ഡെറാഡൂൺ : കേദാർനാഥ് ക്ഷേത്രത്തിലെ ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണ് സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി ധാമി. രാജ്യദ്രോഹികളെയും അസുരന്മാരെയും രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനും, പഹൽഗാമിൽ കുറ്റകൃത്യം ചെയ്ത തീവ്രവാദികളെ നശിപ്പിക്കാനും, രാജ്യത്ത് സമാധാനവും ശാന്തിയും സ്ഥാപിക്കാനും പ്രധാനമന്ത്രി മോദിക്ക് ശക്തി നൽകണമെന്ന് ബാബ കേദാർനാഥിനോട് പ്രാർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേദാർനാഥ്, ബദരീനാഥ്, തുടങ്ങി നാല് ധാമുകളുടെ പുനർനിർമ്മാണം നടത്തിയത് പ്രധാനമന്ത്രി മോദിയാണെന്നും ഇതിന് തങ്ങൾ അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി ധാമി പറഞ്ഞു. ഇവിടുത്തെ വികസന പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നിരന്തരം ചർച്ച ചെയ്യുകയും ജോലിയുടെ പുരോഗതി അവലോകനം നടത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം ബാബ കേദാർനാഥിന്റെ ദർശനം ഇന്ന് മുതൽ ആരംഭിച്ചതായും, ചാർധാം യാത്ര ഏപ്രിൽ 30 മുതൽ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മെയ് 4 ന് ഭഗവാൻ ബദ്രി വിശാലിന്റെ വാതിലുകൾ തുറക്കും, ഇത്തവണ തീർത്ഥാടകരുടെ എണ്ണം ഏറ്റവും കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിനായി സംസ്ഥാന സർക്കാർ ശക്തമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറന്നപ്പോൾ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: