പ്രശസ്ത നടന്‍ ആമിര്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേവ്‌സ്-2025 വേദിയില്‍
മുംബൈ: വന്‍ വിജയങ്ങള്‍ക്കായി ചലച്ചിത്ര പ്രവര്‍ത്തകരും സിനിമ നിര്‍മാതാക്കളും ആഗോളാടിസ്ഥാനത്തില്‍ ചിന്തിക്കണമെന്ന് പ്രശസ്ത നടന്‍ ആമിര്‍ഖാന്‍. വേവ്‌സ്-2025 ദൃശ്യ-ശ്രാവ്യ -വിനോദ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ആമിര്‍ഖാന്‍. പുതിയ സാങ്കേതികവിദ്യകള്‍ ലോകത്തെ ഒരുമിപ്പിക്കുകയാണ്. ആഗോള അടിസ്ഥാനത്തില്‍ ചിന്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ ഏകദേശം 500 കോടി രൂപയുടെ അന്താരാഷ്‌ട്ര ധാരണ പത്രങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. വിവിധ വിദേശ കമ്പനികള്‍ ഭാരതത്തിലെ നിര്‍മാതാക്കളുമായും സാങ്കേതിക വിദഗ്ധരുമായും സഹകരിക്കാന്‍ തയ്യാറായി വിവിധ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. സൗദി അറേബ്യ വിനോദ വ്യവസായ രംഗത്തും ഗെയിമിങ്ങിലും വന്‍ തുക മുതല്‍മുടക്കാന്‍ ആഗ്രഹിക്കുന്നതായി സൗദിയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിക്കുന്ന ഫൈസല്‍ ബിന്‍ ബന്ദാര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സൗദ് വ്യക്തമാക്കി, കഴിഞ്ഞ ഒരു ദശകത്തില്‍ സൗദിയില്‍ വിനോദ വ്യവസായ രംഗത്തുണ്ടായ മാറ്റം അദ്ദേഹം വിവരിച്ചു. ഭാരതവുമായി ചേര്‍ന്ന് ഈ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ക്ക് ആഗ്രഹമുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന എ.ആര്‍. റഹ്മാന്‍ ഷോയോട് കൂടി ഉച്ചകോടിക്ക് സമാപനം ആകും.
ആദ്യമായാണ് ഒരു സര്‍ക്കാര്‍ അന്താരാഷ്‌ട്ര തലത്തില്‍ ഇത്തരം ഒരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഭാരത സിനിമാ -മാധ്യമ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് ഭാരതസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇവിടെ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി നയ രൂപീകരണം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ആമിര്‍ഖാന്‍ പറഞ്ഞു. ഓപ്പണ്‍ ഹൈമര്‍ എന്ന അന്താരാഷ്‌ട്ര ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന്റെ നിര്‍മാതാവായ ചാള്‍സ് റോവനും ഇതേ അഭിപ്രായം പങ്കുവച്ചു. ഭാരത സംവിധായകരും നിര്‍മാതാക്കളും ആഭ്യന്തര വിപണി മാത്രം ലക്ഷ്യമിടുന്നത് പരിമിതിയാണ്. സിനിമകള്‍ നിര്‍മിക്കുമ്പോള്‍ അന്താരാഷ്‌ട്രതലത്തില്‍ ഉള്ള പ്രേക്ഷകരെ മുന്നില്‍കണ്ട് ചെയ്യാനാകണം. ഭാരത സിനിമ വ്യവസായത്തിന് അതിനുള്ള കരുത്തുണ്ടെന്ന് റോവന്‍ ചൂണ്ടിക്കാട്ടി.
ടെലിവിഷനും ഒടിടിയും സാര്‍വത്രികമായ കാലത്തും തീയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടെന്നും റോവന്‍ പറഞ്ഞു. അന്തര്‍ദേശീയമായ കാഴ്ചപ്പാടോടെ ഈ രംഗത്തെ സമീപിക്കാനായാല്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതികവിദ്യകള്‍ പുതിയ കാലത്തെ സിനിമാ വ്യവസായത്തിന് കരുത്ത് പകരുമെന്ന് നമിത മല്‍ഹോത്ര ചൂണ്ടിക്കാണിച്ചു. സിനിമ നിര്‍മാണം ഇന്ന് വളരെ എളുപ്പമായി മാറിയിരിക്കുന്നു. ഈ രംഗത്തെ സാങ്കേതികവിദ്യകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഫിലിം മേക്കേഴ്‌സ് തയാറാകണമെന്നും മല്‍ഹോത്ര പറഞ്ഞു. കായിക മേഖലയെ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ചാണ് പ്രശസ്ത ക്രിക്കറ്റര്‍ രവിശാസ്ത്രി സംസാരിച്ചത്. മാധ്യമങ്ങള്‍ കായിക താരങ്ങളെ വളര്‍ത്തുന്നതിലും ലോകത്തിന് പരിചയപ്പെടുത്തുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. ഇരു വിഭാഗത്തിനും പരസ്പര സഹകരണത്തോടെ വന്‍ നേട്ടം ഉണ്ടാക്കാം. കായിക മത്സരങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ആധുനിക സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപകാരപ്പെടുന്നു എന്നും രവിശാസ്ത്ര ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക