കൊല്‍ക്കത്ത: ബംഗാളിലെ റെയില്‍വേ സ്റ്റേഷനില്‍ പാകിസ്ഥാന് പതാക സ്ഥാപിച്ച കേസില്‍ രണ്ട് പേര് പിടിയില്‍. അകൈപൂര്‍ സ്വദേശികളായ ചന്ദന്‍ മലകര്‍(30), പ്രോഗ്യജിത് മോണ്ഡല്(45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ റെയില്‍വേ സ്റ്റേഷന്റെ ശുചിമുറിക്ക് സമീപത്തായാണ് പാക് പതാക സ്ഥാപിച്ചിരുന്നത്. ഇതില്‍ ‘പാകിസ്ഥാന് സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്’ എന്നും പോസ്റ്ററില്‍ എഴുതിയിരുന്നു. സനാതനി ഏക്താ മഞ്ച് പ്രവര്‍ത്തകരാണ് ഇരുവരും.
ബുധനാഴ്ചയാണ് റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്ന് പാക് പതാക കണ്ടെടുക്കുന്നത്. ഇതിനുപിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഇരുവരേയും പോലീസ് കണ്ടെത്തിയത്. പ്രദേശത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനായി പ്രതികള്‍ മനപൂര്‍വം ചെയ്തതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ബന്‍ഗാവ് സബ് ഡിവിഷന് കോടതിയില്‍ ഹാജരാക്കിയ ഇരുവരും പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് പാക് പതാക സ്ഥാപിച്ചതെന്നാണ് അറിയിച്ചത്. കോടതി ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ബന്‍ഗാവ് എസ്പി ദിനേഷ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: