കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക നിറഞ്ഞുണ്ടായ അപകടം ഉണ്ടായ ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. വയറിംഗ് ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. മൂന്ന് ദിവസം എങ്കിലും കഴിഞ്ഞേ ബ്ലോക്ക് സാധാരണ നിലയില്‍ ആക്കാനാകൂ. പരമാവധി വേഗത്തില്‍ ശരിയാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഷോര്‍ട്ട് സര്‍ക്യൂട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്‌നമോ ആകാം പുക നിറയാന്‍ കാരണം.. 2026 ഒക്ടോബര്‍ വരെ വാറന്റി ഉള്ള എംആര്‍ഐ യുപിഎസ് യൂണിറ്റ് ആണ് അപകടത്തില്‍ ആയത്. ആറ് മാസം മുമ്പ് വരെ അറ്റകുറ്റ പണി നടത്തിയത് ആണ്. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. അപകടം ഉണ്ടാകുമ്പോള്‍ 151 രോഗികള്‍ ഉണ്ടായിരുന്നു. 114 പേര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളില്‍ ഉള്ളതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. സംഭവം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്ററേറ്റ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയര്‍ന്നത്.
അതേസമയം,സ്വകാര്യ ആശുപത്രിയില്‍ പോയവരുടെ ചികിത്സാ ചിലവിന്റെ കാര്യത്തില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഡോക്ടര്‍മാര്‍ ചികിത്സ കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ബില്ലിന്റെ കാര്യം ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക