ന്യൂദല്‍ഹി: സ്വര്‍ണ്ണം വാങ്ങാന്‍ ശുഭദിനമായി ഭാരതീയര്‍ കണക്കാക്കുന്ന അക്ഷയതൃതീയ ദിവസമായിരുന്നു ഏപ്രില്‍ 30 ബുധനാഴ്ച. എന്നാല്‍ ഇക്കുറി അക്ഷയതൃതീയ ഭാരതീയര്‍ക്ക് മാത്രമല്ല, രാജ്യത്തെ സമ്പദ്ഘടനയെ നിരീക്ഷിക്കുന്ന, നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്കിനും ഈ അക്ഷയതൃതീയ സ്വര്‍ണ്ണം വാങ്ങിക്കൂട്ടാനുള്ള മംഗളദിനമായി മാറി. ഇപ്പോള്‍ ഇന്ത്യയുടെ പക്കല്‍ ഉള്ള ആകെ സ്വര്‍ണ്ണം 876.2 ടണ്‍ സ്വര്‍ണ്ണം ഉണ്ട്.
കാരണം ലോകം ഇതുവരെ സുസ്ഥിരമെന്ന് കരുതിയിരുന്ന അമേരിക്കന്‍ ഡോളര്‍ ആടിയുലയുന്നതോടെ നിക്ഷേപം സൂക്ഷിച്ചുവെയ്‌ക്കാനുള്ള ഏറ്റവും നല്ല കാര്യം സ്വര്‍ണ്ണം വാങ്ങിക്കൂട്ടലായി മാറിയിരിക്കുകയാണ്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വരണ്ണം കരുതലായി സൂക്ഷിക്കുന്ന ഏഴാമത്തെ രാജ്യമാണ് ഇന്ത്യ. കോവിഡ് മഹാമാരിയും ഉക്രൈന്‍-റഷ്യ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം എന്നിവയും ചേര്‍ന്ന് അമേരിക്കന്‍ ഡോളറിന്റെ സുരക്ഷിത സ്വത്ത് എന്ന സ്ഥാനം തെറിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല സമയങ്ങളില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുകയാണ്.
ഇതിനിടെ യുഎസ് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ തുടങ്ങിവെച്ച ചുങ്കപ്പോര് വീണ്ടും ഡോളറിനെ അടിതെറ്റിച്ചു. ഇതോടെ ഈ അടുത്തനാളുകളിലായി ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സ്വര്‍ണ്ണം വാരിക്കൂട്ടുകയാണ്.
2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള സാമ്പത്തികവര്‍ഷത്തില്‍ മാത്രം റിസര്‍വ്വ് ബാങ്ക് വാങ്ങിയത് 57.5 ടണ്‍ സ്വര‍്ണ്ണമാണ്. 2017 ഡിസംബറിന് ശേഷം ഇന്ത്യ ഏറ്റവുമധികം സ്വര്‍ണ്ണം വാങ്ങിയ വര്‍ഷമാണിത്.
ഇന്ന് അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായ ഇന്ത്യ ലോകത്ത് ഏറ്റവുമധികം സ്വര്‍ണ്ണം സൂക്ഷിക്കുന്ന ഏഴാമത്തെ രാജ്യമാണ്. 2015ല്‍ ഇന്ത്യ സ്വര്‍ണ്ണശേഖരത്തിന്റെ കാര്യത്തില്‍ ലോകത്തിലെ പത്താമത്തെ രാജ്യം മാത്രമാണ്. ഇപ്പോള്‍ യുഎസ്, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ചൈന, സ്വിറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ മുന്‍പിലുള്ളത്. അമേരിക്കയുടെ കൈവശമുള്ളത് 8133 ടണ്‍ സ്വര്‍ണ്ണമാണ്. ജര്‍മ്മനി 3351 ടണ്ണും ഇറ്റലി 2451 ടണ്ണും ഫ്രാന്‍സ് 2437 ടണ്ണും ചൈന 2279 ടണ്ണും സ്വിറ്റ് സര്‍ലാന്‍റ് 1039 ടണ്‍ സ്വര്‍ണ്ണവും കരുതലായി സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: