കൊച്ചി: അച്ഛന് കരള്‍ പകുത്ത് നല്കിയ അക്ഷര എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ പരീക്ഷയെഴുതി. കരള്‍ രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ അജിതനാണ് മകള്‍ അക്ഷരയുടെ കരള്‍ സ്വീകരിച്ചത്.
ഉത്തര്‍പ്രദേശില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജിയിലെ അവസാന വര്‍ഷ ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അക്ഷര. പരീക്ഷയ്ക്കായുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് അച്ഛന് രോഗം സ്ഥിരീകരിച്ചത്. ആദ്യം വീടിനു സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ലിസി ആശുപത്രിയിലെ ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലേക്ക് എത്തുകയായിരുന്നു.
അച്ഛന്റെ ജീവന് രക്ഷിക്കാന്‍ തന്റെ പരീക്ഷ തടസമാകരുതെന്നും അത് പിന്നീടൊരവസരത്തില്‍ എഴുതാമെന്നും പറഞ്ഞുകൊണ്ട് കരള്‍ പകുത്തു നല്കുവാന് അക്ഷര മുന്നോട്ട് വരികയായിരുന്നു. ഏപ്രില്‍ എട്ടിന് നടന്ന കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെ അച്ഛനും മകളും ആശുപത്രി വിട്ടു. നിലവില്‍ ആശുപത്രിയോടു ചേര്‍ന്നുള്ള വീട്ടില്‍ താമസിക്കുകയാണ് അജിതന്. ആരോഗ്യം വീണ്ടെടുത്ത അക്ഷരയാകട്ടെ പരീക്ഷയ്ക്കുവേണ്ടിയുള്ള തയാറെടുപ്പുകള്‍ പുനരാരംഭിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിയ അക്ഷര കഴിഞ്ഞ ദിവസം കരളുറപ്പോടെ പരിക്ഷയെഴുതി.
ലിസി ആശുപത്രി കരള്‍ രോഗവിഭാഗം തലവന്‍ ഡോ. ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഡോ. ഷാജി പൊന്നമ്പത്തയില്‍, ഡോ. കെ. പ്രമില്‍, ഡോ. മിഥുന് എന്‍.കെ, ഡോ. രാജിവ് കടുങ്ങപുരം, ഡോ. കെ. ആര്. വിഷ്ണുദാസ്, ഡോ. വി. ദീപക്, ഡോ. വിഷ്ണു. എ. കെ. എന്നിവരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: