കൊച്ചി: കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി നീരാഞ്ജനത്തില്‍ എന്‍. രാമചന്ദ്രന്റെ ഭവനം കേന്ദ്ര പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദ് എന്നിവരെ ആശ്വസിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്കാണ് അദ്ദേഹം പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയത്.
സംഭവത്തിന് ദൃക്‌സാക്ഷിയായ ആരതിയോടും ഇവരുടെ ഇരട്ടക്കുട്ടികളോടും കേന്ദ്രമന്ത്രി വിശദമായി കാര്യങ്ങള്‍ തിരക്കി. പഹല്‍ഗാമില്‍ സംഭവിച്ച വിവരങ്ങള്‍ ചോദിച്ചറിയുകയും ആക്രമണത്തെ അപലപിച്ച ശേഷം കുടുംബത്തിന് ഉണ്ടായ നഷ്ടത്തിന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ക്ഷമാപണവും അദ്ദേഹം നടത്തി. വീട്ടിലെ എല്ലാവരുടേയും വിവരങ്ങള്‍ ചോദിച്ചറിയുകയും സ്ഥലത്തുണ്ടായിരുന്നവരുമായി സംസാരിക്കുകയും ചെയ്തു. ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി തന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ളവ അദ്ദേഹം കുടുംബത്തിന് കൈമാറി. എല്ലാസഹായവുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അറിയിച്ച ശേഷമാണ് മടങ്ങിയത്.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്‌കുമാര്‍, ജില്ലാ സെക്രട്ടറി ഡോ. ജലജ ആചാര്യ, ജില്ലാ ട്രഷറര്‍ പ്രസ്റ്റി പ്രസന്നന്‍ എന്നിവര്‍ കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: