മുംബൈ: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ പാകിസ്ഥാനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. അതിര്‍ത്തിയില്‍ ഇപ്പോഴും വെടിയൊച്ചകള്‍ കേള്‍ക്കുകയാണെന്നും ഭീകരവാദത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടി കൈക്കൊള്ളണമെന്നും മഹാരാഷ്ട്ര ഫൗണ്ടേഷന് ഡേ പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുംബൈയില്‍ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളെയും അക്തര്‍ അനുസ്മരിച്ചു.
ഭാരതത്തിന്റെ അതിര്‍ത്തിയില്‍ പാകിസ്ഥാനികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഒരു തവണയല്ല, പല തവണ. കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. പാകിസ്ഥാന്റെ ഭ്രാന്ത് പിടിച്ച സൈനിക മേധാവിക്കും മറ്റാര്‍ക്കും ഇനി പ്രസംഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ എന്തെങ്കിലും ചെയ്യണം. ഒരിക്കലും മറക്കാനാവാത്ത മറുപടി കൊടുക്കണം. അതില്‍ കുറഞ്ഞതൊന്നും അവര്‍ അര്‍ഹിക്കുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനുമായി സമാധാനപരമായി മുന്നോട്ട് പോകാന്‍ ഭാരതം എപ്പോഴും ശ്രമിച്ചിട്ടുണ്ട്. മുംബൈയും ഭാരതവും പാകിസ്ഥാനോട് എന്ത് തെറ്റാണ് ചെയ്തത്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ഭാരതം ശ്രമിച്ചിരുന്നുവെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ഒരിക്കല്‍ ലാഹോറില്‍ പോയപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവച്ചു. ഒരു സാഹിത്യോത്സവത്തിന്റെ ഭാഗമായി ലാഹോറില്‍ പോകാനിടയായി. അവിടെ നിരവധി പേരുമായി സംവദിച്ചു. അതിനിടയില്‍ ഭാരതമെപ്പോഴും പാകിസ്ഥാനികളെ ഭീകരരായാണ് കാണുന്നതെന്ന് ഒരു സ്ത്രീ പറഞ്ഞു. മുംബൈ സ്വദേശിയാണ് ഞാന്‍. എന്റെ നഗരം കത്തിയെരിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന് കാരണക്കാരായവര്‍ ഈജിപ്തില്‍ നിന്നോ സ്വീഡനില്‍ നിന്നോ വന്നവരല്ല. അവര്‍ നിങ്ങളുടെ നഗരത്തില്‍ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്നാണ് മറുപടി നല്‍കിയത്, അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: