ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കു തെളിയിക്കുന്ന കൂടുതല്‍ രേഖകളുമായി എന്‍ഐഎ. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ, ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.
ഐഎസ്ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ലഷ്‌കര്‍ ഭീകരര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്കിയതും അവരെ നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കര്‍ ആസ്ഥാനത്താണ് ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയതെന്നാണ് സൂചന.
ആക്രമണം നടന്ന ബൈസരണ്‍ വാലിയില്‍ നിന്ന് നാല്പതോളം വെടിയുണ്ടകളാണ് ലഭിച്ചത്. ഇത് ബാലിസ്റ്റിക്- കെമിക്കല്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഫോറന്‍സിക്, ഇലക്ട്രോണിക് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തിന്റെ ത്രീഡി മാപ്പിങ്ങും സമീപ പ്രദേശങ്ങളിലെ മൊബൈല്‍ കാള്‍ ഡീറ്റെയില്‍സും ശേഖരിച്ചിട്ടുണ്ട്. വിവിധ അന്വേഷണ ഏജന്‍സികള്‍ 2800ലധികം പേരെയാണ് ചോദ്യം ചെയ്തത്. ഇതില്‍ 150 പേര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ ഭാരതത്തിലെ സംേപ്രഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയടക്കമുള്ളവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും തടഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: