തിരുവനന്തപുരം: കാര്യസ്ഥനില്‍ ദിലീപ്, തേജാബായി ആന്റ് ഫാമിലിയില്‍ പൃഥ്വിരാജ്…ഈ രണ്ട് നായകന്മാരുടെ കൂടെ അഭിനയിക്കുകയും രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെ നായികയായ അഖില പ്രശസ്തയായി. പക്ഷെ പിന്നീട് അഖില ശശിധരന് അധികം മലയാള സിനിമയില്‍ ഉണ്ടായില്ല. അതിന് ശേഷം അഖില ശശിധരന് എന്ന നടി എവിടെപ്പോയി എന്ന അന്വേഷണവും ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളില്‍ പരന്നിരുന്നു.
എന്തായാലും അഖില ഇക്കാലയളവില്‍ കഥക് പഠിച്ചു. മുംബൈയില്‍ നിന്നാണ് ഇത് പഠിച്ചത്. ഭരതനാട്യം നര്‍ത്തകിയായിരുന്നു. കളരി നേരത്തെ അഭ്യസിച്ചിരുന്നു. ഇതിനിടെ കര്‍ണ്ണാടകസംഗീതം പഠിച്ച അഖില നല്ലൊരു ഗായിക കൂടിയാണ്. നര്‍ത്തകി എന്ന നിലയില്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്തുന്നതോടൊപ്പം അഖില ഇപ്പോള്‍ നല്ലൊരു ആത്മീയ പ്രഭാഷക കൂടിയായി അഖില രംഗത്തെത്തിയിരിക്കുകയാണ്.
കുട്ടിക്കാലം മുതലേ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു കൂടുതല്‍ വായിച്ചിരുന്നത് ആത്മീയപുസ്തകങ്ങള്‍ ആയിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ആത്മീയമായ അന്വേഷണങ്ങള്‍ നടത്തിയിരുന്നതായി അഖില പറയുന്നു. വലിയ ആത്മീയപ്രഭാഷകയായി പരിഗണിക്കപ്പെടുമോ എന്ന് തനിക്ക് സംശയമുണ്ടെന്നും എങ്കിലും സാമൂഹ്യപ്രശ്നങ്ങള്‍ കൂടി ബന്ധപ്പെടുത്തിയും സമകാലികപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയും ആണ് ആത്മീയസംഭാഷണങ്ങള്‍ നടത്തുന്നതെന്നും അഖില പറയുന്നു. നൃത്തവും സംഗീതവും കളരിയും എല്ലാം പഠിക്കുമ്പോള്‍ തന്നെ കൂടുതലായി ആഴത്തില്‍ ആത്മീയതയും അന്വേഷിക്കുമായിരുന്നു അഖില.
ത്വരിതഗതിയുള്ള ചലനം ഉണ്ടാകുന്നിടത്ത് തന്നെയാണ് ശാന്തതയും മൗനവും ഉണ്ടാകുന്നതെന്നും അതാണ് ശിവനും ശക്തിയുമെന്നും അഖില പറയുന്നു. നിശ്ചലമായ ജലത്തില്‍ എങ്ങിനെയാണോ ചെറിയ ഓളങ്ങള്‍ ഉണ്ടാകുന്നത് അതാണ് ശിവനും ശക്തിയും എന്നും അഖില വിശദീകരിക്കുന്നു. ഗള്‍ഫിലെ സ്കൂള്‍ പഠനത്തിന് ശേഷം നാട്ടില്‍ ഭാരതീയ വിദ്യാഭവനില്‍ പഠിക്കാന്‍ എത്തിയ കാലമാണ് തന്നിലെ ആത്മീയചിന്തകളെ ഉദ്ദീപിപ്പിച്ചതെന്ന് അഖില പറയുന്നു. ഭാരതീയ വിദ്യാഭവനില്‍ നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നെന്നും അതിലെ ആത്മീയപുസ്തകങ്ങള്‍ മുഴുവന്‍ താന്‍ വായിച്ചുതീര്‍ത്തുവെന്നും ഇതെല്ലാം കൂടുതല്‍ അന്വേഷണത്തിന് പ്രേരിപ്പിച്ചിരുന്നതായും അഖില പറയുന്നു.
ശ്രീകൃഷ്ണനെക്കുറിച്ച് ജന്മാഷ്ടമിക്ക് നടത്തിയ പ്രഭാഷണം ഏറെപ്പേര്‍ അഖിലയുടെ സമൂഹമാധ്യമത്തില്‍ വീക്ഷിച്ചിരുന്നു. ” കണ്ണടയ്ക്കുമ്പോഴാണ് കൃഷ്ണന്റെ ആ രൂപം നമ്മുടെ ഉള്ളില്‍ ജ്വലിക്കുന്നത്. അത് ആനന്ദാശ്രുവായി പുറത്തുവരികയാണ്. ഇരുട്ടത്ത് നില്ക്കുന്ന പ്രകാശമാണോ രൂപമാണോ അനുഭവമാണോ അനുഭൂതിയാണോ രക്ഷകനാണോ കൃഷ്ണന് എന്നൊന്നും പറയാന്‍ കഴിയില്ല. യശോദയ്ക്ക് അറിയില്ല ആരാണ് കയ്യില്‍ ഇരിക്കുന്നതെന്ന്. വായ തുറന്നപ്പോള്‍ ഈ പ്രപഞ്ചം മുഴുവന്‍ യശോധ കണ്ടത്. അതുപോലെ യുദ്ധക്കളത്തില്‍ ആരായിരുന്നു കൃഷ്ണന്? അര്ജുനാവസ്ഥ എന്നത് നമ്മുടെ ഓരോരുത്തരുടെയും അവസ്ഥയാണ്. അവിടെ വന്ന് രക്ഷിക്കുന്ന ഉപദേശം തരുന്ന കൃഷ്ണനുണ്ട്”. -അഖില പറയുന്നു.
“ജീവാത്മാവും പരമാത്മാവും തമ്മില്‍ അലിഞ്ഞുചേരുന്ന അനുഭവമുണ്ട്. അനുഭൂതിയുണ്ട്. ഈ ഒരു അനുഭൂതിയാണ് രാധാകൃഷ്ണ സങ്കല്പത്തില് ഉള്ളതെന്നും അഖില പറയുന്നു. രാധയെയും കൃഷ്ണനെയും ഇവിടെ വേര്‍തിരിക്കാനാവില്ല. രണ്ടും പരസ്പരം അലിഞ്ഞുചേരുന്ന ശക്തികളാണ്.”- രാധാകൃഷ്ണബന്ധത്തെക്കുറിച്ച് അഖില പറയുന്നത് ഇങ്ങിനെ.
ദിലീപും അഖിലയും അഭിനയിച്ച കാര്യസ്ഥന് എന്ന സിനിമയിലെ ഗാനരംഗം. “മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം”…:
https://www.youtube.com/watch?v=74208jxKImU
പ്രതികരിക്കാൻ ഇവിടെ എഴുതുക: