തമിഴ്‌നാട് നിയമസഭ 2020 നവംബറിനും 2023 ഏപ്രിലിനും ഇടയില്‍ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവയ്‌ക്കുകയോ, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ, വിശദീകരണമാവശ്യപ്പെടുകയോ ചെയ്യാതെ തിരിച്ചയക്കുകയോ ചെയ്തു. തിരിച്ചയച്ച ബില്ലുകള്‍ കാതലായ മാറ്റം കൂടാതെ തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി പുനഃസമര്‍പ്പിച്ചു. എന്നാല്‍ അവ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി ഗവര്‍ണ്ണര്‍ മാറ്റിവച്ചു. ഈ നടപടികളെ ചോദ്യം ചെയ്തുകൊണ്ടു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു.
ഗവര്‍ണറുടെ നടപടി കരുതിക്കൂട്ടിയുള്ള നിഷേധാത്മക നിലപാടായും ഭരണഘടനാ നടപടിക്രമങ്ങളുടെ ലംഘനമായുമാണ് വിധിന്യായത്തില്‍ സുപ്രീംകോടതി വ്യാഖ്യാനിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നടപടികള്‍ ഉത്തമ ബോധ്യത്തോടെയുള്ളതല്ല എന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ക്കെതിരാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തമിഴ്‌നാട് നിയമസഭയുടെ നിയമനിര്‍മ്മാണ പ്രക്രിയയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടിയാണ് ഗവര്‍ണ്ണറുടെ ഭാഗത്തുനിന്നുണ്ടായത് എന്ന് കുറ്റപ്പെടുത്തുന്ന സുപ്രീംകോടതി, ഭാരത പാര്‍ലമെന്റിന്റെ അധികാരത്തില്‍ കൈകടത്തി എന്നത് വിരോധാഭാസമാണ്.
സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതിന് ഗവര്‍ണര്‍മാര്‍ക്കുള്ള അധികാരം സംബന്ധിച്ച് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിലാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. നിയമ നിര്‍മാണ സഭ മാത്രമുള്ള സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണസഭയും, നിയമ നിര്‍മാണ കൗണ്‍സിലും കൂടിയുള്ള സംസ്ഥാനങ്ങളില്‍ സഭയും കൗണ്‍സിലും പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ക്ക് അത് അനുമതി നല്‍കുകയോ തടഞ്ഞു വയ്‌ക്കുകയോ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി മാറ്റിവയ്‌ക്കുകയോ ചെയ്യാം എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. അപ്രകാരം സമര്‍പ്പിക്കപ്പെടുന്ന ധനബില്‍ ഒഴികെയുള്ളവ കഴിയാവുന്ന വേഗത്തില്‍, യുക്തമായ മാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതം സഭയ്‌ക്കോ സഭയ്‌ക്കും കൗണ്‍സിലിനുമോ അയച്ചു നല്‍കാവുന്നതും അപ്രകാരം തിരിച്ചയയ്‌ക്കപ്പെട്ട ബില്‍ നിയമനിര്‍മ്മാണ സഭയും നിയമനിര്‍മ്മാണ കൗണ്‍സിലും പുനഃപരിശോധിക്കേണ്ടതാണെന്നും ആ ബില്‍ സഭ മാറ്റങ്ങളോടെയോ അല്ലാതെയോ പാസാക്കി വീണ്ടും സമര്‍പ്പിച്ചാല്‍ ഗവര്‍ണര്‍ അനുമതി തടഞ്ഞുവയ്‌ക്കാന്‍ പാടില്ല എന്നും നിഷ്‌കര്‍ഷിച്ചിരിക്കുന്നു. കൂടാതെ ബില്‍ നിയമമായിത്തീര്‍ന്നാല്‍ ഹൈക്കോടതിക്ക് ഭരണഘടന കല്‍പ്പിച്ച് നല്‍കിയ അധികാരങ്ങള്‍ക്കും പദവിക്കും കോട്ടം വരുത്തുന്നതിന് സാദ്ധ്യതയുണ്ട് എന്ന് ഗവര്‍ണര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അനുമതി നല്‍കരുത് എന്നും രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി മാറ്റി വയ്‌ക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ തത്വങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബഞ്ച് ഈ കേസില്‍ വിധി പ്രസ്താവിച്ചത്. ഭരണഘടനയില്‍ ഈ പ്രതിപാദ്യ വിഷയങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചിരുന്നില്ല. എന്നാല്‍ ഈ വിധിയിലൂടെ, അനുമതി നല്‍കുന്നതിനും തിരിച്ചയയ്‌ക്കുന്നതിനും തടഞ്ഞു വയ്‌ക്കുന്നതിനും പുനഃസമര്‍പ്പിച്ചാല്‍ അനുമതി നല്‍കുന്നതിനും എല്ലാം ഗവര്‍ണ്ണര്‍ക്ക് സമയപരിധി നിശ്ചയിച്ച് കല്‍പ്പന നല്‍കുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്. ഗവര്‍ണറുടെ അനുമതി എന്നത് തികച്ചും യാന്ത്രികമായ ഒന്നാണെന്നോ ആ പദവിക്ക് പ്രത്യേക പ്രസക്തിയൊന്നുമില്ലെന്നോ ഒക്കെ തോന്നലുണ്ടാകുന്ന നിലയിലാണ് വിധിന്യായം.
ഭരണഘടനയുടെ 153-ാം അനുച്ഛേദ പ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ബന്ധമായും ഒരു ഗവര്‍ണര്‍ ഉണ്ടാകണം. ഒന്നില്‍ക്കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഒരേ ഗവര്‍ണറാകുന്നതിന് തടസ്സമില്ല. ഗവര്‍ണര്‍ക്ക് ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സ്വന്തം വിവേചനാധികാരത്തോടെ ചെയ്യാന്‍ കഴിയാവുന്നതില്‍ കവിഞ്ഞുള്ള പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണറെ സഹായിക്കാനും ഉപദേശിക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭയുണ്ടാകണമെന്ന് അനുച്ഛേദം 163 വ്യവസ്ഥ ചെയ്യുന്നു. ഗവര്‍ണറുടെ വിവേചനാധികാരമുപയോഗിച്ചുള്ള തീരുമാനം അന്തിമമായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് എന്നിരിക്കെ ഗവര്‍ണര്‍ എന്ന പദവി അപ്രധാനമാണെന്ന് എങ്ങനെ കരുതാനാവും? മന്ത്രിസഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടയാളല്ല ഗവര്‍ണര്‍ എങ്കില്‍ അദ്ദേഹം തിരിച്ചയച്ച ബില്‍ യാതൊരു മാറ്റവും കൂടാതെ പുനഃസമര്‍പ്പിക്കാന്‍ മന്ത്രിസഭയ്‌ക്ക് എങ്ങനെ കഴിയും?.
ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് ഓരോ സംസ്ഥാനങ്ങളിലേക്കും നിയോഗിക്കപ്പെടുന്ന രാഷ്‌ട്രപതിയുടെ സ്ഥാനപതിമാരാണ് ഗവര്‍ണര്‍മാര്‍. ഇവരുടേയോ രാഷ്‌ട്രപതിയുടേയോ അനുമതിയോടെയല്ലാതെ ഒരു നിയമം പ്രാബല്യത്തിലാകാന്‍ പാടില്ല എന്ന ഭരണഘടനയുടെ അടിസ്ഥാന തത്വമാണ് തമിഴ്‌നാട് ഗവര്‍ണറുടെ കേസില്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ മൂന്നാം പട്ടികയില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ അധികാരമേല്‍ക്കുമ്പോള്‍, തനിക്ക് ഭരണഘടനയോട് വിധേയത്വമുണ്ടെന്നും ഔദ്യോഗിക കൃത്യനിര്‍വ്വഹണം ഭരണഘടനയെയും ഇതര നിയമങ്ങളെയും മുന്‍നിര്‍ത്തിയായിരിക്കുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുമെന്നും മറ്റുമൊക്കെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നുണ്ട്. ഗവര്‍ണര്‍ ഭരണഘടനാനുസൃതമായ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ തല്‍സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കം ചെയ്യാന്‍ രാഷ്‌ട്രപതിയോട് ശുപാര്‍ശ ചെയ്യാമെന്നല്ലാതെ മറ്റൊരധികാരവും സുപ്രീംകോടതിക്ക് ഗവര്‍ണര്‍മാരുടെ മേല്‍ ഭരണഘടനപ്രകാരമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭാരതത്തിന്റെ ഭരണഘടനയിലെ 156 (1)ാം അനുച്ഛേദ പ്രകാരം രാഷ്‌ട്രപതിയ്‌ക്ക് താല്‍പ്പര്യമുള്ളിടത്തോളം ഗവര്‍ണര്‍ക്ക് തല്‍സ്ഥാനത്ത് തുടരാവുന്നതാണ്.
നിയമനിര്‍മ്മാണസഭ പാസാക്കുന്ന ബില്‍ നിയമമാക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള ഗവര്‍ണ്ണറുടെ ഭരണഘടനാപരമായ അധികാരത്തില്‍ സുപ്രീംകോടതി ഭരണഘടനാവിരുദ്ധമായ ആക്രമണോത്സുകതയോടെ കൈകടത്തി. ശരിക്കും രണ്ട് ജഡ്ജിമാര്‍ ചേര്‍ന്ന് ഭരണഘടന ഭേദഗതി ചെയ്തു എന്നു പറയുന്നതാകും ശരി. ഭരണഘടനയുടെ 368-ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മാത്രമേ ഭരണഘടനാവ്യവസ്ഥകള്‍ മാറ്റം വരുത്താനോ അസാധുവാക്കാനോ കൂട്ടിചേര്‍ക്കാനോ കഴിയൂ. ഇതിന് പുറമേ ഭരണഘടനയിലെ വ്യവസ്ഥകളെ സംബന്ധിച്ച് വ്യാഖ്യാനിക്കേണ്ടതായ ഒരു പ്രതിസന്ധിയുണ്ടായാല്‍ ഒരു ഭരണഘടനാ ബഞ്ച് രൂപീകരിക്കണമെന്നും അതില്‍ ഏറ്റവും കുറഞ്ഞത് 5 ജഡ്ജിമാര്‍ ഉണ്ടായിരിക്കണമെന്നും ഭരണഘടനയുടെ അനുച്ഛേദം 145 (3) വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകളെല്ലാം ഏതൊരു ഭരണഘടനാ നിയമ വിദ്യാര്‍ത്ഥിയുടെയും ബാലപാഠങ്ങളാണ്.
ഭരണഘടനയിലെ 200-ാം അനുച്ഛേദത്തിലെ സുവ്യക്തമായ വ്യവസ്ഥകള്‍ റദ്ദുചെയ്യുന്നതിന് ഭരണഘടനയിലെ 142-ാം അനുച്ഛേദം നല്‍കിയിട്ടുള്ള വിശേഷാധികാരം അനവസരത്തിലുപയോഗിക്കുകയാണ് സുപ്രീംകോടതിയിലെ ബന്ധപ്പെട്ട ന്യായാധിപന്മാര്‍ ചെയ്തത്. അമിതാധികാരത്തിന്റെ ദിവാസ്വപ്‌നത്തിലായ സുപ്രീംകോടതി രാഷ്‌ട്രപതിയുടെ പക്കലുള്ള ബില്ലുകളില്‍ പോലും അനുമതി നല്‍കുന്നതിന് ഉത്തരവിടാന്‍ മന്‍ഡാമസ് കല്‍പ്പനയിലൂടെ അധികാരമുണ്ടെന്നാണ് വിധിന്യായത്തിലെ 434-ാം ഖണ്ഡികയുടെ അവസാനഭാഗത്ത് തീരുമാനിച്ചിട്ടുള്ളത്. ഭാരതത്തിലെ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും ചേരുന്ന ഇലക്ടറല്‍ കോളേജില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുന്ന രാഷ്‌ട്രപതിയെ നിയന്ത്രിക്കാന്‍ അധികാരമുണ്ട് എന്ന് സുപ്രീം കോടതി ധരിച്ചിരിക്കുന്നു. ഇതിനെല്ലാമുപരി, സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധിപ്രകാരം നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ അനുമതി ഗവര്‍ണര്‍ നല്‍കിയില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കി മുന്നോട്ട് പോകാമെന്നും വിധിയില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു. പൊതുനിയമ വ്യവസ്ഥയുടെയും വിധിന്യായത്തിന്റെയും കാതലായ ദാര്‍ശനികത സുപ്രീംകോടതി ഇവിടെ ലംഘിച്ചു എന്നതാണ് വിചിത്രം. വിധിന്യായത്തിന്റെ ദാര്‍ശനികതയും അന്തിമ ലക്ഷ്യവും വിധി നടത്തിപ്പാണ്. നേരത്തെ പ്രതിപാദിച്ച പ്രകാരം രാഷ്‌ട്രപതിക്കെതിരെ മന്‍ഡാമസ് കല്‍പ്പന പുറപ്പെടുവിക്കുകയും അത് രാഷ്‌ട്രപതി അനുസരിക്കാതിരിക്കുകയും ചെയ്താല്‍ സുപ്രീംകോടതിക്ക് എന്തു ചെയ്യാനാകും?.രാഷ്‌ട്രപതിയെ കോടതിയലക്ഷ്യത്തിന് തടവിലാക്കുന്നതിനോ ഇതര ശിക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനോ സുപ്രീംകോടതിക്ക് സാധിക്കുമോ?.
ഭരണഘടനയിന്മേലും പാര്‍ലമെന്റിന്റെ പരമാധികാരത്തിന്‍മേലും കടന്നു കയറ്റം നടത്തുന്ന ഈ വിധി ഇന്ത്യന്‍ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായതാണ്. ഭരണഘടനയുടെ കാവല്‍ നായ (Watch dog) യായി കണക്കാക്കപ്പെടുന്ന സുപ്രീംകോടതി ഭരണഘടനയെ കടിച്ച് കീറുന്ന കാഴ്ചയാണ് കണ്ടത്. ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും ആക്രമിക്കപ്പെട്ടു എന്നതിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കപ്പെട്ടു എന്നതിലും സംശയവുമില്ല. സുപ്രീംകോടതി എന്ന ഭരണഘടനാസ്ഥാപനം ഈ വിധി സ്വമേധയാ പുനഃപരിശോധിക്കാനും അതിനായി ഒരു ഭരണഘടനാബഞ്ച് രൂപീകരിക്കാനും തയ്യാറാകുക എന്നതാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴി. തമിഴ്‌നാട് സംസ്ഥാനം ഭരിക്കുന്ന ഡിഎംകെയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് ദ്രാവിഡ രാജ്യം സ്ഥാപിക്കുക എന്നത്. ഈ ആശയം തന്നെ ഭാരതത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും എതിരാണ്. ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ നല്‍കിയ തമിഴ്‌നാട് സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ നവോദയ സ്‌കൂള്‍ തമിഴ്‌നാട്ടില്‍ സ്ഥാപിക്കാന്‍ അനുവദിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ കറന്‍സിയുടെ ചിഹ്നം തമിഴ്‌നാട്ടില്‍ ഉപയോഗിക്കില്ല എന്ന് പ്രഖ്യാപിച്ചത് അടുത്തകാലത്താണ്. അങ്ങനെയുള്ള ഒരു സംസ്ഥാന സര്‍ക്കാരിന്, ബില്ലുകള്‍ പാസാക്കി ഗവര്‍ണറുടെ അനുമതി കൂടാതെ നിയമമാക്കാനുള്ള കുറക്കുവഴി സ്ഥാപിച്ചുകൊടുക്കുക വഴി തമിഴ്‌നാട് സര്‍ക്കാരിന്റെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത് എന്ന് സംശയിച്ചാല്‍ തെറ്റു പറയാനാവില്ല.
മതിയായ വിചിന്തനമോ നിയമ തത്വങ്ങളുടെ അടിസ്ഥാനപരമായ വിശകലനമോ ഇല്ലാതെ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ അത് ചെയ്യുന്ന ന്യായാധിപര്‍ മാത്രമല്ല അപഹാസ്യരാകുന്നത് മറിച്ച് സുപ്രീംകോടതി എന്ന ഭരണഘടനാ സ്ഥാപനവും നിയമലോകം തന്നെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക