എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയത്തിലൂടെ മുന്നോട്ടുവച്ച ആചാരപരവും സുഗമവും സൗകര്യപ്രദവുമായ ശബരിമല തീര്‍ത്ഥാടനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍.
ശബരിമല ക്ഷേത്രത്തിന് ചുറ്റുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി തുറസ്സായ സ്ഥലമായി മാറ്റണം. കൂടുതല്‍ വനഭൂമി അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് ഈ വിസ്തൃതി വര്‍ദ്ധിപ്പിക്കണം.
പതിനെട്ടാം പടി കയറിവരുന്ന ഭക്തര്‍ക്ക് വീണ്ടും കാത്തു നില്‍ക്കാതെ നേരിട്ട് ദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പാടാക്കണം. വഴിപാടുകള്‍ സമര്‍പ്പിച്ച് ഉടന്‍തന്നെ താഴേയ്ക്ക് ഇറങ്ങാനായുള്ള സംവിധാനം ഒരുക്കണം.
ഗണപതിഹോമം വഴിപാടായി നടത്തുന്നവര്‍ നടയ്ക്കല്‍ തടിച്ചുകൂടുന്നതിനാല്‍ നടതുറന്ന് രണ്ടര മണിക്കൂര്‍ നേരത്തേക്ക് സുഗമമായ അയ്യപ്പ ദര്‍ശനത്തിന് തടസ്സം നേരിടുന്നു. തന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് ഗണപതി ഹോമത്തിനായി പ്രത്യേകം സ്ഥലം കണ്ടെത്തിയാല്‍ ഈ സമയത്ത് ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാം. സുഗമമായ ദര്‍ശനവും സാധ്യമാകും.
പതിനെട്ടാം പടിയ്ക്ക് താഴെ ക്ഷേത്രത്തിന് ചുറ്റുമായി ഒരു മണിക്കൂര്‍ മാത്രം ക്യൂ നില്‍ക്കേണ്ടിവരുന്ന തരത്തില്‍ ക്യൂ കോംപ്ലക്സും ടോക്കണ്‍ സമ്പ്രദായവും ഒരുക്കണം.
ക്ഷേത്രത്തിന്റെ വാസ്തുവിന് വിഘാതമാവാത്ത വിധത്തില്‍ വലിയ നടപ്പന്തല്‍ രണ്ടു നിലകളിലാക്കുകയും, അവിടെ കാത്തു നില്ക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ഇരിപ്പിടവും കുടിവെള്ള വിതരണവും ഏര്‍പ്പെടുത്തുന്നതും പരിഗണിക്കണം.
ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡില്‍ കാണിക്കുന്ന ടോക്കണ്‍ നമ്പര്‍ ഉള്ളവരെ മാത്രം ക്യൂവില്‍ പ്രവേശിപ്പിക്കുക. മറ്റുള്ളവര്‍ക്ക് വിശ്രമിക്കാനും വിരിവെക്കാനുമായി സ്ഥലം ഒരുക്കുക.
ശുദ്ധമായ കുടിവെള്ളവും വൈദ്യസഹായം നാല്‍കാനുള്ള കിയോസ്ക്കുകളും സ്ഥാപിക്കണം.
ഭഗവാന് സമര്‍പ്പിക്കാനും ക്ഷേത്രത്തില്‍ ഉപയോഗിക്കാനുമുള്ള ദ്രവ്യങ്ങള്‍ക്ക് പുറമെ ഇരുമുടിക്കെട്ടില്‍ കരുതുന്ന മറ്റ് വസ്തുക്കള്‍ തിരുമുറ്റത്ത് ഒരുക്കിയ പാത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഇപ്പോഴുള്ള സംവിധാനം പതിനെട്ടാം പടിയ്ക്ക് താഴേയ്ക്ക് മാറ്റി സ്ഥാപിക്കണം.
ശബരിമല അയ്യപ്പ സന്നിധിയില്‍ താമസം, ഭക്ഷണം, മലമൂത്ര വിസര്‍ജ്ജനത്തിനുള്ള സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കേണ്ടത് അയ്യപ്പ ഭക്തരുടെ അവകാശമാണ്. സൗജന്യ താമസ സൗകര്യം ഒരുക്കുന്നതിന് ധര്‍മ്മശാലകള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണം.
ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിനും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള നൂതന പദ്ധതികള്‍ ആവിഷ്കരിക്കണം.
ഭഗവാന് സമര്‍പ്പിക്കുന്നതിനും പ്രസാദ നിര്‍മാണത്തിനുമായി ഉപയോഗിക്കുന്ന എല്ലാവിധ ദ്രവ്യങ്ങളുടെയും വസ്തുക്കളുടെയും ശാസ്ത്ര വിധിപ്രകാരമുള്ള പരിശുദ്ധി ഉറപ്പുവരുത്തണം.
ശബരിമലയില്‍ ഡ്യൂട്ടിചെയ്യുന്ന പോലീസുകാര്‍ ക്ഷേത്ര പരിശുദ്ധി നിലനിര്‍ത്തുന്നതിനും ഭക്തരുടെ മനസ്സറിഞ്ഞ് പെരുമാറുന്നതിനും വേണ്ടി വ്രതം അനുഷ്ഠിച്ച അയ്യപ്പ ഭക്തരാണെന്ന് ഉറപ്പുവരുത്തണം
സേവന തല്‍പ്പരായ അയ്യപ്പഭക്ത സംഘടനകളെയും ഗുരുസ്വാമിമാരെയും സേവാ-സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിക്കണം.
ശബരിമലയുടെ മൊത്തത്തിലുള്ള സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് നല്‍കണം.
അയ്യപ്പന്മാരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാരില്‍ നിന്ന് രക്ഷിക്കാന്‍ ശബരിമലയില്‍ വില്‍ക്കപ്പെടുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക ഓരോ കടകളിലും പ്രദര്‍ശിപ്പിക്കണം.
സന്നിധാനത്തുള്ള എല്ലാ ഹോട്ടലുകളും നിര്‍ത്തലാക്കി പകരം ദേവസ്വം ബോര്‍ഡ് സൗജന്യമായി ഭക്ഷണം നല്‍കണം. ദേവസ്വം ബോര്‍ഡിന് അത് പൂര്‍ണമായി നല്കാന് സാധിക്കാത്തപക്ഷം അതിന് തയ്യാറുള്ള അയ്യപ്പ ഭക്ത സംഘടനകളെ അന്നദാനം നടത്താന്‍ അനുവദിക്കണം.
തന്ത്രിക്കും മേല്‍ശാന്തിക്കും മറ്റ് ശാന്തിമാര്‍ക്കും അനുയോജ്യമായ താമസ സൗകര്യം ഒരുക്കണം. ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൗജന്യ താമസവും, ഭക്ഷണവും, ചികിത്സയും, സ്പെഷ്യല്‍ അലവന്‍സും നല്‍കണം.
മകര വിളക്ക് ദിനം സന്നിധാനത്ത് ഉണ്ടാകുന്ന വലിയ തിരക്ക് ഒഴിവാക്കാനായി വലിയാനവട്ടം, ഉപ്പുപാറ, ഹില്‍ടോപ്പ്, പാഞ്ചാലിമേട് എന്നിവടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം.
പമ്പ മുതല്‍ സന്നിധാനം വരെ
1) പമ്പ ഗണപതി ക്ഷേത്രം മുതല്‍ മരക്കൂട്ടം വരെയുള്ള 1.8 കിലോമീറ്ററും സ്വാമി അയ്യപ്പന് റോഡ് വഴിയുള്ള 2.3 കിലോമീറ്ററും, മരക്കൂട്ടത്ത് നിന്നും സന്നിധാനത്തേക്ക് ശരംകുത്തി വഴിയുള്ള 1.1 കിലോമീറ്ററും ചന്ദ്രാനന്ദന്‍ റോഡ് വഴിയുള്ള 1.3 കിലോമീറ്ററും അയ്യപ്പന്മാര്ക്ക് വേണ്ട യാതൊരു സൗകര്യവും ഇല്ലാതെയാണ് ഇന്നും നിലകൊള്ളുന്നത്.
2) പരമ്പരാഗത പാതയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പണം ഉപയോഗിച്ച് കല്ലുവിരിച്ചത് പല സ്ഥലത്തും ഇളകിപ്പോയത് യാത്ര കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കി. പിടിച്ചുകയാറാനും ഇറങ്ങാനും സ്ഥാപിച്ച കൈവരികള്‍ ഉയരക്കുറവുകാരണം ഉപയോഗശൂന്യമായി. ഇടയ്ക്കിടെ വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങള്‍ ഇന്ന് നിലവിലില്ല.
3) മല കയറുന്ന അയ്യപ്പന്മാര്ക്ക് അടിയന്തിര വൈദ്യ സഹായം നല്‍കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.
4) പമ്പയ്ക്കും സന്നിധാനത്തിനും ഇടയില്‍ അലക്ഷ്യമായി പായുന്ന ട്രാക്ടറുകള്‍ അയ്യപ്പന്മാര്ക്ക് ബുദ്ധിമുട്ടും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് പകരം സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി റോപ് വേ നിര്‍മ്മിക്കാനുള്ള നടപടികള്‍ എങ്ങുമെത്താതെ നില്ക്കുന്നു. ഈ പോരായ്മകളെല്ലാം പരിഹരിച്ച് ശാസ്ത്രീയമായി ഈ പാത പുനഃക്രമീകരിക്കണം.
5) എരുമേലി വഴിയുള്ള പരമ്പരാഗത പാതയില്‍ കൂടി അതികഠിനമായി യാത്ര ചെയ്തെത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് ശബരിമല ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കണം. അതിനുള്ള പാസ് കരിമല വച്ച് നല്‍കണം.
6) പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള ഭാഗങ്ങളിലും പമ്പ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലും മണ്ഡല മകരവിളക്ക് കാലയളവിലും മാസപൂജ സമയത്തും പോലീസിന്റെയും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെയും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കൃത്യമായ പരിശോധനകള്‍ തീര്‍ത്ഥാടനപാതകളിലെ കച്ചവടസ്ഥാപനങ്ങളില്‍ ഉണ്ടാകണം.
7) ഭക്ഷണസാധനങ്ങള്‍ ചില്ലു പാത്രങ്ങളില്‍ അടച്ചും വൃത്തിയുള്ള അന്തരീക്ഷത്തിലും വില്പന നടത്താത്ത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. ഒന്നിലധികം തവണ പിഴ ഈടാക്കിയിട്ടും മേല്‍പ്പറഞ്ഞ തരത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളുടെ ലേലക്കരാര്‍ റദ്ദാക്കുകയും കുത്തക ലേലക്കാരനെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യണം.
8) ദേവസ്വം മരാമത്ത് വിഭാഗം അളന്ന് തിട്ടപ്പെടുത്തി അക്കമിട്ട് കരാര്‍ നല്‍കിയിരിക്കുന്ന ഇടത്തല്ലാതെ വനഭൂമി കയ്യേറിയും ശരണപാതയിലും ഭക്തര്‍ക്ക് യാത്രാതടസം ഉണ്ടാകുന്ന വിധത്തില്‍ കച്ചവടം നടത്താന്‍ അനുവദിക്കരുത്.
9) നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം,ശബരീപീഠം തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണ കൗണ്ടറുകള്‍ കാര്യക്ഷമമാക്കി എണ്ണം വര്‍ദ്ധിപ്പിക്കണം.
10) കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുവാന്‍ നിര്‍മിച്ചിരിക്കുന്ന മണ്ഡപങ്ങള്‍ കടകള്‍ നടത്തുന്നതിന് ലേലം ചെയ്തു കൊടുക്കരുത്.
പമ്പ
പമ്പയില്‍ ചെറിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചാല്‍ നിലയ്ക്കല്‍-പമ്പ പാതയിലെ രണ്ടുതവണ നടത്തുന്ന യാത്ര ഒഴിവാക്കി ഈ പാതയിലെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
ചക്കുപാലത്ത് 1600 ഉം ത്രിവേണിയില്‍ 1500 ഉം ഹില്‍ടോപ്പില്‍ 1700 ഉം കാറുകളോ മറ്റ് ചെറിയ വാഹനങ്ങളോ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. പൊതുവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് അവരുടെ സാധനങ്ങള്‍ സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിന് പകരം പമ്പയില്‍ തന്നെ സൂക്ഷിക്കാന്‍ ക്ലോക് റൂം ആരംഭിക്കണം. പമ്പാനദിയെ മലിനമാക്കുന്ന ഭക്ഷണ ശാലകളും ശൗചാലയങ്ങളും പൊളിച്ചുമാറ്റണം. പകരം മാലിന്യ സംസ്കരണ പ്ലാന്റ് ഉള്‍പ്പടെ ഹില്‍ട്ടോപ്പില്‍ സ്ഥാപിക്കണം. പമ്പാനദിയില്‍ വസ്ത്രം ഉപേക്ഷിക്കുക തുടങ്ങിയ അനാചാരങ്ങള്‍ കര്‍ശനമായി തടയണം. പ്രളയ സാധ്യത മുന്‍നിര്‍ത്തി പമ്പയില്‍ നിന്ന് ഗണപതി ക്ഷേത്രമുറ്റത്തേക്ക് 100 അടി പൊക്കവും 36 അടി വീതിയുമുള്ള പാലം നിര്‍മ്മിക്കണം.
പമ്പയില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടത്തുന്ന പമ്പാ സ്നാനം, ബലിതര്‍പ്പണം, പമ്പാ വിളക്ക്, പമ്പാസദ്യ തുടങ്ങിയവ ശുദ്ധിയോടും വൃത്തിയോടും നടത്തുന്നതിന് വേണ്ട സൗകര്യം ഒരുക്കണം. തീര്‍ത്ഥാടന കാലത്ത് പമ്പയിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക് വേണ്ടവണ്ണം പരിപാലിക്കപ്പെടണം.
ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. ഇത്ര വലിയ ജനക്കൂട്ടത്തില്‍ അപ്രതീക്ഷിത അസുഖങ്ങള്‍, അപകടങ്ങള്‍ എന്നിവ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശബരിമലയിലേക്കുള്ള ദുര്‍ഘട യാത്രയും ഇതിനു കാരണമാകുന്നു. രോഗികളെ വിശദമായി പരിശോധിച്ച് രോഗം കണ്ടെത്തുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കേണ്ടതും അത്യാവശ്യമാണ്. അതിനാല്‍ പമ്പയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സജ്ജമാക്കണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: