കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ ദുരൂഹത. പുക ഉയര്‍ന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ ക്വാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാല്‍ രോഗികളുടെ മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. രണ്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.
വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രന്‍, വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, മേപ്പയ്യൂര്‍ സ്വദേശി ഗംഗാധരന്‍, മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ താഴെ നിലയിലെ സി.ടി സ്കാനിന് സമീപമുള്ള യു.പി.എസ് റൂമിൽ നിന്ന് പൊട്ടിത്തെറിയോടെ പുക ഉയർന്നത്. പുക മുഴുവൻ ഭാഗത്തേക്കും പരന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി ചിതറിയോടി. അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ന്യൂ ബ്ലോക്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും. അത്യാഹിത വിഭാഗം മെഡിക്കൽ കോളേജിലെ ഓൾഡ് ബ്ലോക്കിൽ താൽക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
പുക ശ്വസിച്ചല്ല ഇവര്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ചിലരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ മരണം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണുള്ളത്. സംശയം ഉന്നയിക്കുന്നവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയാകും മരണകാരണം കണ്ടെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: