ന്യൂദൽഹി : വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, യുഎസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുമായി ടെലിഫോണിൽ സംസാരിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെക്കുറിച്ചാണ് പ്രധാനമായും ഇരു നേതാക്കളും ചർച്ച ചെയ്തത്. ആക്രമണത്തിന്റെ കുറ്റവാളികളെയും പിന്തുണക്കാരെയും ആസൂത്രകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ജയ്ശങ്കർ പറഞ്ഞു.
“പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്നലെ യുഎസ് @SecRubio-യുമായി ചർച്ച ചെയ്തു. അതിന്റെ കുറ്റവാളികളെയും പിന്തുണയ്‌ക്കുന്നവരെയും ആസൂത്രകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം,”- ജയ്ശങ്കർ എക്സിൽ പോസ്റ്റ് ചെയ്തു.
അതേ സമയം ചർച്ചയ്‌ക്കിടെ ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി സഹകരിക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധത റൂബിയോ വീണ്ടും ഉറപ്പിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ച റൂബിയോ, സംഘർഷങ്ങൾ കുറയ്‌ക്കുന്നതിനും ദക്ഷിണേഷ്യയിൽ സമാധാനം നിലനിർത്താനും ഇന്ത്യയോടും പാകിസ്ഥാനോടും ശക്തമായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നത്.
അതേ സമയം നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രകോപനമില്ലാതെയുള്ള വെടിവയ്പ്പിന് ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകുന്നുമുണ്ട്. പഹൽഗാം ആക്രമണത്തിന് ശേഷം, അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാനെതിരെ ഇന്ത്യ ഇതിനോടകം തന്നെ നിരവധി നടപടികൾ സ്വീകരിച്ചു.
സിന്ധു നദീജല കരാർ നിർത്തിവയ്‌ക്കുകയും അട്ടാരിയിലെ ചെക്ക് പോസ്റ്റ് അടയ്‌ക്കുകയും ചെയ്തു. ഹൈക്കമ്മീഷനുകളുടെ എണ്ണം കുറയ്‌ക്കാനും ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാനികളോട് മടങ്ങിപോകാനും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഏപ്രിൽ 29-ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സൈനിക മേധാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുത്തു. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ഏപ്രിൽ 23-ന് സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി യോഗം ചേർന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് യോഗം നടന്നത്.
ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രഹരം ഏൽപ്പിക്കുക എന്നത് ഇന്ത്യയുടെ ദേശീയ ദൃഢനിശ്ചയമാണെന്ന് പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഇന്ത്യയുടെ പ്രതികരണത്തിന്റെ രീതി, ലക്ഷ്യങ്ങൾ, സമയം എന്നിവ തീരുമാനിക്കാൻ ഇന്ത്യൻ സായുധ സേനയ്‌ക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചിരുന്നു.
ഇന്നലെ പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, വ്യോമസേനാ മേധാവി മാർഷൽ അമർ പ്രീത് സിംഗ് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക