India

പഹല്‍ഗാം: മതപരമായ പ്രകോപനമുണ്ടാക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന് ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ കേസ്

Published by

ലഖ്നൗ: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മതപരമായ പ്രകോപമുണ്ടാക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന് ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ ലഖ്നൗ പോലീസ് കേസെടുത്തു. അതേസമയം തനിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തുകൊണ്ട് ‘യഥാര്‍ത്ഥ പ്രശ്നങ്ങളില്‍’ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നേഹ സിംഗ് ആരോപിച്ചു.
‘പഹല്‍ഗാം ആക്രമണത്തില്‍ സര്‍ക്കാര്‍ ഇതുവരെ എന്താണ് ചെയ്തത്? നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ പോയി തീവ്രവാദികളുടെ തല കൊണ്ടുവരൂ. നിങ്ങളുടെ പരാജയങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്തേണ്ടതില്ല.. എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ പറഞ്ഞു.
ബിഎന്‍എസ് പ്രകാരം വിഭാഗീയ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുക, പൊതു സമാധാനം തകര്‍ക്കുക, പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കുക എന്നിവ ഉള്‍പ്പെടുത്തിയാണ് കേസ്. വിവരസാങ്കേതിക വിദ്യാ നിയമപ്രകാരവും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
നേഹ സിംഗ് തന്റെ എകസ്് ഹാന്‍ഡില്‍ ഉപയോഗിച്ച് അഖണ്ഡതയെ ബാധിക്കുന്ന ആക്ഷേപകരമായ പോസ്റ്റുകള്‍ ഇടുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമുദായത്തെ മറ്റൊരു സമൂഹത്തിനെതിരെ തിരിക്കാന്‍ പ്രേരിപ്പിച്ചുവെന്നും പരാതിക്കാരനായ അഭയ് പ്രതാപ് സിംഗ് എന്നയാള്‍ ആരോപിക്കുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക