‘മാനിഷാദാ…’ (അരുത്, കാട്ടാളാ…) എന്ന് കോപാകുലനായ ആദി കവി തന്നെ പൂര്‍വ്വാശ്രമത്തില്‍ കാട്ടാളപ്രകൃതനായിരുന്നു. പിടിച്ചുപറിക്കാരനില്‍നിന്നുമാണ് ദയാപരനായ വാല്മീകി ഉരുവം കൊള്ളുന്നത്. ഇന്നിപ്പോള്‍ കാലം പുതിയൊരു വാല്മീകിക്കായി കാതോര്‍ക്കുന്നുണ്ട്. അധികാരത്തിന്റെ അരുതുകള്‍ക്കു നേരെ വിരല്‍ചൂണ്ടാനാവാതെ സ്ഥാനമാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കുമായി കവികളും എഴുത്തുകാരും ക്യൂവിലാണ്. രാജാവിന്റെ മുഖത്തു നോക്കി സ്വന്തം മക്കളെക്കൊണ്ട് രാമായണം പാടിച്ച കവിയാണ് വാല്മീകി. ഇന്നിപ്പോള്‍ കുടുംബപുരാണങ്ങള്‍ക്ക് നേരെ ഒരു ചോദ്യവും വിരലുയര്‍ത്തുന്നില്ല. ആനുകാലിക അധര്‍മങ്ങളുടെ കൊമ്പു പിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് പോലും മടിയാണ്. അധികാരത്തിന്റെ പുറംതിണ്ണയില്‍ മയങ്ങുന്നവര്‍ക്ക് എങ്ങനെയാണ് അനീതികള്‍ക്കു നേരെ കുരച്ചുചാടാനാവുക?
നെഞ്ചിലൊരു പന്തം കുത്തിയ കാട്ടാളനായി ഉദിച്ചുയര്‍ന്ന കടമ്മനിട്ട പോലും ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ശയനപ്രദക്ഷിണം നടത്തുന്നതു കാണാനായി. അധികാര ശീതളിമയില്‍ സുവര്‍ണ്ണ പ്രതിപക്ഷമായ കവികളും മയങ്ങുന്നു. ഈ വല്ലാത്തൊരു കാലത്താണ് പാട്ടിന്റെ ചൂട്ടുകത്തിച്ച് അന്യായങ്ങളുടെ മുഖത്തേക്കെറിയുന്ന പുതിയ അവതാരമായി റാപ്പര്‍ വേടന്റെ രംഗപ്രവേശം. രോഷാകുലരായ യുവത്വമാണ് ഏതു സാമൂഹ്യമാറ്റത്തിനും വേഗത പകര്‍ന്നിട്ടുള്ളത്. രാസലഹരിയില്‍, നവമാധ്യമച്ചുഴികളില്‍ വല്ലാതെ മുങ്ങിപ്പൊങ്ങുന്ന ആനുകാലിക യുവത്വം അരാഷ്‌ട്രീയ ആള്‍ക്കൂട്ടമായി മാറിക്കഴിഞ്ഞു. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനം
കക്ഷി രാഷ്‌ട്രീയത്തിന്റെ ചട്ടുകമായതോടെ അവരില്‍നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല. സാഹിത്യം, സിനിമ-കല ഇവയൊന്നും യുവാക്കള്‍ക്ക് വഴിതെളിക്കാനോ അവരെ വഴിതെറ്റിക്കാനോ പോലും ഇന്ന് സജ്ജമല്ല. ആയിരക്കണക്കിന് കൂട്ടായ്മകളെ ഇളക്കിമറിക്കുന്ന റാപ്പര്‍ വേടന്റെ പ്രസക്തി ഇവിടെയാണ്. ഒരുതരം അനുശീലനങ്ങള്‍ക്കും വഴിപ്പെടാത്ത ഈ കറുപ്പിന്റെ ഉദയം, കരുത്തിന്റെ പ്രകാശനം കൂടിയാണ്. പൂത്തുമറിയുന്ന കള്ളിമുള്‍ച്ചെടി പോലെ പാട്ടുകൊണ്ട് പരിക്കേല്‍പ്പിക്കുന്നതാണ് വേടന്റെ അരങ്ങ് വാഴ്വുകള്‍. ഗോത്ര ജീവിത വന്യത എടുത്തണിഞ്ഞ വേടന്റെ പാട്ടും ആട്ടവും നാഗരിക കാപട്യങ്ങളുടെ മുഖത്തേക്കെറിയുന്ന പന്തങ്ങള്‍ തന്നെയാണ്.
ചടുലമായ ഭാഷയും താളവും യുവാക്കളെ ആവേശത്തേരിലേറ്റുന്നു. വേടന്റെ പുലിപ്പല്ലില്‍ പിടുത്തമിട്ട വനംവകുപ്പ് ഒരുതരത്തില്‍ അയാളെ കൂടുതല്‍ പ്രശസ്തനാക്കുകയായിരുന്നു. വെടിമരുന്നു അടിച്ചുനിറച്ച അമിട്ടുകുറ്റിപോലെ കാലത്തിന്റെ നെഞ്ചിലേക്ക് അത് ഉയര്‍ന്ന് കൂടുതല്‍ കരുത്തോടെ പൊട്ടിവിരിയുക തന്നെ ചെയ്യും.
ആസ്ഥാന ഗായകരെപ്പോലും അസ്വസ്ഥരാക്കുന്ന പാട്ടിന്റെ കറുത്തപൂക്കള്‍, വെറുപ്പിന്റെ ഈണവുമായി മറ്റൊരു വസന്താഗമത്തിന് വഴിതെളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: