ശ്രീനഗർ : പാക് അധീന കശ്മീരിലെ രഹസ്യ താവളങ്ങള്‍ ഉപേക്ഷിച്ച് നുഴഞ്ഞുകയറ്റക്കാര്‍ പിന്‍വലിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണരേഖയ്‌ക്കരികെയുള്ള ലോഞ്ച്പാഡുകളില്‍ ഊഴംകാത്തിരുന്ന ഭീകരര്‍ ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പ്രാണഭയത്താല്‍ സ്ഥലംവിട്ടുവെന്നാണ് സൂചന .
‘2019 ലെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഓര്‍മകള്‍ പാക്കിസ്ഥാന് നല്ലതുപോലെ ഉണ്ടാകും. അതുകൊണ്ടാണ് ഇന്ത്യന്‍ സൈന്യത്തെ ഭയന്ന് ഒളിയിടങ്ങള്‍ ഉപേക്ഷിച്ച് പാക് ഭീകരര്‍ ഓടിയൊളിക്കുന്നെതന്ന്’ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
പാക് അധീന കശ്മീരിലെ മൂന്ന് പ്രധാന ലോഞ്ച്പാഡുകള്‍ക്കടുത്തുള്ള താവളങ്ങളില്‍ നിന്നാണ് പിന്‍മാറ്റം. ജമ്മു ഡിവിഷനിലെ കത്വയുമായി ചേരുന്ന ഷകര്‍ഗഡ്, നൗഷരയുമായി ചേരുന്ന സമഹ്നി, ഹിര്‍നഗറുമായി ചേരുന്ന സുഖ്മല്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 22 വരെ പത്തുമുതല്‍ പന്ത്രണ്ടുവരെ ഭീകരര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ ലഷ്കര്‍, ജയ്ഷെ എന്നിങ്ങനെയുള്ള ഭീകരസംഘടനാംഗങ്ങള്‍ ആയിരുന്നുവെന്നും സുരക്ഷാ സേനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന പാക് സൈനികരെയും റേഞ്ചര്‍മാരെയും പോലും കാണാനില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതോടെ താവളങ്ങള്‍ ശൂന്യമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: