിഡന്റ് ബിലാവൽ ഭൂട്ടോ സർദാരി, മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പിടിഐ സ്ഥാപകനുമായ ഇമ്രാൻ ഖാൻ എന്നിവർക്കെതിരെയാണ് നടപടി. ഈ രണ്ട് നേതാക്കളുടെയും എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഇതിനു മുമ്പുതന്നെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഖ്വാജ ആസിഫ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി വിഷം വമിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യയ്‌ക്കെതിരെ ആണവ ആക്രമണം നടത്തുമെന്ന് പോലും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.
ബിലാവൽ ഭൂട്ടോയും ഇന്ത്യയ്‌ക്കെതിരെ നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. വെള്ളം തടഞ്ഞാൽ നദികളിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് ബിലാവൽ ഭൂട്ടോ ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഭൂട്ടോ ഇക്കാര്യം പറഞ്ഞത്.
“സിന്ധു നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും, ഒന്നുകിൽ നമ്മുടെ വെള്ളം അതിൽ ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും. മോഹൻജൊദാരോ നാഗരികത ലാർക്കാനയിലാണ്. ഞങ്ങളാണ് അതിന്റെ യഥാർത്ഥ സംരക്ഷകർ, ഞങ്ങൾ അത് സംരക്ഷിക്കും” – ഭൂട്ടോ പ്രസംഗത്തിൽ പറഞ്ഞു. ഇതിനു പുറമെ സിന്ധും സിന്ധു ജനതയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം തകർക്കാൻ പ്രധാനമന്ത്രി മോദിക്ക് കഴിയില്ലെന്നും ബിലാവൽ പറഞ്ഞിരുന്നു.
നേരത്തെ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനലായ ഡോൺ ന്യൂസ്, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, ദി പാകിസ്ഥാൻ റഫറൻസ്, ജിയോ ന്യൂസ്, സമ സ്പോർട്സ്, ഇർഷാദ് ഭട്ടി, ജിഎൻഎൻ, ഉസൈർ ക്രിക്കറ്റ്, അമർ ചീമ എക്സ്ക്ലൂസീവ്, അസ്മ ഷിറാസി, മുനിബ് ഫാറൂഖ്, സുനോ ന്യൂസ് എച്ച്ഡി, റാസി നാമ എന്നിവയും ഇന്ത്യ നിരോധിച്ചിരുന്നു. ഈ യൂട്യൂബ് ചാനലുകൾക്ക് കോടിക്കണക്കിന് സബ്‌സ്‌ക്രൈബർമാരുണ്ട്.
ഇതിനുപുറമെ, പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിന്റെ (പിഎസ്എൽ) സംപ്രേക്ഷണവും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ പിഎസ്എൽ സംപ്രേഷണം നിർത്തിവച്ചിരിക്കുകയാണ്. അതേസമയം സോണി സ്പോർട്സ് നെറ്റ്‌വർക്കും ഇന്ത്യയിൽ പിഎസ്എൽ ലീഗ് സംപ്രേഷണം നിർത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക